ശാന്തസുന്ദരമായ അസർബൈജാനിലേക്കായിരുന്നു ഇത്തവണത്തെ യാത്ര.
എല്ലാം കൂട്ടിയും കുറച്ചും ആകെ കയ്യിലുള്ളത് നാലുദിവസം, അതിൽ കൂടുതലൊന്നും അവിടെ ചിലവഴിക്കാനില്ലാത്തത് കൊണ്ടുതന്നെ ഞാനും കൂടെ രണ്ട് സഹയാത്രികരും അങ്ങോട്ട് തന്നെ തിരിക്കാൻ തയ്യാറായി. ഈ മഹനീയ വേളയിൽ ആ രണ്ടു മഹാന്മാരെയും ഇവിടെ പരിചയപെടുത്തുന്നു. ഒന്നാമൻ – റഷീദ് , രണ്ടാമൻ – ഷിറാസ്.പുലർച്ചെ നാലുമണിക്ക് ഹൈദ്രാലിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തി. മൊബൈലിൽ പുറത്തെ ശൈത്യത്തിൻറെ കാഠിന്യം നോക്കിയപ്പോൾ മൈനസ് മൂന്ന് ഡിഗ്രി, അതറിഞ്ഞപ്പോഴാണെന്ന് തോന്നുന്നു- ശരീരത്തിന് ഒന്നൂടെ തണുപ്പ് കൂടുതലായി അനുഭവപ്പെട്ട പോലൊരു തോന്നൽ. കോച്ചിപിടിച്ച തണുപ്പുമായി നേരെ വിമാനത്താവളത്തിന് പുറത്തേക്ക്.
തിരക്ക് പിടിച്ച യാത്ര ആയതിനാൽ അവിടെ ഒരു വണ്ടിയും ഡ്രൈവറെയും നേരത്തെ സജ്ജമാക്കിയിരുന്നു.തുറാൽ, അതായിരുന്നു ഡ്രൈവറുടെ പേര്. ചിരിക്കേണ്ട അവിടത്തെ എന്തോ വലിയ പേരാണ് അത്.നേരെ പോയത് ബ്രേക്ക്ഫസ്റ്റ് കഴിക്കാൻ – അതും പുലർച്ചെ അഞ്ചുമണിക്ക്. നോമ്പ്കാലത്ത് അത്താഴം പോലും കഴിക്കാത്ത റഷിക്കാനെയൊക്കെയാണ് ആ സമയത്ത് പ്രാതൽ കഴിക്കാൻ കൊണ്ടുപോയത്.ഹോട്ടലിൻറെ പേരാണെങ്കിലോ – അസ്സലാമുഅലൈക്കും, ഞാൻ തുറാലിനോട് പറഞ്ഞു ഇത്ര രാവിലെയൊന്നും ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല, നമുക്ക് മാമുക്കോയ പറഞ്ഞതുപോലെ വ അലൈക്കുമ്മസലാം എന്നുപറഞ്ഞു പോകാമെന്ന്. പിന്നെ മൂപ്പരുടെ നിർബന്ധത്തിന് ചെറുതായി എന്തൊക്കയോ കഴിച്ച് അവിടുന്ന് യാത്ര പുറപ്പെട്ടു.
യാത്രയിലെ ഓരോകാര്യങ്ങൾ വിവരിച്ചാൽ എഴുത്തിന് നീളം കൂടിപോകും, നമ്മുക്ക് പെട്ടന്ന് കാര്യത്തിലേക്ക് കടക്കാം എന്ന് നോമിനൊരു തോന്നൽ. യാത്ര വിവരണം മറ്റൊരു അവസരത്തിൽ വിശദമായി എഴുതാം.
ഖുബ – ഷഹദാഗ് – ക്യാൻഡി പർവ്വതനിര – ഫയർ ടെമ്പിൾ – ഫയർ മൗണ്ടൈൻ – അങ്ങനെ രണ്ടുദിവസത്തെ പര്യടനത്തിന് ഒടുവിൽ വീണ്ടും ബാക്കുവിലെത്തി.
