ബ്രിഡ്ജ്ടൗണ്‍:ടി20 ലോകകപ്പ് ഫൈനലിൽ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും സെമിഫൈനലിൽ കളിച്ച അതേ ടീമിനെ തന്നെ നിലനിർത്തി. സഞ്ജു സാംസണിനു ഈ കളിയിലും അവസരം ലഭിച്ചില്ല .
ഇരു ടീമും തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയവരാണ്. അതുകൊണ്ടുതന്നെ പോരാട്ടം ശക്തമാവുമെന്നുറപ്പാണ്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യം വെക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കന്നി ടി20 ലോകകപ്പ് കളിക്കാനാണിറങ്ങുന്നത്.
രോഹിത് ശര്‍മയുടേയും എയ്ഡന്‍ മാര്‍ക്രത്തിന്റേയും ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഫൈനലില്‍ നിര്‍ണ്ണായകമാവും.
ഇന്ത്യ ഇംഗ്ലണ്ടിനെ സെമിയില്‍ വീഴ്ത്തി എത്തിയപ്പോള്‍ കിവീസിനേയും ഓസീസിനേയും അട്ടിമറിച്ച് ഞെട്ടിച്ച അഫ്ഗാനെ നിഷ്പ്രഭമാക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തിയത്.
ടി20യില്‍ മികച്ച റെക്കോഡുള്ള ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, ഹെന് റിച്ച് ക്ലാസന് എന്നിവരെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരുന്നു. തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്‍ ആക്രമണവും കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, മാര്‍ക്കോ യാന്സന് എന്നിവരുടെ പേസ് ആക്രമണവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം.
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ട്യ എന്നിവരുടെ ബാറ്റിങ് കരുത്തിലും ബൗളർമാരുടെ കരുത്തിലും ആണ് ഇന്ത്യ ഫൈനൽ വരെ എത്തിയത് .വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരെല്ലാം ഫോമിലാകേണ്ടിയിരിക്കുന്നു.. ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. ബാർബഡോസിൽ രോഹിത് ശർമ്മ കപ്പ് ഉയർത്തുമെന്ന പൂർണ്ണ പ്രതീക്ഷയോടെ ആണ് ഇന്ത്യൻ ജനത.
![]()
