റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ലേൺ ദി ഖുർആൻ പാഠ്യ പദ്ധതിയുടെ 2023 ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ് 25”
സൂറ: ദുഖാൻ, സുഖുറൂഫ്, ശൂറ, ഫുസ്സ്വിലത്ത് വരെയുള്ള 4 സൂറത്തുകളാണ് പരീക്ഷയുടെ പാഠഭാഗം. പാഠഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്(www.learnthequran.org).
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കാളികളാകാവുന്ന തരത്തിലാണ് പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്
നവംബർ 10,വെള്ളിയാഴ്ച സൗദി സമയം ഉച്ചക്ക് 2 മണി മുതൽ രാത്രി 8 വരെയും, ഇന്ത്യൻ സമയം വൈകിട്ട് 4:30 മുതൽ രാത്രി 10.30 വരെയുമുള്ള 6 മണിക്കൂർ സമയത്തിനിടക്ക് ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെ നിന്നും പരീക്ഷയിൽ എല്ലാവർക്കും പങ്കാളികളാകാം.
പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റായ www.learnthequran.org ലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും. പരീക്ഷയിൽ പ്രവേശിച്ചാൽ 2 മണിക്കൂറാണ് പരീക്ഷ സമയം. വെബ്സൈറ്റിൽ പ്രത്യേകം തയ്യാറാക്കിയ എക്സാം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഏറ്റവും സുഗമമായി ഉപയോഗിക്കാവുന്ന പരീക്ഷ സോഫ്റ്റ്വെയറാണ് സംവിധാനിച്ചിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർത്ഥികൾക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ നവംബർ 10, പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
2023ൽ ആദ്യമായി ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷ കാഴ്ച പരിമിതർക്കായും നടത്തപ്പെടുന്നു. “അകക്കണ്ണിൽ തെളിയട്ടെ വിശുദ്ധ ഖുർആനിന്റെ പൊരുൾ” എന്ന പ്രമേയത്തോടെ കേരളത്തിലെ റിവാഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കാഴ്ച പരിമിതർക്കായി നവംബർ 10ന് പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കുവാൻ ഈ നമ്പറിൽ +919746877550 ബന്ധപ്പെടാവുന്നതാണ്.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ & അവയർനെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും , മേൽനോട്ടത്തിലുമാണ് ലേൺ ദി ഖുർആൻ പദ്ധതിയും, പരീക്ഷയും നടപ്പിലാക്കുന്നത്.
ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് ഒന്നര ലക്ഷം രൂപയുടെ പ്രത്യേക അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് നൽകുന്നതാണ്.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി “ഹെൽപ്പ് സെന്ററുകൾ” രൂപീകരിച്ചിട്ടുണ്ട്.
+9665 5052 4242,+9195 6764 9624,+9665 3629 1683,+9665 562508011 എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
കെ.എൻ.എം ഓൺലൈൻ മീഡിയ റിനൈ ടിവി, സൗദിവിഭാഗം പരീക്ഷയുടെ പ്രചരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ, കോൾ,& അവയർനെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരീക്ഷാർത്ഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷാഫലത്തോടൊപ്പം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
2000 ൽ സൗദി അറേബ്യയിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതി 23 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ്.
നവംബർ 10ന് നടക്കുന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
അബ്ദുൽ ഖയ്യൂം ബുസ്താനി, സലിം ചാലിയം, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കറ്റ് അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
![]()