അസർബൈജാന്റെ തലസ്ഥാനമാണ് ബാകൂ.തുറാലിന്റെ കുട്ടിക്ക് സുഖമില്ലാത്ത വിവരം നേരത്തെ അദ്ദേഹം പറഞ്ഞത്കൊണ്ട്, മൂപ്പരോട് ഞങ്ങളെ ഹോട്ടലിൽ ഇറക്കി വീട്ടിൽ പൊക്കോളാൻ പറഞ്ഞു. നഗരകാഴ്ചകൾ ആയതിനാൽ അദ്ദേഹത്തിന്റെ ആവശ്യം ശരിക്കും ഉണ്ടായിരുന്നില്ല. മാത്രവുമല്ല പൊതു ഗതാഗതം എല്ലാ മുക്കിലും മൂലയിലേക്കും ഉണ്ട്. വളരെ തുച്ഛമായ പൈസ മാത്രമേയുള്ളു.

ഇനിയാണ് കഥയുടെ മർമ്മ പ്രധാനമായ ഭാഗത്തേക്ക് കടക്കുന്നത്.
ചെറിയ ചാറ്റൽ മഴയും കടുത്ത തണുപ്പും ആയതിനാൽ അന്നത്തെ നഗരപര്യടനം നേരത്തെ അവസാനിപ്പിച്ചു റൂമിൽകേറി.ഷിറാസ്ക്ക ജോലിസംബന്ധമായ ഈമെയിൽ കാര്യങ്ങൾ ചെക്ക് ചെയ്യുന്നതിലേക്ക് കടന്നു.
റഷിക്ക റീൽസിലേക്കും ഞാൻ എൻറെ പാസ്സ്പോർട്ടെടുത്ത് ബെഡിൽ കിടന്ന്, കഴിഞ്ഞുപോയ യാത്രകളെ കുറിച്ച് ചുമ്മാ അയവിറക്കി. കാലാവധി കഴിഞ്ഞാൽ ഇതൊരു സുവനീറായ് സൂക്ഷിക്കണം എന്നൊക്കെ മനസ്സിൽ കരുതി.
പെട്ടന്ന് റഷിക്കയുടെ ചോദ്യം, ഡാ ഉറക്കം വരുന്നില്ല വെറുതെ താഴയൊക്കെ നടന്നുവന്നാലോ എന്നൊരു ആലോചന, ഞാൻ പറഞ്ഞു ഞാനുമുണ്ട്.അങ്ങനെ തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ പടച്ചട്ടകളും വീണ്ടും അണിഞ്ഞു. താഴെ വരെ പോവുകയല്ലേ? വെറുതെ ചെറിയ ബാഗൊന്നും എടുക്കണ്ട. പാസ്പോര്ട്ട് പാന്റിന്റെ പോക്കറ്റിലിട്ടു, അപ്പോഴാണ് ആ സംശയം ഉൾതിരിഞ്ഞു വന്നത്, ഫോണെടുക്കുമ്പോഴെങ്ങാനും പാസ്പ്പോർട്ട് താഴെ പോയാലോ? അത്കൊണ്ട് സൈഡിലുള്ള ജാക്കറ്റിൻറെ പോക്കറ്റിലിടാം, അതിനാണെങ്കിൽ ബട്ടണും കാര്യങ്ങളുമൊക്കെ ഉള്ളതുമാണ്, അതാണ് ഒന്നുടെ സുരക്ഷിതമെന്ന് കരുതി പോക്കറ്റിലിട്ട് ബട്ടണുകളൊക്കെ ഭദ്രമായി അടച്ചു.
