തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. സർക്കാർ ജീവനക്കാര്‍ക്ക് നിലവിലെ പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ഗഡു ഡി എ കുടിശ്ശിക ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം നൽകും.സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷിതമായ പുതിയ പദ്ധതി ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
എക്സൈസ് തീരുവ വർധിപ്പിച്ചതോടെ മദ്യത്തിന് ലിറ്ററിന് 10 രൂപ കൂടും. കോടതി ഫീസുകളും വര്‍ധിപ്പിക്കും. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2025ഓടെ ലൈഫ് പദ്ധതിയിൽ പുതുതായി 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. വിദേശ, സ്വകാര്യ സർവകലാശാലകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാർ 2 ലക്ഷം രൂപയുടെ കവറേജുള്ള ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണ് ഉള്ളതെന്ന് ധനമന്ത്രി. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം മൂന്ന് വർഷത്തിൽ ലക്ഷ്യമിടുന്നു. വിഴിഞ്ഞം ഈ വർഷം മേയിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാപരമായ സമീപനം. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പൂർത്തിയായി. സഭ പിരിഞ്ഞു. രണ്ടര മണിക്കൂറാണ് ബജറ്റ് അവതരണം നീണ്ടത്. ബജറ്റ് പുസ്തകത്തിന്റെ കവർപേജിൽ ഇന്ത്യൻ ഭരണഘടനയാണ് ആലേഖനം ചെയ്തിരിക്കുന്നത്.ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്റെ കവിത ചൊല്ലി. ‘ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന വരികള്‍ ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
![]()
