ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ഇടപെടൽ,19 വർഷത്തിന് ശേഷം
തമിഴ്നാട് സ്വദേശിനി നാടണഞ്ഞു മായവരം സ്വദേശിനി ഹസർ നിഷയാണ് ജീവിത സാഹചര്യങ്ങളോടെ പടവെട്ടി പ്രവാസ ലോകത്ത് നിന്നും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കുടുംബത്തിലേക്ക് എത്തിയത്.
ഒമാനിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഹസർ നിഷയുടെ പാസ്പോർട്ട്, ഇഖാമ (തിരിച്ചറിയൽ കാർഡ്) ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നശിച്ചിരുന്നു. ഇതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം ആയതിനാൽ, ലഭ്യമായ ജോലികൾ ചെയ്ത് കുടുംബത്തിന്റെ ഉപജീവനം തുടരുകയായിരുന്നു.
ഹസർ നിഷയുടെ ദുരവസ്ഥ അറിഞ്ഞ തമിഴർ നല സംഗം കോ-ഓർഡിനേറ്റർ എം. ദിവാനും കേരള കെ.എം.സി.സി. പ്രവർത്തകൻ റഫീഖും ചേർന്ന്, തമിഴ്നാട്ടിലെ പ്രവാസി തമിഴർ ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വാഹിദ്, മുതിർന്ന ഉപദേഷ്ടാവ് ഫാഷൻ ജ്വല്ലറി നൈനാർ മുഹമ്മദ് ബാദുഷ എന്നിവർ മുഖേന വിഷയം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് തമിഴ്നാട് സർക്കാർ അടിയന്തരമായി ഇടപെട്ട് ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ പുതുക്കി, ഹസർ നിഷയുടെ മടക്കയാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കി.
വെള്ളിയാഴ്ച (12.06.2026) രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ഹസർ നിഷയെ പ്രവാസി തമിഴർ ക്ഷേമസംഘം പ്രവർത്തകർ സ്വീകരിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ ഏകോപിപ്പിച്ച് സഹായം നൽകിയ എം. ദിവാൻ, മുഖ്യമന്ത്രി ജോസഫ് വിജയ് , പാപനാശം മണ്ഡലത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഷാജഹാൻ, സൗദി അറേബ്യ യുണൈറ്റഡ് തമിഴ് സംഘം പ്രസിഡന്റ് സിക്കന്തർ ബാബു, സെക്രട്ടറി ഡോ. നാഗരാജ് എന്നിവർക്കും ഹസർ നിഷയും കുടുംബവും ഹൃദയംഗമമായ നന്ദി അറിയിച്ചു.
![]()
