ഗാസ സിറ്റി: ഫലസ്തീനിലെ ഗാസ അൽ ശിഫ ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ സൈന്യം ആക്രമണം തുടങ്ങി. ആശുപത്രിയുടെ സർജറി വിഭാഗം പൂർണ്ണമായും തകർത്ത സൈന്യം പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരെ ബന്ദിയാക്കി അജ്ഞാത ഇടത്തേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. സർജറി വിഭാഗത്തിലെ ഉപകരണങ്ങൾ മുഴുവൻ തകർത്ത സൈന്യം ആശുപത്രിക്കുള്ളിൽ അഴിഞ്ഞാടിയതായി അൽ ജസീറ ലേഖകൻ പറഞ്ഞു. ചികിത്സയിൽ കഴിഞ്ഞിരുന്നവരെയും പരിക്കുപറ്റിയവരെയും കണ്ണ് മൂടികെട്ടിയും കൈകൾ പിന്നിലേക്ക് കൂട്ടികെട്ടിയുമാണ് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നു ഈജിപ്ഷൻ ചാനലും റിപ്പോർട്ട് ചെയ്തു. ഇതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. ഇതിനു മുൻപും ഇസ്രായേൽ സൈന്യം അൽ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കൂടാതെ മരണപ്പെട്ട നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ജീർണ്ണിച്ച തുടങ്ങിയ മൃതദേഹങ്ങൾ ആശുപത്രി വളപ്പിൽ കൂട്ടത്തോടെ സംസ്കരിക്കുകയായിരുന്നു. 179 പേരുടെ മൃതദേഹങ്ങളാണ് ഇങ്ങനെ ആശുപത്രി പരിസരത്തു ഒരുമിച്ചു സംസ്കരിച്ചത്.
![]()
