പുസ്തകാസ്വാദനം
അൻവർ ഹുസൈൻ
നിഖില സമീറിന്റെ ‘ നീയും നിലാവും ‘ എന്ന കാവ്യസമാഹാരത്തിൽ ഉള്ളകം നിറക്കുന്ന നാൽപ്പത്തി നാല് ചെറു കവിതകൾ ആണുള്ളത്.
മഞ്ജരി ബുക്ക്സ് ആണ് പ്രസാധകർ.
നിഖിലക്ക് ഓരോ മനുഷ്യരും ഓരോ പുസ്തകങ്ങളാണ് ‘പരിപൂർണ്ണ വായന സാധ്യമല്ലാത്ത അമൂല്യവും അപൂർവ്വവുമാം പുസ്തകങ്ങളാണ് ഓരോ മനുഷ്യരും,ഉള്ളുദ്യാനം പോൽ സുഗന്ധപൂരിതമാണ് ഓരോ വായനയും.
സ്വാർത്ഥതയുടെ കെട്ട കാലമാണിത്.
മനുഷ്യ ബന്ധങ്ങളിലും സ്നേഹത്തിൽ പോലും സ്വാർത്ഥതയുടെ കറ പുരളുന്നു. ‘ഒന്നിനുമല്ലാതെ’ സ്നേഹിക്കുക, കരുതലാവുക എന്നത് അത്ര എളുപ്പമല്ല.
അതാണ് ദിവ്യമായ സ്നേഹം.
അവിടെ മറ്റൊന്നുമില്ല; ഉപാധികളില്ലാത്ത സ്നേഹം മാത്രം.
ജിവിതത്തിൽ ‘വെളിച്ചമേകുന്ന വഴിവിളക്കുകളെ ഹൃദയത്തോട് ചേർത്തണക്കേണ്ടതാണ് ‘ എന്ന് കവി പറയുമ്പോൾ ഹൃദയമുള്ള മനുഷ്യർ അതിനോട് യോജിക്കുന്നു.
‘ഒരുമിച്ചിരുന്ന് മനുഷ്യരായ് ശ്വസിക്കാനായെങ്കിൽ ‘ എന്ന് കവിയോടൊപ്പം നമ്മളും ആശിച്ചു പോവും.
സ്നേഹം എന്താണ്?
കവി മൊഴിയുന്നു ‘സ്നേഹമൊരു ബാധ്യതയല്ല.
സ്നേഹമെന്നാൽ ശ്രദ്ധാപൂർവ്വമുള്ള കരുതലത്രേ.
‘ഒറ്റയാത്മാക്കളുടെ ആകാശവേഗവും മഞ്ഞുപോൽ നിർമ്മലമാം കുളിരും കാവലും പകരമൊരാളുമാവില്ലെന്നുള്ള ഉറപ്പും ശാന്തിയുമത്രേ’.
സ്നേഹം പോലും അശാന്തിയായി മാറുന്ന കാലത്ത് പ്രാർത്ഥനയായി മാറുന്നു ഈ വരികൾ.
പ്രണയത്തെക്കുറിച്ചും കവിക്ക് പറയാനുണ്ട് ‘പ്രണയം നിഷ്ക്കാമമാവുന്നത് എങ്ങനെയെന്ന് ഒന്നും ഒന്നിനെയും പ്രതീക്ഷിക്കാത്ത രണ്ട് മനുഷ്യാത്മാക്കൾ ഇഴ കോർത്തിണങ്ങുമ്പോഴെന്ന്.
‘ കൂടപ്പിറപ്പുകൾ തമ്മിലും നീയോ നിലാവ് പോലെൻ മൂർദ്ധാവിലും ‘ ചുംബിക്കുമ്പോൾ എന്ത് അനുഭൂതിയാണ്.
അത് ‘ഒരു വാക്കു കൊണ്ടോ അക്ഷരത്തെറ്റ് കൊണ്ടോ പരിശുദ്ധ സ്നേഹത്തിന് കളങ്കമേൽപ്പിക്കാത്തവൻ ആയാലോ.അവൻ ‘പൂജക്ക് നിവേദിക്കും പൂ പോലൊരുവൻ ‘ ആയിരിക്കും.
മാതാപിതാക്കളെ കവി ഓർക്കുന്നത് പരിപൂർണ്ണമായി ഉൾക്കൊള്ളും മുൻപ് നിലച്ചു പോകുന്ന അപൂർവ്വ കവിതകളെന്നാണ്.ഉള്ളപ്പോൾ ഉലകമാക്കണം’
‘നിൻ ഹൃദയതാളത്തോളമൊരു ഗീതവുമെന്നിൽ നിറഞ്ഞിട്ടില്ല’ എന്നു പാടുന്ന കവിയുടെ ഗീതങ്ങൾ കാലാദി വർത്തിയായി പ്രശോഭിക്കട്ടെ.
അവ സ്നേഹത്തിൻ്റെ നറു വസന്തം പടർത്തട്ടെ
![]()
