കൊച്ചി :ഞാൻ എവിടേക്കും ഒളിച്ചോടില്ലന്നും
കുവൈത്തിലെ മാംഗെഫിലെ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും കുടുംബത്തിന് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും എൻ.ബി.ടി.സി ഡയറക്ടർ കെ.ജി.എബ്രഹാം പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഞാനാണ് കമ്പനിയുടെ ഉടമ. ഞാൻ തന്നെ കുവൈത്തിലേക്ക് പോകും. ഞാൻ ആശുപത്രിയിൽ ഒളിവിലായിരുന്നു എന്ന് വാർത്ത കണ്ടു. അപകട വിവരമറിഞ്ഞിട്ട് തല പെരുത്തുകയറിയ അവസ്ഥയിലായിരുന്നു ഞാൻ. ആരോഗ്യനില മോശമായത് കൊണ്ടാണ് ആശുപത്രിയിൽ പോയത്. കൂടെയുള്ളവരെ എനിക്ക് നഷ്ടപ്പെട്ടു, അതിലും വലുതല്ല ഒന്നും.
തീപിടിത്തത്തിൽ മരിച്ചവരുടെ നാലുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകും. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെയാണിത്.
തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാൻ. മരിച്ചവരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
![]()