റൂമിന്റെ താഴെ കൂടി ഉലാത്തി കൊണ്ടിരുന്നപ്പോൾ ഉള്ളിലൊരു തോന്നൽ, എന്തായാലും ഇറങ്ങി ഒന്ന്കൂടി നിസാമി സ്ട്രീറ്റ് വരെ പോയിവന്നാലോ എന്ന്, എന്തിനും ഏതിനും എപ്പോഴും തയ്യാറുള്ള റഷിക്കയെ കാര്യം അറിയിച്ചപ്പോൾ മൂപ്പരും തയ്യാർ.മെട്രോയിൽ കയറി നേരെ നിസാമി സ്ട്രീറ്റിലിറങ്ങി. പുലർച്ചെ വരെ ഉണർന്നിരിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടസ്ഥലമാണ് നിസാമി സ്ട്രീറ്റ്. ഏറെ നേരം അവിടെയുള്ള കാഴ്ചകൾ കണ്ട് നടന്നു. മണി രണ്ടര ആയപ്പോൾ ഞങ്ങളൊരു ടാക്സി പിടിച്ച് നേരെ റൂമിലേക്ക്.

ടാക്സിയിലിരുന്ന് റഷിക്കയുടെ ചോദ്യം, പാസ്പോർട്ടൊക്കെ ഉണ്ടല്ലോ അല്ലെ? അതൊക്കെ സെറ്റ് എന്ന് പറഞ്ഞു ജാക്കറ്റിന്റെ പോക്കറ്റിലേക്ക് കയ്യിട്ടതും – ഞാൻ ഞെട്ടി തരിച്ചു പോയി….
”റഷിക്ക പാസ്സ്പോർട്ട് കാണുന്നില്ല………..”മൂപ്പരുടെ മുഖഭാവവും മാറി.
കുറച്ചുനേരം മുഖത്തിലേക്ക് കയ്യമർത്തിയിരുന്നു. ഭയമാണോ, സങ്കടമാണോ, കരയണോ … എന്താണ് എന്നിൽ നടക്കുന്നത് അറിയാത്ത കുറച്ചു നിമിഷങ്ങൾ.ഏതായാലും നഷ്ട്ടപെട്ടു ഇനി മുന്നോട്ടുള്ള കാര്യങ്ങൾ വേഗത്തിലാക്കുക എന്ന് മനസിനെ പറഞ്ഞു പാകപ്പെടുത്തി.നേരെ ഹോട്ടലിലേക്ക് പോയി, ഷിറാസ്ക്ക നല്ല ഉറക്കത്തിലായിരുന്നു, വാതിൽ തുറന്ന് കാര്യം അറിഞ്ഞപ്പോൾ മൂപ്പരും തകർന്നു പോയി. അവിടെയൊക്കെ പരിശോധിച്ചു, ഇല്ല അവിടെയല്ല പോയത്.
താഴെ നടന്നുപോയ വഴികളിലൂടെ ഒന്നൂടെ പോയി നോക്കി. എവിടെയുമില്ല.
വന്ന ടാക്സിക്കാരനെ അവിടത്തന്നെ നിർത്തിയിരുന്നു. അയാളുടെ കൂടെ വീണ്ടും നിസാമി സ്ട്രീറ്റിലേക്ക്.
പോയ സ്ഥലങ്ങളൊക്കെ വീണ്ടും അരിച്ചുപെറുക്കി. ആർക്കും കിട്ടിയിട്ടില്ല. പക്ഷെ എനിക്ക് ആദ്യമുതലേയുള്ള സംശയം മെട്രോയിൽ കളഞ്ഞുപോകാനാണ് കൂടുതൽ സാധ്യത, എന്നാൽ പന്ത്രണ്ടുമണിയോടെ മെട്രോ അടച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല.പോലീസിലേക്ക് വിളിച്ചു പരാതിപ്പെട്ടു, നഗര ശുചിത്വ അതോറിട്ടിയിലും കാര്യം പറഞ്ഞു. പിന്നെ പുലർച്ചയോടെ റൂമിലേക്ക് പോയി.

