ഉണ്ണൂണ്ണി ഷിബു
മാധ്യമ പ്രവർത്തകൻ -കേരള ജേർണലിസ്റ്റ് യൂണിയൻ മെമ്പർ
ഒന്നാമതേ നേരിട്ട് ഒരു വിമാനം പോലുമില്ല തിരുവനന്തപുരത്തേക്ക് പോയി വരാനായി റിയാദിലെ മലയാളി പ്രവാസിക്ക്. ആശ്രയിക്കാനുള്ളതോ വില കൂടുതൽ കൊടുത്ത് 5 മണിക്കൂറിനു പകരം 8 മുതൽ 12 മണിക്കൂറിൽ കുറയാതെയുള്ള പലവഴി യാത്രകളുള്ള സർവ്വീസുകൾ മാത്രം. അതും മറ്റ് ഇടത്താവളങ്ങളിൽ ഇറങ്ങി മണിക്കൂറുകൾ കാത്തിരുന്ന് വീണ്ടും കയറി പിന്നെയും തുടരേണ്ടുന്ന യാത്ര സമ്മാനിക്കുന്ന കണക്ടിങ് സർവ്വീസുകളാണ് തിരുവനന്തപുരത്തേക്കുളളത്. നേരിട്ട് പറക്കുമെങ്കിൽ കേവലം 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്നതിന് പകരമാണ് ഒരു പകുതി ദിനത്തോളം വേണ്ടി വരുന്നതത്രേ. അതിൻറെ കൂടെയാണ് കൂനിൻ മേൽ കുരുപോലെ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്ഫീയുടെ ആധിക ഭാരവും ചുമലിലേക്ക് വന്നിരിക്കുന്നത്. ഏറെ അമർഷത്തോടെയും അതിലേറെ നിരാശയും സങ്കടവുമാണ് തിരുവനന്തപുരത്തിനെ ആശ്രയിക്കുന്ന പ്രവാസികൾക്ക് അപ്പാടെ പങ്കുവെക്കാനുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർദ്ധിപ്പിച്ച നടപടിയ്ക്കെതിരെ സൌദിയിലെ മലയാളി പ്രവാസികൾ വ്യാപകമായ പ്രതിഷേധത്തിലാണ്. വിവിധ പ്രവാസി സംഘടനകൾ വളരെ ശക്തമായാണ് പ്രതിഷേധം അറിയിച്ചത്. മുഖ്യധാര സംഘടനകളായ കെഎംസിസി, നവോദയ,ഒഎസിസി,കേളി,നവയുഗം,പ്രവാസി വെൽഫെയർ, വിവിധ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനകളും യൂസേഴ്സ് ഫീ വർദ്ധനക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
കുടുംബമായി യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക ഭാരം കൂടും.
വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് പുതുതായി ഏർപ്പെടുത്തിയ യൂസേഴ്ഫീ വർദ്ധന ജൂലൈ 1 മുതൽ അടുത്ത വർഷം മാർച്ച് വരെയാണ് ആദ്യം പ്രാബല്യത്തിലായിരിക്കുന്നത്. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയുമാണ് നൽകേണ്ടത്. 2025മുതൽ 26 വരെയുള്ള അടുത്ത ഒരു വർഷത്തെ നിരക്ക് പുറപ്പെടുന്നവർക്കായി 1680 രൂപയും വരുന്നവർ 720 ആണ് നൽകേണ്ടത്. 2026-27 എത്തുമ്പോൾ 1820 രൂപ പുറപ്പെടുന്നവരും 780 രൂപ ഇവിടെ ഇറങ്ങുന്നവരും നൽകണം. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ 770 രൂപയും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രം 840 രൂപ, 910 രൂപ എന്ന കണക്കിലും നൽകേണ്ടതായിട്ടുണ്ട്. ഇവിടേക്ക് വന്നിറങ്ങുന്നവർക്ക് ജൂലൈ മുതൽ 1 മുതൽ 330 രൂപയും പിന്നീടുള്ള വർഷങ്ങളിൽ 360, 390 രൂപയുമായി വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജ്ജും ഇതൊടൊപ്പം വർദ്ധിപ്പിച്ചു.2,200 രൂപ വിമാനകമ്പനികൾക്ക് ഇന്ധന സർചാർജ്ജും എർപ്പെടുത്തിയിട്ടുണ്ട്. ഈ ചിലവുകളൊക്കെ മുതലാക്കാനും വസൂലാക്കാനും വിമാനക്കമ്പനികൾ സ്വീകരിച്ചേക്കാവുന്ന വഴിയെന്തായാലും അതിന്റെയും ഭാരം ചുമലിലേക്ക് തന്നെ വന്നു ചേരുമെന്ന ആശങ്കപ്പെടുകയാണ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരായ പ്രവാസികൾ.
