ദോഹ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, “നമ്മുടെ ഭാവിക്കായി കാലാവസ്ഥാ പ്രവർത്തനത്തിന് പ്രകൃതിയിൽ നിന്ന് പ്രചോദനം” എന്ന പ്രമേയത്തെ ആസ്പദമാക്കി ഖത്തറിലെ എൻജിനീയറിംഗ് സമൂഹത്തിനായി വിജ്ഞാനപ്രദമായ ഒരു ഓൺലൈൻ പരിപാടി വിജയകരമായി സംഘടിപ്പിച്ചു. നൂറിലധികം എൻജിനീയർമാർ പരിപാടിയിൽ പങ്കെടുത്തു.
ഖത്തർ ചാപ്റ്ററിന്റെ ഓണററി ചെയർമാൻ എൻജിനീയർ അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ)യുടെ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഒഡീഷയിലുള്ള കിറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഡോ. സരൺജിത് സിംഗ് ലോക പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക ഇടപെടൽ എന്നിവയുടെ എല്ലാ തലങ്ങളിലേക്കും പരിസ്ഥിതി സുസ്ഥിരതയെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഭാവി തലമുറകളിൽ പരിസ്ഥിതി ബോധവും നവീന ചിന്തയും ഉത്തരവാദിത്തപരമായ നേതൃത്വവും വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു
ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിക്കുകയും പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പോസിറ്റീവ് പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനും ലോകമെമ്പാടുമുള്ള ജനങ്ങളെയും സമൂഹങ്ങളെയും സംഘടനകളെയും സർക്കാരുകളെയും ഒരുമിപ്പിക്കുന്ന വേദിയാണ് ഈ ദിനമെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനും മന്ത്രാലയ മേഖലയിലെ പ്രമുഖ വ്യക്തിയുമായ ഡോ. മുഹമ്മദ് അൽ കുവാരി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകനും ‘വിശ്വ നിശാനേ പർ ഹൈ’ സ്ഥാപകനുമായ ഡോ. നിഖിൽ കാന്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതിയെ സംരക്ഷിക്കുന്നത് വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ഐ ഇ ഐ ഓണററി സെക്രട്ടറി എൻജിനീയർ അബ്ദുൾ സമീർ സ്വാഗതവും ട്രഷറർ എൻജിനീയർ ആശിഖ് കെ നന്ദിയും പറഞ്ഞു.
![]()