റിയാദിലെ എൻറെ സുഹൃത്ത് സത്താർക്ക ഞാൻ അസർബൈജാൻ പോകുന്നതറിഞ്ഞു അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ നമ്പർ എനിക്ക് തന്നിരുന്നു. റിയാസ്ക്ക – അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഇന്ത്യൻ കൗൺസിലറുടെ നമ്പറും, നാളെ മറ്റുള്ള കാര്യങ്ങൾക്കു വേണ്ടി ഒരു സ്വദേശിയെയും എനിക്ക് സഹായത്തിനായി തന്നു.നസ്രതൈൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.രാവിലെ ഏഴുമണിയോടെ ഞാൻ പോലീസ് സ്റ്റഷനിലെക്ക് ചെന്ന് നേരിട്ട് പരാതിപ്പെട്ടു. ഉടനെ അവരൊരു ട്രാൻസ്ലേറ്ററെ വിളിപ്പിച്ച് അയാളുടെ സഹായത്തോടെ പരാതി രേഖപ്പെടുത്തി.നസ്രത്ത് ഉണ്ടായിരുന്നതിനാൽ ഭാഷയുടെ പ്രയാസം വല്ലാതെ ഉണ്ടായില്ല. മൂന്ന് ദിവസത്തെ അന്വേഷണ കാലാവധി കഴിഞ്ഞു പോലീസ് എന്നെ വിളിക്കുമെന്ന് പറഞ്ഞു.
അതുകഴിഞ്ഞു ഞാൻ വീണ്ടും നിസാമി സ്ട്രീറ്റിലേക്കും മെട്രോ സ്റ്റേഷനിലേക്കും പോയി, ഒന്നൂടെ അനേഷിച്ചു നോക്കി, നോ രക്ഷ..എംബസിയിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ വളരെ നല്ലരീതിയിലാണ് അജയ് കുമാർ എന്ന മനുഷ്യൻ എനിക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു.നജാത്ത് – താങ്കൾക്ക് രണ്ടു വഴികളാണ് ഉള്ളത്. ഒന്നാമത്തേത് ഇന്നുതന്നെ വെള്ള പാസ്പോർട്ടിൽ നാട്ടിലേക്ക് തിരിച്ചുപോകാം, രണ്ടാമത്തേത് പുതിയ പാസ്പോർട്ട് എടുത്ത് റിയാദിലേക്ക് പോകാം,അതിന് ഏകദേശം പതിനഞ്ചു മുതൽ ഇരുപത് ദിവസം വേണ്ടിവരും. ഇങ്ങനെയൊരു കേസായതിനാൽ നാട്ടിൽ പോയി പാസ്സ്പോർട്ടെടുക്കാൻ കുറച്ച് അധിക ദിവസം വേണ്ടിവരും.
ഒന്നും ആലോചിച്ച് നിന്നില്ല – അവിടെന്നു നിന്ന് തന്നെ പാസ്പ്പോർട്ട് എടുക്കാൻ തീരുമാനിച്ചു.

ഇതിനിടയിൽ കൂടെ വന്നവർ തിരിച്ചുപോകാനുള്ള സമയമായി. അങ്ങനെ ഞാൻ ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങാൻ പോവുകയാണെന്ന സത്യം മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടേയിരുന്നു. നിറ കണ്ണുകളോടെ റഷിക്കയും, ഷിറാസ്ക്കയും റിയാദിലേക്ക് തിരിച്ചു.ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്ത് ഞാൻ ഒരു ഹോസ്റ്റലിലേക്ക് താമസം മാറി.പോലീസിന്റെ ഫോൺ വരവിനൊന്നും കാത്തിരുന്നില്ല, മൂന്നാമത്തെ ദിവസം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് പോയി, അവിടുന്നവർ മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് അയച്ചു, അവിടെ ചെന്നപ്പോൾ വേറൊരു പോലീസ് സ്റ്റേഷൻ പറഞ്ഞു തന്നു, അങ്ങനെ നാട്ടിലെ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങുന്നത് പോലെ ഓരോ സ്റ്റേഷനുകളും ഞാൻ കയറി ഇറങ്ങി.