പുതിയ സന്ദർശക, ടൂറിസ്റ്റ്,ബിസിനസ്, ഉംറ വീസകൾ നൽകുന്നത് ഉദാരമാക്കിയതോടെ ഒട്ടനവധി പ്രവാസി മലയാളികളാണ് സൌദിയിലേക്ക് കുടുംബത്തെ എത്തിക്കുന്നത്. സ്കൂൾ മധ്യവേനൽ അവധി തുടങ്ങുന്നതോടെ നാട്ടിലേക്ക് കുട്ടികളും കുടുംബവുമായി പോകുന്നവർക്കും ഇനി അധിക തുക നൽകേണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. മധ്യവേനലവധി സീസൺ കണക്കാക്കി പതിവ് പോലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് വലിയ വർദ്ധനവാണ് നിലവിൽ വരുത്തിയിരിക്കുന്നത്. വർദ്ധിപ്പിച്ച യൂസർ ഫീ കൂടി ചേർക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഇനിയും മുകളിലേക്കു തന്നെയാവും. സാധാരാണ ടിക്കറ്റ് വാങ്ങുമ്പോൾ യൂസേഴ്സ് ഫീ ഉൾപ്പെടെയാണ് നിരക്ക് വാങ്ങാറുള്ളതെങ്കിലും പുതിയ സാഹചര്യത്തിൽ ടിക്കറ്റ് വില എത്രയാകുമെന്നത് പ്രവചനാതീതമാവും.
നിലവിൽ തിരുവനന്തപുരത്തു നിന്നും റിയാദിലേക്ക് പോയി വരുന്നതിന് നേരിട്ടുള്ള ഒരു വിമാനം പോലുമില്ല. പിന്നെയുള്ളത് വില കൂടുതൽ കൊടുത്ത് 5 മണിക്കൂറിനു പകരം 8 മുതൽ 12 മണിക്കൂറിൽ കുറയാതെയുള്ള പലവഴി യാത്രകളുള്ള സർവ്വീസുകൾ മാത്രമാണുള്ളത്. മറ്റ് ഇടത്താവളങ്ങളിൽ ഇറങ്ങി മണിക്കൂറുകൾ കാത്തിരുന്ന് വീണ്ടും കയറി പിന്നെയും തുടരേണ്ടുന്ന യാത്ര സമ്മാനിക്കുന്ന കണക്ടിങ് സർവ്വീസുകളാണ് ആശ്രയമുള്ളു. തിരുവനന്തപുരത്തു നിന്നുമുള്ളത്. ഷാർജ, ദുബായി, അബുദാബി മസ്കത്ത്, ബഹ്റൈൻ, കുവൈത്ത്.ഖത്തർ എന്നിവിടങ്ങളിൽ ഇറങ്ങി വേണം റിയാദിലേക്ക് പോകുവാനും തിരികെ മടങ്ങുവാനും. നേരിട്ട് പറക്കുമെങ്കിൽ കേവലം 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്നതിന് പകരമാണ് ഒരു പകുതി ദിനത്തോളം യാത്ര വേണ്ടി വരുന്നതത്രേ. അതിൻറെ കൂടെയാണ് കൂനിൻ മേൽ കുരുപോലെ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്ഫീയുടെ അധിക ഭാരവും ചുമലിലേക്ക് വന്നിരിക്കുന്നത്.
യാത്രക്ലേശം കുറയ്ക്കാൻ തിരുവനന്തപുരം- റിയാദ് നേരിട്ടുള്ള സർവ്വീസ് പുനരാരംഭിക്കണം.
