റിയാദ് :യാത്രക്കാരെ വലക്കുന്ന എയർ ഇന്ത്യയുടെ സ്ഥിരം പരിപാടി തുടരുന്നു.കോഴിക്കോട് നിന്ന് റിയാദിലെത്താൻ ഈ കഴിഞ്ഞ ആഴ്ച എടുത്തത് 33 മണിക്കൂർ. കേട്ടവർ കേട്ടവർ എയർ ഇന്ത്യ ആയത് കൊണ്ട് ആ ഒരു ലാഘവത്തോടെയാണ് കണ്ടത്. പക്ഷെ റിയാദിലെ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായ നൗഫൽ പാലക്കാടൻ തന്റെ യാത്ര ദുരിതം ഫേസ്ബുക്കിൽ തുറന്നെഴുതി. ഫേസ്ബുക് കുറുപ്പിന്റെ പൂർണ്ണ രൂപം
ജൂൺ 7 ന് ശനിയാഴ്ച രാത്രി 8.25 ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പറക്കേണ്ട IX-321 വിമാനത്തിൽ യാത്ര ചെയ്യാൻ 6.30 നെത്തി സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി ലോഞ്ചിൽ കാത്തിരിപ്പാണ്.
ഓൺ ടൈം ആണെന്ന് 8.25 വരെ സ്ക്രീനിൽ തെളിഞ്ഞു കൊണ്ടിരിന്നു.പിന്നെ “ഡിലൈഡ്”എന്ന് സ്റ്റാറ്റസ് മാറി.അല്പം കഴിഞ്ഞു നോക്കിയപ്പോ ബർമുഡ ട്രയാങ്കിളിൽ പെട്ട വിമാനം പോലെയായി, വിമാന വിവരം സ്ക്രീനിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷം.
ലോഞ്ചിന് പുറത്തിറങ്ങി നോക്കി, യാത്രക്കാരെല്ലാം ചെറുകൂട്ടങ്ങളായി നിപ്പുണ്ട്. എല്ലാവരും അസ്വസ്ഥരാണ്. ഒരു കൂട്ടം എയർ ഇന്ത്യ ജീവനക്കാരെ വട്ടം പിടിച്ചിട്ടുണ്ട്. അവരാരും കൃത്യമായി പ്രതികരിക്കുന്നില്ല. “ടെക്നികൾ ഇഷ്യൂ” എന്ന സ്ഥിരം തരികിട പറയുന്നുണ്ട്, കൂടെ ഉടൻ പുറപ്പെടുമെന്ന മധുരവും.
സമയം 10 ആയി 11 ആയി ഇങ്ങനെ നീളുന്നു. ഇപ്പൊ ശെര്യാകുന്ന് കുതിരവട്ടം പപ്പുവിനെ പോലെ അവർ പറഞ്ഞു കൊണ്ടിരുന്നു.
യാത്രക്കാരുടെ ചെറു സംഘങ്ങൾ ഒന്നിച്ചു ചേർന്ന് തുടങ്ങി.എയർ ഇന്ത്യയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ ഒരാൾക്ക് പിറകെ ഒരാളായി ഒഴുക്കി വിടുകയാണ്.
രോഗി മരിച്ചു എന്ന് ഒറ്റയടിക്ക് പറയില്ല, കൂടുതലാണ്,ബുദ്ധിമുട്ടാണ്,നോക്കാം,പ്രാർത്ഥിക്കുക എന്നൊക്കെയാണ് ആദ്യം പറയുക പിന്നെ സോറി എന്ന് പറഞ്ഞു അവസാനിപ്പിക്കലാണ് അതന്നെ ഇതും കഥ ഈ വീമാനം പൊന്തൂല മക്കളെ വീട്ടി പോകാൻ നോക്കി കൂട്ടത്തിലൊരു കാക്ക പറഞ്ഞു.
അപ്പോഴേക്കും സമയം 12. എയർ ഇന്ത്യ ജീവനക്കാരെന്ന് പറഞ്ഞു 2 പേരെത്തി. വിമാനം ക്യാൻസൽ ആണെന്നും പണം റീഫണ്ട് നൽകുകയോ അടുത്ത ദിവസത്തേക്ക് മാറ്റി നൽകുകയോ ചെയ്യാമെന്ന് ലാഘവത്തോടെ പറഞ്ഞു.
അരിശം പെരുകി കൂട്ടത്തിൽ ചിലരുടെ മെല്ലെ ഒച്ച പൊങ്ങി തുടങ്ങി,അതിൽ കണ്ണൂരിൽ നിന്നുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു. നാളെ വരെ എവിടെ തങ്ങുമെന്നും ഹോട്ടൽ ഉൾപ്പടെയുള്ള പ്രാഥമിക സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അതൊന്നും നടക്കില്ല എന്ന മട്ടിലായി വിമാന കമ്പനിയുടെ പ്രതിനിധകൾ. അത് പറഞ്ഞത് ഓർമ്മയുണ്ട് പിന്നെ കൂട്ട ബഹളം.
അതോടെ ദൂരെ നിന്ന് വന്നവർക്ക് തങ്ങാൻ സൗകര്യം ഏർപ്പാടാക്കാമെന്നാക്കി. അപ്പോഴേക്കും യാത്രക്കാരിൽ ചിലർ ഗൂഗിളിൽ കുത്തി ഫ്ലൈറ്റ് ക്യാൻസലായാലുള്ള വ്യോമയാന നിയമങ്ങൾ കണ്ടെത്തി പറഞ്ഞു തുടങ്ങി. അതോടെ കാറ്റ് പോയി.
എല്ലാവരെയും പരിഗണിക്കാമെന്നായി. അവരുടെ പരിഗണന കിട്ടാൻ പുലരുവോളം അവർ പിറകെ നടത്തുമെന്ന് അറിയുന്നത് കൊണ്ട് റീഫണ്ടിന് റിക്വസ്റ്റ് കൊടുത്ത് ഞാനവിടം വിട്ടു.അടുത്ത വിമാനത്തിന് ടിക്കറ്റെടുത്ത് ഖത്തറിലേക്ക് കയറി. ചുരുക്കി പറഞ്ഞാൽ കോഴിക്കോട് നിന്ന് റിയാദിലെത്തുമ്പോൾ മുപ്പത്തി മൂന്നര മണിക്കൂർ പിന്നിട്ടിരിക്കുന്നു.
എയർ ഇന്ത്യയിൽ ഇനി യാത്രയില്ല എന്ന് പറയുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. ഗതികെട്ടാലെ ഇനി അവരോടൊപ്പം യാത്രയൊള്ളു എന്ന് തീരുമാനിക്കാനെ ഇപ്പൊ പറ്റൂ..
പുതിയ വ്യോമയാന മന്ത്രി തെലുങ്ക് ദേശം പാർട്ടിയുടെതാണ്, റാം മോഹൻ നായിഡു. അദ്ദേഹത്തെ പ്രവാസികൾ അനുഭവിക്കുന്ന ഈ ദുരിതം മാസ് ക്യാമ്പയിനിലൂടെ അറിയിക്കേണ്ടതുണ്ട്. തുടക്കം ആയോണ്ട് ചെറു വിരലെങ്കിലും അനങ്ങും.
![]()
