തിരുവനന്തപുരം: തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണത്തില്‍ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാർ ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലാക്കാൻ കഴിഞ്ഞു
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്ത മായെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്.
![]()