ശരാശരി വരുമാനക്കാരായ സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിലവ് കുറഞ്ഞ ബജറ്റ്എയർലൈനുകളാണ് ആശ്രയം. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബത്തെ എത്തിക്കാനായി വലിയ തുകയാണ് ടിക്കറ്റിനത്തിൽ സീസണിൽ ബജറ്റ് എയർ ലൈനുകൾക്കുപോലും നൽകേണ്ടിവരുന്നത്. ഭക്ഷണവും പാനീയവുമൊക്കെ വലിയ തുക നൽകിയാലെ ഇത്തരം ഒട്ടുമിക്ക വിമാനങ്ങളിലും വാങ്ങാനും കഴിയു. തിരുവനന്തപുരത്തു നിന്നും അതിരാവിലെ പുറപ്പെടുന്ന ശ്രീലങ്കവഴിയുള്ള എയർലൈൻസ് 8 മണിക്കൂറിലേറെ കഴിഞ്ഞ് വൈകിട്ടോടെ മാത്രമാണ് ശ്രീലങ്കയിൽ നിന്നും റിയാദിലേക്കുള്ള യാത്ര പുനരാരംഭിക്കു. കുടുംബ സമേതം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത്രയും സമയം മുഴുവൻ വിമാനത്താവളത്തിനകത്തു കഴിയുന്നതോടൊപ്പം ഭക്ഷണമടക്കമുളളവയ്ക്കായി നല്ലൊരു തുക മാറ്റിവെക്കേണ്ടിയും വരുന്നുണ്ട്. ഒരു സാധാരണ പ്രവാസി കുടുംബമായി യാത്ര ചെയ്യുമ്പോൾ കണ്ടേത്തേണ്ടി വരുന്ന ധനനഷ്ടവും സമയനഷ്ടവും കൂടാതെയാണ് യൂസേഴ്സ്ഫീയായി നല്ലൊരു തുകയും ഒടുക്കേണ്ടി വരുന്നത്. യൂസേഴ്സ് ഫീ ഇനത്തിൽ വർദ്ധിപ്പിച്ച തുകയുണ്ടെങ്കിൽ ഇടത്താവളത്തിലെ ഭക്ഷണചിലവിനായി ആ തുക മതിയാവുമായിരുന്നുവെന്നാണ് തിരുവനന്തപുരം വിമാനത്താവളം വഴി പോവുന്ന പ്രവാസികൾക്ക് പറയാനുള്ളത്.
റിയാദ് – തിരുവനന്തപുരം നേരിട്ട് വിമാനം വരുമോ ഇല്ലയോ ..ഇപ്പം ശരിയാക്കി തരാമെ… ഓരോ വട്ടവുമെത്തുന്ന നേതാക്കൾ തരുന്നത് വെറും മോഹന വാഗ്ദാനം മാത്രം

കേരളത്തിന്റെ തെക്കൻ ഭാഗത്തുള്ള ആലപ്പുഴ ജില്ലയുടെ പകുതിയിലേറെ ഭാഗം, പത്തനംതിട്ട,കൊല്ലം, ജില്ലകൾക്കു പുറമേ തമിഴ്നാടിന്റെ തെക്കൻ ഭാഗത്തെ മധുര, ചെങ്കോട്ട,തൂത്തുക്കുടി,തിരുനൽവേലി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ഏക ഏളുപ്പ ആശ്രയ മാർഗ്ഗമാണ് സംസ്ഥാന തലസ്ഥാനത്തെ തിരുവനന്തപുരം വിമാനത്താവളം.
നേരിട്ട് സർവ്വീസ് ഇല്ലാത്തതിനാൽ രോഗികളും ഗർഭിണികളും പ്രായമായവരും,ശാരീരിക ബുദ്ധിമുട്ടുളളവരും കൊച്ചുകുട്ടികളുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്. അടിയന്തിര ചികിത്സയ്ക്കോ മറ്റോ പോകേണ്ടി വരുന്നവർക്കും, കിടപ്പുരോഗികളായവർക്കും മറ്റു മാർഗ്ഗമില്ല. തിരുവനന്തപുരം ഭാഗത്തേക്ക് മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹം എത്തിക്കുന്നതിനാണ് മറ്റൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. മരണം പോലയുള്ള മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തേണ്ടുന്നവർക്കും വളരെ ചുരുങ്ങിയ ദിവസത്തെ അവധിക്കായി പോകേണ്ടുന്നവർക്കും വേറെ വഴിയില്ല.
ഏക ആശ്രയമായിരുന്ന എയർ ഇന്ത്യയും നേരിട്ട് തിരുവനന്തപുരത്തേക്കുള്ള സർവ്വീസ് അവസാനിപ്പിച്ചിട്ട് ഇപ്പോൾ കാലം കുറെയായി. റിയാദിലേക്ക് വിവിധ പരിപാടികളിൽ അതിഥികളായും മറ്റും എത്താറുള്ള കേന്ദ്ര സംസ്ഥാനമന്ത്രിമാരോടും, എം.പിമാരോടും, ജനപ്രതിനിധികളോടും നേതാക്കൻമാരോടും പ്രവാസി സംഘടനകളും പ്രവാസി രാഷ്ട്രീയ നേതാക്കളുമൊക്കെ ഈ വിഷയം പലവട്ടം ഉന്നയിച്ചുകഴിഞ്ഞു.
