റിയാദ് :ഇഷ്ട കായിക താരത്തെ കാണാൻ സിവിൻ നടന്നടുക്കാൻ എടുത്ത സമയം 744 മണിക്കൂർ പിന്നീട് അദ്ദേഹത്തെ കാണാൻ കാത്തു കാത്തു നിന്നത് രണ്ടാഴ്ചയും.
മാർച്ച് -7 ന് ഷാർജ അൽ-നദിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറകിലൊരു ബാഗും തൂക്കി നടന്നു തുടങ്ങിയപ്പോൾ ഒരു പക്ഷെ ഇങ്ങനെ ഒരു കൂടി കാഴ്ച തന്നെ നടക്കുമോ എന്ന സംശയത്തിലായിരിക്കും. സൗദി തലസ്ഥാനമായ റിയാദിലെ അൽ നാസർ ഫുട്ബാൾ ക്ലബ്ബിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ആയിരുന്നു നടത്തം. തന്റെ ആരാധന പുരുഷനും ഫുട്ബാൾ ഇതിഹാസവുമായി റൊണാൾഡോ അവിടെയുണ്ട്. അയാളെ കാണണം,കൂടെ ചേർന്നു നിന്നൊരു സെൽഫിയെടുക്കണം, ഒരു കൈ ഒപ്പ് വാങ്ങണം ഇത്രേ ആഗ്രഹം ഉണ്ടായിരുന്നോളൂ. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തണുപ്പോ ചൂടോ മരുഭൂമിയുടെ വിജനതയോ ഒന്നും സിവിന് തടസ്സമല്ലായിരുന്നു, ലക്ഷ്യം ഒന്നുമാത്രം റൊണാൾഡോ.
12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സൗദി-യു എ ഇ അതിർത്തിയായ ബത്ഹയിലെത്തി.
ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആശീർവദിച്ചു. യാത്രയിലുടനീളം സൗദിയുടെ ആതിദേയത്വം രുചിച്ചു കൊണ്ടിരുന്നു.
പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിലും വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു. ഒടുവിൽ ഏപ്രിൽ 11 ന് റിയാദിലെത്തി.
വൈകാതെ തന്നെ അൽ നാസർ ക്ലബ്ബ് താരങ്ങൾ പരിശീലനം നടത്തുന്ന കേന്ദ്രം കണ്ടെത്തി. എല്ലാ ദിവസം രാവിലെ പരിശീലന കേന്ദ്രത്തിന്റെ കവാടത്തിലെത്തും.
ചീറി പാഞ്ഞു വരുന്ന വെളുത്ത ബെന്റ്ലി കാറിൽ പലപ്പോഴും അയാളെ ഒരു നോക്ക് കണ്ടു. ഇടക്കൊക്കെ ഒരു ചിരിയും സമ്മാനിച്ചു.
ലക്ഷ്യം പക്ഷെ അതല്ല നേരിൽ കണ്ടൊരു ഹായ് പറയലാണ് കയ്യിൽ കരുതിയ ടി ഷർട്ടിൽ ഒരു ഒപ്പ് വാങ്ങലാണ് എന്നെന്നേക്കുമായി സൂക്ഷിക്കാൻ. ദിവസങ്ങൾ ഓരോന്ന് കടന്ന് പോകുന്നു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് സിവിൻ പരിശീലനം നടക്കുന്ന ഗ്രൗണ്ടിന് മുന്നിലെത്തും.11 മണിക്ക് റൊണാൾഡോയും അവിടെയെത്തും 12.30 അയാൾ ഗ്രൗണ്ടിൽ ഇറങ്ങും 3 മണിക്ക് തിരിച്ചു വീട്ടിലേക്ക് മടങ്ങും. ഇതിനിടയിൽ സിവിൻ പല തവണ അങ്ങോട്ട് കാണുന്നുണ്ടെങ്കിലും റൊണാൾഡോയുടെ കണ്ണിൽ സിവിൻ പതിയുന്നില്ല. 13 ദിവസം പിന്നിട്ടു. സിവിന് ലക്ഷ്യം സാധ്യമായില്ല. ലക്ഷ്യം കാണാതെ മടങ്ങാൻ അയാൾ ഒരുക്കവുമില്ലായിരുന്നു. യാത്രക്ക് മുമ്പ് സിവിൻ പോർച്ചുഗീസ് ഭാഷ പഠിച്ചു. റെണാൾഡോയെ കാണാൻ സൗദിയിലേക്ക് കാൽ നടയായി പുറപ്പെടുകയാണെന്നും ആഗ്രഹം സാധ്യമാക്കാൻ പ്രാർത്ഥിക്കണമെന്നും വീഡിയോ റെക്കോർഡ് ചെയ്ത് ഇൻസ്ട്രഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ അറബിക് ടെലിവിഷൻ ചാനലായ എം ബി സി വാർത്തയാക്കിയിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടിട്ടാവണം അൽ നാസർ ക്ലബ്ബിന്റെ സംഘാടകർ സിവിനെ ഓഫീസിൽ വിളിച്ചും സമ്മാനമെല്ലാം കൊടുത്തു സൽക്കരിച്ചു. അവരും കൂടിക്കാഴ ഉറപ്പ് നൽകിയില്ല. 14 മത്തെ ദിവസം പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിൽ വന്ന ബെൻലി കാറിന്റെ ക്ലാസ്സ് താഴ്ന്നവന്നു. നിറ ചിരിയോടെ അയാൾ. ലോക് കാൽപ്പന്തിന്റെ ഇതിഹാസ താരം ഏഴാം നമ്പറുകാരൻ റൊണാൾഡോ അടുത്തേക്ക് ചെന്നു. പഠിച്ചു വെച്ച പോർച്ചുഗീസ് ഭാഷയിൽ സ്വയം പരിചയപ്പെടുത്തി.നടന്നു വന്നതും പറഞ്ഞു. ആശ്ചര്യത്തോടെ അയാളുടെ ചിരിക്ക് പ്രസരിപ്പ് കൂടി. ഒരു ഒപ്പ് കിട്ടാൻ കയ്യിൽ കരുതിയ ടി ഷർട്ട് എടുത്ത് കൊടുത്തു.സവിന്റെ സപ്നം ആ ടി ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാം കൂടി ഒന്നര മിനുട്ട്. ഗുഡ് ബൈ, അപ്പോഴേക്കും ആളുകൾ കൂടി വാഹനം മുന്നോട്ട് നീങ്ങി. അവിസ്മരണീയമായ നിമിഷം സമ്മാനിച്ച തന്റെ ആരാധ്യ താരത്തിനും ദൈവത്തിനും ആ നിമിഷം സിവിൻ നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു.
ഈ ഒന്നരമിനുട്ട് നേരത്തിനാണ് സിവിൻ 31 ദിവസം നടന്നത്, 14 ദിവസം കാത്തു നിന്നത്. സിവിന്റെ സ്വപനത്തിന് റിയാദിൽ തിരശീല വീണിരിക്കുന്നു.
തന്റെ സ്വപ്നത്തോളം ഉയരമുണ്ടായിരുന്നില്ല റിയാദ് നഗരത്തിന്റെ നടുക്ക് തല ഉയർത്തി നിൽക്കുന്ന കെട്ടിങ്ങൾക്കെന്ന് സിവിൻ പറയുന്നു.
ദുബായിയിൽ രണ്ടര വർഷമായി പ്രവാസിയായ താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ 2021 ൽ 3500 കിലോമീറ്റർ താണ്ടി കാശ്മീരിലേക്ക് കാൽനടയാത്ര ചെയ്തിട്ടുണ്ട്.
![]()
