മുംബൈ : ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിൽ അഫ്ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. ഡബിൾ സെഞ്ചുറി നേടി ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. അഫ്ഗാൻ ചരിത്രവിജയം നേടുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും പിന്നീട് മാക്സ്വെൽ തൻ്റെ മികവ് പുറത്തെടുക്കുകയായിരുന്നു.
എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം ചേർന്ന് 202 റൺസ് മാക്സ്വെൽ കൂട്ടിചേർത്തു. ഇതിൽ 68 പന്തിൽ 12 റൺസ് മാത്രമാണ് കമ്മിൻസ് നേടിയത്. സെഞ്ചുറിയ്ക്ക് ശേഷം പരിക്കിനെയും തോൽപ്പിച്ചുകൊണ്ടാണ് മാക്സ്വെൽ ഡബിൾ സെഞ്ചുറി നേടി ടീമിനെ വിജയത്തിൽ എത്തിച്ചത്.
128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പടെയാണ് പുറത്താകാതെ 201 റൺസ് മാക്സ്വെൽ നേടിയത്.
ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ആറാം വിജയമാണിത്. ആദ്യ രണ്ട് മൽസരങ്ങളിൽ പരാജയപെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തിയത്. വിജയത്തോടെ ഓസ്ട്രേലിയ സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
143 പന്തിൽ 8 ഫോറും 3 സിക്സും അടക്കം 129 റൺസ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. അതിനൊപ്പം ഏകദിന ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമെന്ന ചരിത്ര നേട്ടവും ഇബ്രാഹിം സദ്രാൻ സ്വന്തമാക്കി.
ഇബ്രാഹിം സദ്രാനൊപ്പം 17 പന്തിൽ 2 ഫോറും 3 സിക്സും നേടിയ റാഷിദ് ഖാൻ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ സ്കോർ 290 റൺസ് കടന്നത്. 9 ഓവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹേസൽവുഡ് മാത്രമാണ് ഓസീസ് ബൗളർമാരിൽ തിളങ്ങിയത്.
![]()
