മദീനയിൽ ഇനി അബു അൽ സബയില്ല. നാലു പതിറ്റാണ്ടുകളായി പ്രവാചക നഗരിയായ മദീനയിൽ എത്തുന്നവർക്ക് സ്നേഹത്തിൽ പൊതിഞ്ഞു ഈന്തപ്പഴങ്ങളും സൗജന്യമായി നൽകി കൊണ്ടിരുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം അബൂ അൽ സബാ അന്തരിച്ചു. 96 വയസ്സായിരുന്നു. മദീനയിലെത്തുന്നവരെ സ്വീകരിച്ച അൻസാറുകളുടെ പ്രതിനിധിയെന്നു പോലും അറിയപ്പെട്ടിരുന്നു.
ചൂട് ചോരാത്ത കുറെ പിടിപ്പാത്രങ്ങളിൽ ചായയും ഖഹ്വയും നിറച്ച് മദീനാ നഗരിയുടെ ഏതെങ്കിലും ഒരു കോണിൽ അയാളുണ്ടാകുമായിരുന്നു, പുണ്യ പ്രവാചകന്റെ മദീനയിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ.
നിലാവുദിച്ച പോലൊരു മനുഷ്യൻ, അയാൾ പകരുന്ന ചൂട് പാനീയം ഒരിറക്ക് അകത്താകുമ്പോൾ ചൂടേറ്റ് ഹൃദയം തണുക്കുന്ന അപൂർവ്വതക്ക് ആ നിമിഷം സാക്ഷിയാകുമായിരുന്നു.
ചായക്കൊപ്പം ഈത്തപ്പഴമോ,ചീസ് ബ്രെഡോ,ഈത്തപ്പഴം തേച്ച റൊട്ടി കഷ്ണമോ എന്തെങ്കിലുമൊന്ന്, അത് രുചിക്കുന്നതോടെ മദീനയിലേക്ക് സ്വീകരിക്കപ്പെട്ട ഒരു ഫീലുണ്ടാകും അതിഥിക്ക്. പ്രവാചകൻ മദീനയെ കുറിച്ച് പറഞ്ഞതെല്ലാം ഓർത്തു പോകും അന്നേരം.

സിറിയയിലെ ഹമാ നഗരത്തിൽ നിന്ന് അര നൂറ്റാണ്ട് മുമ്പ് പുണ്യ മദീനയിലെത്തിയതാണ് അബു അൽ സബ എന്ന് വിളിപ്പേരുള്ള ഇസ്മായിൽ അൽ സെയിം. നാൽപത് കൊല്ലമായി മുടങ്ങാതെ അതിഥികളെ സ്വീകരിക്കുന്നു.
ആ സാത്വികനെ തിരിച്ചു വിളിച്ചിരിക്കുന്നു അയാളുടെ ഉടമ, പുണ്യ നഗരിയിലേക്ക് സന്ദർശകരായെത്തുന്നവരെ അതിഥികളായി സ്വീകരിച്ച ആ മനുഷ്യനെ റബ്ബും അപ്രകാരം സ്വീകരിക്കട്ടെ..
മനുഷ്യൻ മനുഷ്യനെ കാത്തിരിക്കുന്ന കാഴ്ച ഇനിയുമുണ്ടാകും മദീനയിൽ, പ്രവാചകന്റെ മണ്ണല്ലേ. അത് ..
കണ്ണിൽ തേക്കുന്ന സുറുമായാക്കാനുള്ള ആഗ്രഹം കവികൾ ചൊല്ലിയ മണ്ണ് അവിടെയിനി അബു സബ ഉറങ്ങട്ടെ..♥️🤲🏻
![]()
