ന്യൂഡൽഹി : നീറ്റ് ,യുജിസി നെറ്റ് തുടങ്ങിയ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം രൂപപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. മുന്‍ ഐ എസ് ആർ ഒ ചെയര്മാന് കെ രാധാകൃഷ്ണന് അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത്.ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷ നടത്തിപ്പിലെ പരിഷ്കരണം ,ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോള്‍ മെച്ചപ്പെടുത്തല്‍ ,എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനവും തുടങ്ങിയ കാര്യങ്ങളിലാണ് സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗലേറിയ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വി സി പ്രൊഫ ബി ജി റാവു, ഐ ഐ ടി മദ്രാസ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രെഫസര്‍ രാമമൂര്‍ത്തി, കര്‍മയോഗി ഭാരത് സഹസ്ഥാപകന്‍ പങ്കജ് ബന്‍സാല്‍, ഐ ഐ ടി ഡല്‍ഹി സ്റ്റുഡന്റ് ഡീന്‍ പ്രൊഫ ആദിത്യ മിത്തല്‍, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
![]()
