റിയാദ് :മക്കളെ കാണാൻ വന്നു ജോസഫ് മടങ്ങുന്നത് മറ്റുള്ളവർക്ക് പുതുജീവൻ നൽകി സന്ദർശന വിസയിൽ എത്തിയ കോട്ടയം വെള്ളൂർ മേവള്ളൂർ സ്വദേശി ടി വി ജോസ് (62) റിയാദിൽ മരണമടഞ്ഞു.ഭാര്യ മേരി ചാമക്കാലയിൽ. മകൻ ജിൻസ് ജോസ് നിയോം പദ്ധതിയുടെ ഭാഗമായും, മകൾ കിംഗ് ഖാലിദ് ആശുപത്രിയിലും, മരുമകൻ സുജയ് സാമുവേൽ അൽമറായി കമ്പനിയിലെയും ജീവനക്കാരായി സൗദിയിലാണ്.
മക്കളെയും കുടുംബത്തെയും കാണുന്നതിനും കുറച്ചു കാലം അവരോടൊപ്പം ചിലവഴിക്കുന്നതിനുമായാണ് വെള്ളൂർ സ്വദേശി തച്ചെത്തുപറമ്പിൽ ടി വി ജോസ് സന്ദർശന വിസയിൽ റിയാദിൽ എത്തിയത്. ആദ്യ മൂന്ന് മാസത്തിനു ശേഷം ബഹ്റൈനിൽ പോയി വിസ പുതുക്കി വന്ന് പത്ത് ദിവസത്തിനു ശേഷം പക്ഷാഘാതം വരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യാത്ര ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ തുടർചികിത്സക്കായി നാട്ടിൽ പോകാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് കുടുംബത്തിനുള്ള ടിക്കറ്റുകൾ ശരിയാക്കി കഴിഞ്ഞ മാസം പോകാനൊരുങ്ങി. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീൽചെയർ സംവിധാനത്തിൽ ടിക്കറ്റെടുത്താണ് യാത്രയ്ക്ക് തയ്യാറായത്. യാത്രക്ക് മുമ്പായി ഡോക്ടറെ കണ്ട് യാത്ര ചെയ്യാനുള്ള ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ശരീരത്തിൽ ഓക്സിജന്റെ കുറവ് കാണപ്പെടുകയും വീണ്ടും അഡ്മിറ്റിന് നിർദ്ദേശിക്കുകയും ചെയ്യുന്നത്.
സന്ദർശന വിസയിൽ എത്തിയതിനാൽ തന്നെ തുടർ നടപടികൾ എന്തെന്നതിനെ കുറിച്ച് അറിയാത്തിതിനാൽ കേളി കലാസാംസ്കാരിക വേദിയുമായി ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി.
യാത്ര തൽക്കാലത്തേക്ക് മാറ്റി വെക്കുന്നതിനും റിയാദിൽ തന്നെ ചികിത്സ തുടരുന്നതിനും തീരുമാനിച്ചതിന്റെ ഭാഗമായി ജോസിനെ മകൾ ജോലി ചെയ്യുന്ന കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ദിവസം ഹൃദയ സ്തംഭനം സംഭവിക്കുകയും, ആരോഗ്യ നില മോശമാവുകയും ചെയ്തു. ഒരാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് നിയോം പദ്ധതിൽ ജോലി ചെയ്യുന്ന മകൻ ജിൻസ് ജോസ് ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിക്കുകയും പിതാവിന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് എംബസ്സിയുമായുള്ള രേഖകൾ ശരിയാക്കുന്നതിന്ന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ സഹായങ്ങൾ നൽകി. ഹൃദയം, കരൾ, കണ്ണുകൾ എന്നീ അവയവങ്ങൾ ദാനം ചെയ്ത് മറ്റുള്ളവർക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞു.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ജീവനക്കാരനായിരുന്ന ടി വി ജോസ് പിന്നീട് കമ്പനിയിലെ തന്നെ കരാർ ജോലികൾ ഏറ്റെടുത്തു ചെയ്ത് വരികയായിരുന്നു. കേന്ദ്ര സർക്കാർ കമ്പനി അടച്ചു പൂട്ടിയതിനെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ട ജോസ് ചെറിയതോതിലുള്ള ബിസിനസുകൾ ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
![]()