അവസാനത്തെ സ്റ്റേഷനിൽ ചെന്നപ്പോ അവർ പറയുകയാ പതിനഞ്ചു ദിവസത്തിന് ശേഷമേ പോലീസ് നോട്ടീസ് തരുകയുള്ളൂ, കാരണം ആ കാലാവധിക്കുള്ളിൽ നഷ്ട്ടപെട്ട പാസ്സ്പോർട്ട് എവിടെ നിന്നെങ്കിലും കിട്ടിയാലോ എന്നതിനുള്ള സമയപരിധിയാണ് എന്നൊക്കെ.ആ പേപ്പർ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ കഴിയുകയുള്ളുതാനും. എന്നെ കണ്ടപ്പോ ആ ഓഫീസറുടെ മനസ്സലിഞ്ഞെന്ന് തോന്നുന്നു. (സങ്കടത്തിന് എല്ലായിടത്തും ഒരേ ഭാവമാണല്ലോ) ഒടുവിൽ മുപ്പത് മന്നത്ത് കൊടുത്ത് ആ പേപ്പറും വാങ്ങി നേരെ എംബസിയിലേക്ക് വിട്ടു.
അന്നത്തെ ജോലി സമയം അവസാനിക്കാറായതിനാൽ, ഇനി നാളെ കാര്യങ്ങൾ നടക്കു എന്നറിഞ്ഞു. അതിനിടയിൽ റിയാദിലിരുന്ന് ഷിറാസ്ക്ക എൻറെ പാസ്സ്പോർട്ടിനിലുള്ള അപേക്ഷ സമർപ്പിച്ചു.
റിയാദ് എംബസിയിൽ ജോലിചെയ്യുന്ന സജിനാത്തയെ നേരത്തെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നതിനാൽ എന്നോട് റിയാദ് എബസിക്ക് ഒരു ഇമെയിൽ അയക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാനൊരു ഇമെയിൽ അയച്ചു. പിറ്റേ ദിവസം രാവിലെ തന്നെ റിയാദ് ഇന്ത്യൻ എംബസിയിൽ നിന്ന് എനിയ്ക്കു വേണ്ടി ഒരു ഇമെയിൽ അസർബൈജാൻ ഇന്ത്യൻ എംബസിയിലേക്ക് വന്നിരുന്നു.
പിന്നീടുള്ള പേപ്പർ ജോലികൾക്ക് അതൊരു വലിയ സഹായമായിരുന്നു.
അങ്ങനെ പുതിയ പാസ്സ്പോർട്ടിനുള്ള അപേക്ഷയും സമർപ്പിച്ചു – ഇനി മുന്നിൽ ഒരുപാട് ദിവസമുണ്ട് – അതൊക്കെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയായി.അന്ന് വൈകുന്നേരം തന്നെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കാസറഗോഡ് പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ഫോൺ വിളിവന്നു. അത് വലിയൊരു സമാധാനമായി, കാര്യങ്ങൾ വളരെ ഫാസ്റ്റായിട്ടാണ് മുമ്പോട്ട് പോകുന്നത്.പിറ്റേ ദിവസസം പെങ്ങൾ സ്റ്റേഷനിലേക്ക് പോയി – ആമ്പ്രൂസ് എന്നായിരുന്നു ഓഫീസറുടെ പേര്. അദ്ദേഹവും വളരെ പെട്ടന്ന്കാര്യങ്ങൾ നീക്കി. എന്നാൽ സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് പോകാൻ താമസം വരുന്നതായി കണ്ടു. ഉടനെത്തന്നെ ഞാൻ സ്നേഹത്തോടെ പോലീസ് ജി എന്ന് വിളിക്കുന്ന രാജീവ് ബ്രോയെ വിളിച്ച് കാര്യംപറഞ്ഞു.
അതോടെ സംഗതി അവിടെ നിന്നും ഫാസ്റ്റായി.സജിനത്ത എന്റെ പാസ്സ്പോർട്ടിന്റെ കാര്യങ്ങൾ സൂക്ഷമായി നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.ഇതിനിടയിൽ അസർബൈജാനിലെ മുക്കിലും മൂലയിലും അരിച്ചുപെറുക്കി എന്ന് പറഞ്ഞപോലെ, എല്ലാ സ്ഥലങ്ങളും സമയമെടുത്ത് കറങ്ങി കണ്ടു. ഒരുപാട് സ്വദേശികളായ നല്ല മനുഷ്യമ്മാരെ കണ്ടു. കറക്കത്തിനിടയിൽ പല രാജ്യക്കാരെ പരിചയപെട്ടു , അതിൽ പലരും ഇന്നെന്റെ നല്ല സുഹൃത്തുക്കളാണ്.
