കുന്നംകുളം:സ്ത്രീധന പീഡനത്തെ തുടർന്ന് കല്ലുംപുറം സ്വദേശിനി സബീന ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് നേതാക്കൾ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി അബ്ദുൽ ബഷീറിനെ സന്ദർശിച്ചു. കേസിലെ മുഖ്യപ്രതിയെ ഉടൻ പിടികൂടുമെന്ന് കുന്ദംകുളം എ. സി. പി ഉറപ്പു നൽകിയതായി വിമൻ ജസ്റ്റിസ് നേതാക്കൾ അറിയിച്ചു.കോടതി ജാമ്യം നീട്ടിക്കൊടുക്കാതിരുന്ന മുഖ്യപ്രതിയാണ് കോടതി വ്യവസ്ഥകൾ ലംഘിച്ച് കീഴടങ്ങാതിരുന്നത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.സബീനയുടെ നീതിക്കായി തുടക്കംമുതലേ പരിശ്രമിക്കുന്ന വിമൻജസ്റ്റിസ് സംസ്ഥാന സെക്രട്ടറി റുക്സാന ഇർഷാദിൻെറ നേതൃത്വത്തിലാണ് സംഘം എ സി പി ഓഫീസ് സന്ദർശിച്ചത്. സബീനയുടെ മരണത്തിനുത്തരവാദികളായ മുഴുവൻപ്രതികൾക്കും ശിക്ഷ ഉറപ്പാക്കുന്നതിന് ശ്രമിക്കുമെന്നും എ. സി. പി പറഞ്ഞു.

പാലക്കാട് ജില്ലാ പ്രസിഡൻറ് ഷക്കീല കരിങ്ങനാട്, തൃശൂർ ജില്ലവൈസ് പ്രസിഡൻറ് ആസിയ അനീസ്, പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഫൗസിയ അബുല്ലൈസ്, കടവല്ലൂർ പഞ്ചായത്ത് കൺവീനർ മൈമൂന കുഞ്ഞിബാപ്പു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ 25 വയസ്സുള്ള സബീനയെയാണ് കഴിഞ്ഞ ഒക്ടോബറിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
![]()