ഇപ്പോ ശരിയാക്കാം എന്ന സിനിമാനടൻ പപ്പുവിന്റെ പ്രസിദ്ധമായ വെള്ളാനകളുടെ നാട് സിനിമയിലെ ഡയലോഗ് പോലെ മറുപടി മാത്രമാണ് നാളിതു വരെയായി ലഭിച്ചിട്ടുള്ളതെന്നും നടപടിയായിട്ടില്ലെന്നുമാണ് പ്രവാസി സംഘടനാ നേതാക്കളും സംഘടനകളുമൊക്കെ പറയുന്നത്.
നാളിതുവരെയായി അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനു പകരം യൂസേഴ്ഫീ വർദ്ധനവിലൂടെ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർദ്ധനയാണ് പകരം ലഭിച്ചതെന്നും പ്രവാസി സംഘടനാ നേതാക്കളും സംഘടനകളുമൊക്കെ കുറ്റപ്പെടുത്തി.
2021 ഒക്ടോബറിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന വിമാന ഗതാഗതം 100 ആയി ഇരട്ടിയായി. 2022-23ൽ 3.2 ദശലക്ഷത്തിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 4.4 ദശലക്ഷമായി ഉയർന്നതായും അടുത്ത വർഷത്തോടെ ഇത് 5 ദശലക്ഷമായി ഉയർത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും വിമാനത്താവള വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ വർദ്ധനവില്ല.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ, കൊച്ചിയാണ് ഏറ്റവും കുറവ് യൂസേഴ്സ് ഡവലപ്പ്മെന്റ് ഫീ (യു ഡി എഫ്) ഈടാക്കുന്നത്.രാജ്യാന്തര, ആഭ്യന്തര മേഖലകൾക്ക് യഥാക്രമം 570 രൂപയും 270 രൂപയുമാണ്. ആറ് മാസം മുമ്പ് കൊച്ചി വിമാനത്താവളത്തിൽ യുഡിഎഫ്. നേരത്തെ രാജ്യാന്തര യാത്രക്കാർക്ക് 400 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 180 രൂപയുമായിരുന്നു.
പൊതു സ്വകാര്യ പങ്കാളിത്തതോടെ പ്രവർത്തിക്കുന്ന കണ്ണൂർ വിമാനത്താവളമാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് യുസേഴ്സ് ഫീസായി രാജ്യാന്തരത്തിന് 1,680 രൂപയും ആഭ്യന്തര മേഖലകൾക്ക് 750 രൂപയുമാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യാന്തര യാത്രയ്ക്ക് 720 രൂപയും ആഭ്യന്തര യാത്രയ്ക്ക് 430 രൂപയുമാണ് യൂസേഴ്സ് ഫീ വാങ്ങുന്നത്.
കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദൂരമടക്കം വിവിധ കാരണങ്ങളാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വിമാനനിരക്ക് ഇതിനകം ഉയർന്നതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു. യൂസർ ഡെവലപ്പ്മെന്റ് ഫണ്ട് (യു ഡി എഫ്) ലെ വർധന തലസ്ഥാന നഗരത്തിൽ നിന്നുള്ള വിമാനക്കൂലിയിൽ പ്രതിഫലിക്കുമെന്നും മികച്ച കണക്റ്റിവിറ്റിയും സേവനങ്ങളുമുള്ള കൊച്ചി വിമാനത്താവളത്തിന് ഇത് ഗുണം ചെയ്യുമെന്നും തിരുവനന്തപുരം ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർ പറഞ്ഞു.
2024 ജൂലൈ 1 മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യൂസർ ഡെവലപ്മെന്റ് ഫീ വർധിപ്പിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അനുമതി നൽകിയതോടെ, ഈ നീക്കം ന്യായരഹിതമാണെന്നും വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഇത് പ്രതികൂലമായി ബാധിക്കുമെന്നും തിരുവനന്തപുരം എം.പി. ശശി തരൂർ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിഷയത്തിൽ അനുകൂലമായി ഇടപെടണമെന്നാവശ്യപ്പെടാൻ പ്രതീക്ഷയോടെ ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ.

![]()
