വിശുദ്ധ റമളാനിൽ മക്കാ ഹറമിൽ അതി ഭയങ്കരമായ തിരക്കാണ് .ഒരു പക്ഷേ ഹജ്ജ് നേക്കാൾ കൂടുതൽ വിശ്വാസികൾ എത്തുന്ന കാലം.
എന്നും ലക്ഷകണക്കിന് ആളുകൾ എത്തുന്ന ലോകത്തിന്റെ മധ്യ ഭാഗം. പ്രാർത്ഥന അതൊരു പുണ്യ പ്രവർത്തിയാണ്.
അവനവന്റെ അഹമ്മതി ഇല്ലാതാക്കുവാൻ കഴിയുന്ന ഒറ്റ മൂലി. മറ്റുള്ളവർക്കായും തനിക്കായും ചിലവില്ലാതെ ചെയ്യാൻ കഴിയുന്ന നന്മ
ഖുർആൻ പറയുന്നു “ഹേ മനുഷ്യരെ പ്രാർത്ഥന ഒരുവന്റെ മുഖത്തെ പ്രകാശ പൂരിതമാക്കുന്നു ഹൃദയത്തെ നവീകരിക്കുന്നു ”
സൗദി പ്രവാസി ആയത് കൊണ്ട് കിട്ടിയ വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് എനിക്ക് തന്നെ കൃത്യമായ കണക്കില്ലാത്ത ധാരാളം ഉംറകൾ ,18 വർഷം മുന്നേ പോയപ്പോൾ ഉള്ള ഹറം പരിസരമോ സൗകര്യമോ അല്ല ഇന്ന്.
ഏറ്റവും അത്യന്തആധുനിക മായ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിലൂടെ സൗദി ഗവണ്മെന്റ് വലിയ ദൗത്യം നിർവ്വഹിക്കുന്നു
ലോകത്തെവിടെയും ഇത്രയേറെ വേഗത്തിൽ സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കുന്ന സംവിധാനം ഇല്ല,നിരീക്ഷിക്കുന്നവരെ, ശ്രദ്ധിക്കുന്നവരെ അത്ഭുതപെടുത്തുന്ന ശുചീകരണവും മാലിന്യ നീക്കവും വേറെ എങ്ങും ഇല്ല എന്ന് തന്നെ പറയാം.
ഹജ്ജും ഉംറയും ചെയ്യുന്ന മറ്റുള്ളവർക്കായി അവരുടെ സൗകര്യങ്ങൾക്കായി നിങ്ങൾ ഒതുങ്ങി കൊടുക്കുമ്പോൾ ആണ് നീ യഥാർത്ഥ ഹജ്ജാജി ആകുന്നത് എന്നുള്ള യാഥാർഥ്യം എല്ലാ തീർത്ഥാടകരിലും എത്തിക്കാൻ ഹജ്ജ് ഉംറ ഗ്രുപ്പുകൾ ശ്രമിക്കാറുണ്ട്.
മസ്ജിദുൽ ഹറമിലെ തിരക്കുകൾ അനുഭവിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇത്തവണ റമളാനിൽ പോകണ്ടാന്ന് കരുതിയതാണ്.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് കഫീൽ മൻസൂർ ഷോപ്പിലെത്തി പറഞ്ഞത് യാ ജലാൽ നിനക്കുള്ള ഫ്ളൈറ്റ് ട്രെയിൽ ടിക്കറ്റുകൾ ഉൾപ്പെടെ ഞാൻ എടുത്തിട്ടുണ്ട് വ്യാഴാച്ച നമുക്ക് മക്കയിലേക്ക് പോകണം.
മുന്തിയ സൗകര്യങ്ങളും സ്വപ്ന സദൃശ്യ ഹോട്ടൽ സൗകര്യങ്ങളും കൂടിയ ഗിഫ്റ്റുകളും ഒരുക്കിയ കഫീലിനോട് ഞാൻ പറഞ്ഞു എനിക്കിതൊന്നും താല്പര്യമില്ല ലളിതമായത് ആണ് എനിക്കിഷ്ടം. അതിന് അവന്റെ മറുപടി ഇതായിരുന്നു
അതെനിക്കറിയാം പക്ഷേ നിന്നെ ഇങ്ങിനൊക്കെ സന്തോഷിപ്പിക്കുക എന്നതാണ് എന്റെ സന്തോഷം.
നാം തീരുമാനിക്കുന്നത് പോലെയല്ല പടച്ചോന്റെ വിളിക്കുത്തരം നൽകേണ്ടി വരുന്നത് എന്ന യാഥാർഥ്യം ഓർമിപ്പിച്ച ഒരു സന്ദർഭം ആയിരുന്നു അതും. കഴിഞ്ഞ റമളാനിൽ പ്രിയതമയ്ക്കൊപ്പം ഇഅത്തികാഫ് ഇരുന്ന നാളുകളിലെ ഹൃദ്യ പ്രണയം പൂത്ത ഓർമ്മകൾ കൊണ്ട് സമ്പന്നമായ മണിക്കൂറുകൾ ആണ് കടന്ന് പോയത് ഭക്തിയും സന്തോഷവും കണ്ണും മനസും നിറച്ച നാളുകൾ.
33 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന്റെ അനർഘ നിമിഷങ്ങളായി. ഏറ്റവും മൂല്യമുള്ള ദിവസങ്ങളായി മാറിയ ഒരു മാസം ആയിരുന്നത്. തിരക്കിനിടയിൽ വിട്ട് പോകാതിരിക്കാൻ ചേർത്ത് പിടിച്ച കൈകളുടെ സംരക്ഷണ സുരക്ഷയെക്കാൾ വലിയതൊന്നും ആർക്കും പരസ്പരം നൽകാനാവില്ല. ഇന്നലെ ഒറ്റക്കായപ്പോൾ മിസ്സായതിന്റെ വില ഓർമ്മിപ്പിക്കുന്നു, കണ്ണ് നനയ്ക്കുന്നു. ഉംറയ്ക്ക് ശേഷം നജ്റാനിലേക്ക് തിരിക്കുമ്പോൾ ഇൻശാ അള്ളാ അടുത്ത റമളാനിൽ ഉറപ്പായും കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സന്തോഷം നേടണമെന്ന് മനസുറപ്പിക്കുന്നു പ്രാർത്ഥിക്കുന്നു.
![]()