ഹോസ്റ്റൽ ബോറടിക്കുംമ്പോ വൈകിട്ട് നേരെ നിസാമി സ്ട്രീറ്റിലേക്ക് പോകും. ടൂറിസ്റ്റുകൾക്കിടയിൽ മലയാളികളെന്ന് തോന്നുന്നവരുടെ അടുത്ത് ചെന്ന് ” സാധനം കയ്യിലുണ്ടോ – സാധനം കയ്യിലുണ്ടോ” എന്ന മലയാളിയെ തിരിച്ചറിയാനുള്ള മന്ത്രം ഉരുവിടും . മലയാളി ആണെങ്കിൽ”സാധനം കയ്യിലുണ്ടെയെന്ന്” തിരിച്ചുപറയും.അങ്ങനെ ഒരുപാട് മലയാളി സുഹൃത്തുക്കളെ പരിചയപെട്ടു.ചിലർ എന്റെ കാര്യം അറിഞ്ഞപ്പോൾ സങ്കടപ്പെട്ടു. മറ്റു ചിലർ പൈസ നീട്ടി. അതൊക്കെ വളരെ സ്നേഹത്തോടെ ഞാൻ നിരസിച്ചു.അതിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു – ദുബായിൽ നിന്നും വന്ന കൊല്ലത്തുള്ള ഒരു കുടുംബം. ആ ചേച്ചി എന്റെ തലയിൽ സ്നേഹത്തോടെ തടവി കൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് ഇരുന്നു.
ചേട്ടൻ വലിയൊരു തുക എടുത്ത് കയ്യിൽവച്ചുതന്നിട്ട്, ഇതെടുത്തോളു – ഞാൻ നിരസിച്ചു, കടമായി കണ്ടാൽ മതി പിന്നീട് തിരുച്ചുതന്നാൽ മതിയെന്നൊക്കെ പറഞ്ഞെങ്കിലും, എനിക്കപ്പോൾ പൈസയുടെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ആ വലിയ മനസിന് സ്നേഹത്തോടെ ഞാൻ നന്ദി പറഞ്ഞു.
രാഷ്ട്രീയമായി നമ്മൾ എന്തൊക്കെ അടിപിടി കൂടുമെങ്കിലും, ഒരു മലയാളിക്ക് പ്രശനം പറ്റി എന്നറിഞ്ഞാൽ ചേർത്തുപിടിക്കാൻ നമ്മളെ കഴിഞ്ഞിട്ടേ ഉള്ളു മറ്റാരും.
ഇതിനിടയിലാണ് അളിയൻ ജംഷിയുടെ പരിചയത്തിൽ കാസർഗോട്ട് ഒരാൾ ബാക്കുവിൽ ജോലിചെയ്യുന്ന വിവരം അറിഞ്ഞത്. വെറുതെ പരിചയപെടാം എന്നുകരുതി നമ്പർ വാങ്ങി.
അദ്ദേഹം എന്നെ കാണാൻ വന്നു. ഹസൈനാർ – കാസർഗോഡ് ആലംപാടി സ്വദേശി. കൊറേ നേരം സംസാരിച്ചിരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് പോയി, നല്ലൊരു ബിരിയാണി ഉണ്ടാക്കി തന്നു. അത്രയും ദിവസം അസർബൈജാനി ഭക്ഷണം കഴിച്ചതുകൊണ്ടാണെന്ന് തോനുന്നു, ബിരിയാണി കണ്ടപ്പോൾ ആർത്തിയോടെ കഴിച്ചു.അദ്ദേഹത്തിന്റെ കുടുംബം നാട്ടിലായതിനാൽ അവിടെ താമസിച്ചുകൊള്ളാൻ പറഞ്ഞു. വെറുതെ ഹോസ്റ്റലിന് പൈസ കൊടുക്കണ്ടല്ലോ.
