കള്ളം …..
അനീഷ് വലിയപ്പുരക്കൽ
ആരോ ചിലർ കലക്കിയ കള്ളം
മൂഢസ്വർഗ്ഗത്തിൽ ഇരുന്നു മറ്റുചിലർ
എള്ളോളമില്ലാത്ത കഥ മെനയുമ്പോൾ
കുളത്തിൽ നഞ്ഞു കലക്കി
ചത്തുപൊന്തും മീനുകളെപോലെ
കള്ള പ്രചരണങ്ങളിൽ വശംവദയായി
സമൂഹം ഇരതേടി കാത്തിരിക്കുന്നുണ്ട്
നുരഞ്ഞു പൊന്തുന്ന നോവിലും
കണ്ണീർ വറ്റിയ നീർപോളകൾ
ഒന്ന് ഉയർത്താൻ കഴിയാതെ
നിൽക്കാനും ഇരിക്കാനുമാകാതെ
വെറുമൊരു ദീനസ്വരത്തിൽ ഒതുങ്ങി
പകലാറുവോളം വഴിമരത്തണലിൽ
ഒറ്റക്കിരുന്നവൻ അന്നാദ്യമായി
ആയിരം മതങ്ങളും
അതിലേറെ ദൈവങ്ങളും
കൂട്ടിനെത്താത്ത പ്രാര്ഥനകളുമത്രയും
അവനെ തനിച്ചാക്കിപ്പോയി
രാവിൽ നോവ് വെറുപ്പായി പരിണമിച്ചപ്പോൾ
വിശപ്പറിയാതെ വിദൂരതയിലേക്ക്
മിഴിനീട്ടി വീണ്ടും വീണ്ടും
ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട് ചിലതു
എങ്കിലും ചിലർ താൻ മെനഞ്ഞ കഥയിലെ
ആത്മരതിയിൽ നിർവൃതികൊള്ളുന്നുണ്ടാവും
വിഷാദത്തിന്റെ പാതിമയക്കത്തിൽ
ഉടുപ്പിലേക്കു പാറിവീണൊരു മിന്നാമിനുങ്ങ്
പ്രകാശംപരത്തി പറന്നുയരുമ്പോൾ
മിഴികളിൽ നിറഞ്ഞു തെളിഞ്ഞു ആ വെട്ടം
പതിയെ ശാന്തമാകുന്ന കാറ്റിൽ
മാഞ്ഞുപോകുന്ന മഴമേഘങ്ങൾ നോക്കി നിൽക്കേ
മാനത്തും മനസ്സിലും നിറഞ്ഞ നിലാവെട്ടം
എല്ലാം ആ നിമിഷത്തിൽ
അവനുമാത്രം വേണ്ടിയുള്ളതാകാം
![]()
