കിസ് വതുൽ കഅബ അഥവാ കഅബയെ പുതപ്പിച്ച വിരി.
വിശുദ്ധ ഗേഹമായ കഅബയെ പുതച്ചിരിക്കുന്ന വിരിയാണ് കിസ്വ്വ. മക്കയിലെ പരിശുദ്ധ ഭവനം കാണുന്ന ഏതൊരു വിശ്വസിയുടെയും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നതാണ് കറുത്ത പട്ടിലും സ്വർണ്ണ നൂലിലും തീർത്ത കിസ്വ പുതച്ചു നിൽക്കുന്ന കഅബയുടെ ദൃശ്യം. വിശുദ്ധ ഭവന നിർമാണത്തിൽ പിതാവായ ഇബ്രാഹിം എന്ന പ്രവാചകനെ സഹായിച്ച മകൻ ഇസ്മായിൽ നബി ആണു ആദ്യം കഅബയെ കിസ്വ ധരിപ്പിച്ചതെന്നാണ് ചരിത്രം.
പ്രവാചകൻ മുഹമ്മദ് നബിയും ശേഷം ഖലീഫമാരുടെ കാലത്തും കിസ്വ കൊണ്ട് കഅബയെ പുതപ്പിച്ചിരുന്നതായി നമുക്ക്കാണാം. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ്ന്റെ കാലംതൊട്ടു 1926 ൽ ആലുസഊദ് ഭരണ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് സൗദിയിൽ വെച്ചു തന്നെ കിസ് വ നിർമ്മാണത്തിന് സംവിധാനം ഒരുക്കുന്നത് വരെ ഇജിപ്റ്റിനായിരുന്നു കിസ്വ നിർമാണത്തിനുള്ള ഭാഗ്യം ലഭിച്ചിരുന്നത്.
ഇന്ന് മക്കയിലെ പഴയ ജിദ്ദ റോഡിലെ ഉമ്മുൽ ജ്വാദിലുള്ള ‘മസ്നഅ ഉമ്മുൽ ഖുറാ’ എന്നും ‘മസ്നഅ കിസ് വത്തുൽ കഅബ’ എന്നും അറിയപ്പെടുന്ന ഫാക്ടരിയിൽ വെച്ചാണ് കഅബ ക്കുള്ള കിസ്വ നിർമ്മിക്കുന്നത്. ഹിജ്റ വർഷം 1397 ൽ ഫൈസൽ രാജാവിന്റെ ഭരണ കാലത്താണ് ഈ ഫാക്ട്ടറിയുടെ ഉൽഘാടനം നടന്നത്. 240 ൽ അധികം തൊഴിലാളികൾ മാസങ്ങളോളം നീണ്ടു നിൽക്കുന്ന നിർമ്മാണ പ്രയത്നങ്ങളുടെ ഫലമായാണ് കറുത്ത പട്ടിൽ സ്വർണ്ണ നൂലിൽ ഖുർആൻ ആയത്തുകൾ അഥവാ വിശുദ്ധ വാക്യങ്ങൾ ഉല്ലേഖനം ചെയ്ത കിസ്വ പൂർർത്തിയാകുന്നത്. കിസ്വ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന പട്ടിന്റെ ശുദ്ധീകരണം, ചായം മുക്കൽ, നെയ്ത്, തുന്നൽ വേലകൾ, യന്ത്ര ജോലികൾ തുടങ്ങി പല ഘട്ടങ്ങൾ കടന്നാണ് കിസ്വയുടെ നിർമ്മാണം പൂർത്തിയാകുന്നത്.
നാം കാണുന്ന കഅബ യുടെ പുറത്തെ കിസ്വ്വ കറുത്ത നിറത്തിലുള്ളതാണെങ്കിലും ഇവയുടെ അകത്തെ നിറം പച്ച നിറമാണ്. 670 കിലോഗ്രാം ശുദ്ധമായ പട്ടിൽ കറുത്ത ചായം മുക്കിയാണ് ഈ പുടവക്കുള്ള നൂല് തയ്യാറാക്കുന്നത്. 14 മീറ്റർ നീളവും 95 സെന്റ്റീമീറ്റർ വീതിയുമുള്ള 47 ടാക്ക തുണികൊണ്ട് അഥവാ 658 മീറ്റർ തുണികൊണ്ടാണ് 16 സമചതുര കഷ്ണങ്ങളിലായി പുടവ നിർമ്മാണം പൂർത്തിയാക്കുന്നത്. പുറത്തെ കിസ്വ്വ യുടെ പുറംചട്ടയിൽ ആയത്തുകളും അഥവാ വിശുദ്ധ വചനങ്ങളും ദിക്റുകളും ദൈവ സ്മരണയും ഇസ്ലാമിക കാലിഗ്രഫി അനുസരിച്ചു കൈവേലയിലൂടെ തുന്നിപിടിപ്പിക്കുന്നത് സ്വർണ്ണം നൂലിലാണ്. ഇവക്ക് ആറര മീറ്റർ ഉയരവും മൂന്നര മീറ്റർ വീതിയും ഉണ്ട്. കഅബയുടെ വാതിലിനു മുന്നിലുള്ള ‘ബുർഖഅ’ എന്ന പേരിൽ അറിയപ്പെടുന്ന വിരിയും കിസ്വയിൽ ഉൾപ്പെടുന്നതാണ്. നാല് ഭാഗത്തും വാതിലിനു മുന്നിലുള്ളതുമുൾപ്പെടെ അഞ്ചു കഷ്ണങ്ങൾ കഅബയെ ധരിപ്പിച്ച ശേഷം ഇവയെ ഒരുമിച്ചു തുന്നി ചേർക്കുകയാണ് രീതി.
അറബ് മാസം ദുൽഹജ്ജ് 9 അഥവാ അറഫ ദിനത്തിലാണ് കഅബയെ പുതിയ പുടവ അഥവാ കിസ്വ്വ അണിയിക്കുക. മാസങ്ങൾ നീണ്ടു നിൽക്കുന്ന കിസ്വ്വയുടെ നിർമ്മാണം പൂർത്തിയായാൽ ദുൽഹജ്ജ് ഒന്നിന് അവ ബന്ധപ്പെട്ടവർക്ക് കൈമാറുകയാണ് രീതി. മക്ക ഹറമിന്റെ മേൽനോട്ടം വഹിക്കുന്ന വ്യക്തിയാണ് ഇത് ഫാക്റ്ററിയിൽ നിന്ന് സ്വീകരിക്കുക. പൗരാണിക കാലത്തു കിസ്വ്വ ഒന്നിന് പുറത്തു മറ്റൊന്നായി ധരിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ സുരക്ഷിതത്വം കണക്കിലെടുത്തു ഹിജ്റ വർഷം 160 ൽ അബ്ബാസി ഖലീഫ അൽ മഹ്ദി ഒന്ന് മാത്രം ബാക്കിയാക്കി മറ്റുള്ളവ നീക്കാൻ കൽപ്പിക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് പഴയതു മാറ്റി പുതിയത് അണിയിക്കുകയാണ് ചെയ്യാറുള്ളത്. ഹജ്ജ് കാലത്തു ഈ കിസ്വ്വ കയ്യെത്താത്ത ഉയരത്തിൽ ഉയർത്തി ചുറ്റിക്കെട്ടുക പതിവാണ്. ഓരോ ബജറ്റിലും മില്യൻ കണക്കിന് റിയാലാണ് കിസ്വ്വ ഫാക്ട്ടറിയുടെ ചെലവിനായി രാജ്യം മാറ്റിവെക്കുന്നത്.
![]()