അങ്ങനെ ആ വല്യ മനുഷ്യൻ എനിക്ക് താമസവും ഭക്ഷണവും തന്ന് ചേർത്ത് നിർത്തി. മരിക്കുന്ന കാലത്തോളം മറക്കാൻ പറ്റില്ല.
ഇതിനിടയിൽ ദുബായിൽ നിന്ന് എന്റെ നാട്ടുകാരനായ ഷാഹിർ അവിടേക്ക് വരുന്നത്. ഒരു ടൂർ കോഡിനേറ്റിംഗ് മാനേജരായിട്ടാണു വരവ് . കൂടെ ഒരുപ്പാട് ശിങ്കടികളും.
എന്നാൽ അവനെ ഒന്ന് കണ്ടേക്കാം എന്നുകരുതി ഹോട്ടലിലേക്ക് ചെന്നപ്പോ, അന്നത്തെ ദിവസം അവർക്ക് ഒരുപരിപാടിയും ഇല്ല എന്നാണറിഞ്ഞപ്പോ ഞാൻ പറഞ്ഞു എന്ന നിസാമി സ്ട്രീറ്റിലേക്ക് പോകാം എന്ന്. അവൻ റെഡി, കൂടെ രശ്മി, ആൽഫി, സിൽമി,ജോവിൻ ചുരുക്കി പറഞ്ഞാൽ കൂട്ടത്തിലുണ്ടായിരുന്ന മലയാളിക്കൊക്കെ ചേർന്ന് ഒരു കൂട്ടമായി നേരെ നിസാമിക്ക് വച്ചുപിടിച്ചു.സ്ഥലത്തെ കുറിച്ഛ് വളരെ വാചാലനായി കാര്യമായിട്ട് വിവരിക്കുന്ന എന്നെ കണ്ടപ്പോ ആദ്യം ഗൈഡാണെന്ന് അവർക്ക് തോന്നിപോലും.. ഹ ഹ

അവരുടെ വരവ് എനിക്ക് വല്ലത്തൊരു ആശ്വാസമായി. കുറച്ചുനേരം ശരിക്കും അടിച്ചുപൊളിച്ചു. ഇന്നും അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്.അങ്ങനെ പതിമൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചരിത്രപ്രധാനമായ ആ പാസ്സ്പോർട്ട് എന്നിലേക്ക് വന്നണഞ്ഞു. ആ പാസ്പോർട്ട് എന്റെ കയ്യിലേക്ക് വച്ചു തരുമ്പോ ഓഫീസറായ രാജ് പറഞ്ഞത് ഇങ്ങനെയാണ്.
”അസർബൈജാനിൽ ഇന്ത്യൻ എംബസി തുടങ്ങി ഇക്കാലമത്രയും പാസ്സ്പോർട്ട് കാണാതായതുമായി ബന്ധപ്പെട്ട് ഒരു പാസ്സ്പോർട്ട് പോലും ഇവിടെന്ന് ഇഷ്യു ചെയ്തിട്ടില്ല, താങ്കളാണ് ഈ ഭാഗ്യം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ. ഇനി വല്ലടുത്തും പോയി കളയാൻ നിക്കണ്ട… ” ഞാൻ ചിരിച്ചു.ഓഹോ അപ്പൊ എങ്ങനെ നോക്കിയാലും എനിക്ക് വളരെ പ്രധാനപെട്ടതാണ് ഈ പാസ്പോർട്ട്.പിന്നെ ഒന്നും നോക്കിയില്ല അടുത്ത വിമാനത്തിൽ തന്നെ ഷിറാസ്ക്ക ടിക്കറ്റ് ബുക്ക് ചയ്തു നേരെ റിയാദിലേക്ക്.
ബന്ധങ്ങൾ വിലയൊരു മുതൽകൂട്ട് തന്നെയാണ്.
ഈ അവസരത്തിൽ എന്നെ സമാധാനിപ്പിച്ച, ചേർത്ത് നിർത്തിയ ഒരുപാട്പേർക്ക് എൻറെ ഒരായിരം നന്ദി, ആരുടെയും പേരെടുത്ത് പറയുന്നില്ല.
![]()
