സുലൈമാൻ വിഴിഞ്ഞം.
“ദൈവം നാല് വയസ്സ്”… അമ്മ റിസെപ്ഷനിൽ ഉടൻ എത്തുക..ക്യാൻസർ സെന്ററിലെ കൂട്ടിരിപ്പുകാരുടെ സങ്കടങ്ങൾ തളംകെട്ടി നിൽക്കുന്ന മുറിയുടെ ഇടതുഭാഗത്തെ കോളാബിയിലൂടെയാണ് ഞാൻ ആ പേര് ആദ്യമായി കേൾക്കുന്നത്. ‘ദൈവം നാല് വയസ്സ്’.
അവിടെ കസേരകളിൽ കണ്ണീർവറ്റിയ കണ്ണുകളുമായി തളർന്നിരിക്കുന്നവരിൽ ഒരു ഭാവ വെത്യാസവും ഞാൻ കണ്ടില്ല. പലരും പരസ്പരം നോക്കുന്നതല്ലാതെ. മിനിറ്റുകൾക്കകം കോളാമ്പി വീണ്ടും ഒച്ചവെക്കാൻ തുടങ്ങി.. “ദൈവം നാല് വയസ്സ്”…
എല്ലാപേരുടെയും നോട്ടം നിരയായ കസേരകൾക്ക് പിന്നിലേക്കായി . അവിടെ നിലത്ത് കീറി വേർപെടാറായ ഒരു കള്ളിമുണ്ടിൽ ഒരു പെണ്ണുടൽ ഉറങ്ങുന്നുണ്ട്.. അല്ല വീണ് കിടക്കുന്നുണ്ട്. ജീവന്റെ ശേഷിപ്പ് മാത്രമുള്ള മെലിഞ്ഞു കറുത്ത് കരുവാളിച്ച ഒരു പെണ്ണുടൽ. ഒന്ന് എണീറ്റ് ഇരിക്കാൻ പോലും ആരോഗ്യമില്ലാത്ത ഒരു പെണ്ണ്. കാഴ്ചയിൽ 35 വയസ്സ് തോന്നുമെങ്കിലും ശരീരം ആകെ ക്ഷീണിച്ചിട്ടാണ്.
അടുത്തിരുന്ന ബഷീർ ഇക്കയാണ് പറഞ്ഞത് ‘അവരെ ഒന്ന് വിളിക്കു.. അവരാണ് ദൈവത്തിന്റെ അമ്മ’.
അവരുടെ അടുത്ത് ഞാൻ എത്തുമ്പോഴേക്കും അവർ മെല്ലെ എണീക്കാൻ തുടങ്ങി. തലയിണപോലെ വെച്ചിരുന്ന നിറം മങ്ങിയ കുഞ്ഞുബാഗ് കസേരക്കടിയിലേക്ക് നീക്കിവെച് അവർ ചില്ല് ഗ്ലാസിട്ട വാതിൽ പണിപ്പെട്ട് തുറന്നു ഉള്ളിലേക്ക് പോയി. എല്ലാ കണ്ണുകളും ആ വാതിലിനു മുന്നിൽ നിലയുറപ്പിച്ചിരിപ്പാണ്. അടുത്ത ഊഴം കാത്ത്.
ശബ്ദ മില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടിവിയിൽ സെക്രട്ടറിഏറ്റിന് മുന്നിലെ സമരക്കാരുടെ കല്ല്ഏറ് തത്സമയം നടക്കുന്നുണ്ട്. ഒരാളുടെ ശ്രദ്ധയെപ്പോലും ആ കാഴ്ച കവർന്നെടുക്കുന്നില്ല. ഇവർ മറ്റൊരൂ ലോകത്താണ്. ഒച്ചയോടെ തുറന്ന ചില്ലു വാതിലിലൂടെ ആ പെണ്ണുടൽ മെല്ലെ നടന്നു വന്നു. പോയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അല്പം മുഖ പ്രസന്നതയുണ്ട് എന്ന് വേണമെങ്കിൽ പറയാം. കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന മാസ്ക്കിൽ അവർ കണ്ണ് തുടച്ചു. ബാഗിൽ എന്തോ പരതുകയാണ്. ഞാൻ മെല്ലെ അടുത്തെത്തി എന്നെ പരിചയപ്പെടുത്തി. മെല്ലെ മെല്ലെ അവരും കണ്ണീരിന്റെ കനം ഇറക്കി വെക്കാൻ തുടങ്ങി. പേര് കനക ലത. മുന്നാറിൽ കുടിയേറിയ തമിഴ് കുടുംബാഗം. അമ്മക്കൊപ്പം തോട്ടത്തിൽ പണിയെടുത്തും ഹോട്ടലുകളിലെ അടുക്കള പണി ചെയ്തും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചവൾ. തേങ്കാശിയിൽ നിന്ന് കച്ചവടത്തിന് വന്ന മുരുകൻ കണ്ടിഷ്ട്ടപെട്ടു കല്യാണം കഴിച്ചു കൂടെ കൂട്ടി. മുരുകനുമായി ജീവിച്ചത് ആറ് കൊല്ലം. കുട്ടികൾ മൂന്ന്. നാല് വർഷം മുൻപ് മധുരയിൽ പോയി മടങ്ങുംവഴി വാഹനാപകടത്തിൽ മുരുകൻ മരിച്ചു. അന്ന് കനക ലത പൂർണ്ണ ഗർഭിണി. മുരുകൻ മരിച്ച പതിനാലിനു കനക ലത മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. അവനാണ് “ദൈവം”
മൂത്തമക്കളെ അയല്പക്കത്തെ വീട്ടിൽ നിർത്തിയാണ് ദൈവവുമൊത്തു കനക ലത ക്യാൻസർ സെന്ററിലേക്ക് വന്നത്. വിട്ടുമാറാത്ത പനിയാണ് ദൈവത്തെ ആദ്യം കീഴടക്കിയത്. ഒടുവിൽ അതൊരു നോവായി.. പിന്നെ ഉറക്കം കെടുത്തുന്ന നോവായി രാത്രികളിൽ തോട്ടങ്ങളിൽ നിന്ന് തോട്ടങ്ങളിലേക്ക് ഇളം കാറ്റിനൊപ്പം ദൈവത്തിന്റെ നോവ് പറന്ന് നടക്കും. ഒടുവിൽ പാലക്കാട്ടെ ഡോക്ടർ ആണ് പറഞ്ഞത് തിരുവനന്തപുരം കൊണ്ടുപോകാൻ. അങ്ങനെ വന്ന് എത്തിയതാണ് ഇവിടെ. ഇപ്പോൾ ആഴ്ചകൾ പലതായി.തലക്കുള്ളിലാണ് ദൈവത്തിനു വേദന. വേദന വന്നാൽ അലമുറയിട്ട് കരയും. വേദന അസഹ്യമാകുമ്പോൾ തല നിലത്തു കുത്തി കണ്ണടച്ച് ഇരുന്ന് കരയും. ക്യാൻസർ സെന്ററിൽ എത്തിയതിൽ പിന്നെ കനക ലത ദൈവത്തിന്റെ കരച്ചിൽ കേട്ടിട്ടില്ല. എന്നും വൈകുന്നേരം കൊളമ്പിയിലൂടെ ദൈവത്തിന്റെ അമ്മയെ വിളിക്കും. അപ്പോൾ അടുത്തുപോയിരുന്നു കണ്ട് വരും. അതും വിരലിലെണ്ണാവുന്ന മിനിറ്റുകൾ. റേഡിയെഷനും കീമോയും മരുന്നുകളും ദൈവത്തെ വികൃതമാക്കി. പേരിനു പോലും ശരീരത്തിൽ ഒരു രോമം ബാക്കിയാക്കാതെ ക്യാൻസർ ദൈവത്തെ നോക്കി കൊഞ്ഞനം കുത്തി. ഇടക്കൊക്കെ ഞാനും ദൈവത്തെ പോയി കാണാറുണ്ട്. ദൈവം എന്നെ ‘ബാബി’ എന്നാണ് വിളിക്കുക.പാട്ടുപാടിയും പടം വരച്ചും കളിപ്പിച്ചും ഇല്ലാത്ത കഥകൾ പറഞ്ഞും ഞാനും ദൈവവും നല്ല ചങ്ങാത്തമായി.
മൂന്ന് മാസം കഴിഞ്ഞു പരിശോധനകൾക്ക് വരണമെന്ന ഡോക്ടറുടെ കുറിപ്പ് ഇടത് കയ്യിലും വലതു കയ്യിൽ ദൈവത്തെയും പിടിച്ചു കനക ലത ആ ആശുപത്രിയുടെ വലിയ ഗേറ്റ് കടന്ന് എന്റെ മുന്നിലേക്ക് വന്നു. ഇന്ന് നാട്ടിലേക്ക് മടങ്ങുകയാണ് ദൈവവും അമ്മ കനക ലതയും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പാലക്കാട് തീവണ്ടിയിൽ കനക ലത ദൈവത്തെയും കൊണ്ട് യാത്ര തിരിച്ചു. ബാബി എന്ന ദൈവത്തിന്റെ കുഞ്ഞു ശബ്ദം ഇരുമ്പ് പാളത്തിന്റെ ഒച്ചയിൽ നേർത്തു നേർത്ത് ഇല്ലാതായി. ‘ഇന്നും ദൈവത്തിന്റെ നോവ്’ ഉള്ളിലൊരു നോവായി കുത്തിനോവിക്കുന്നുണ്ട്.
![]()
