റിയാദ്: മാനസിക അസ്വസ്ഥതകൾ കാരണം തകർന്നു പോയ ഇല്യാസ് ഒടുവിൽ നാടണഞ്ഞു. തുണയായത് റിയാദിലെ കാരുണ്യ പ്രവർത്തകരുടെ ഇടപെടൽ. കൊല്ലം കുണ്ടറ സ്വദേശി ഇല്യാസ് (42) ആണ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരുടെ ഇടപെടലിനാൽ നാടണയാ നായത്. റിയാദിലെ ഉമ്മുൽ ഹമാം ഭാഗത്തെ റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു ഇല്യാസ്. ഒരു മാസം മുമ്പ് മാനസിക അസ്വസ്ഥത അനുഭവപ്പെട്ട ഇല്യാസ് ജോലി സ്ഥലത്ത് നിന്ന് ഇറങ്ങിപ്പോകുകയും ഉമ്മുൽ ഹമാമിലെ ഒരു കടത്തിണ്ണയിൽ ദിവസങ്ങളോളം കഴിയുകയുമായിരുന്നു. ശക്തമായ ചൂടും ഭക്ഷണമില്ലായ്മയും കാരണം ഇല്യാസ് ഏറെ ക്ഷീണിച്ചിരുന്നു. ഈ വിവരം ചില ബംഗ്ലാദേശ് സ്വദേശികൾ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ശിഹാബ് കൊട്ടുകാട് വിഷയത്തിൽ ഇടപ്പെടുകയും റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകനായ നൗഷാദ് ആലുവയും കൂടി ചേർന്ന് ഇല്യാസിനെ ഏറ്റെടുക്കുകയുമായിരുന്നു.ആദ്യ ഒരാഴ്ച അനസും ശേഷം മൂന്നാഴ്ച മുജീബ് കായംകുളവും ഇല്യാസിന് താമസ സൗകര്യം ഒരുക്കി. റിയാദ് ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തകർ കൂടി ചേർന്നതോടെ ഇല്യാസ് മെല്ലെ മെല്ലെ ജീവിതത്തിലേക്ക് കടന്ന് വരികയായിരുന്നു. ആവശ്യമായ ചികിത്സയും ഭക്ഷണവും താമസ സൗകര്യങ്ങളും റിയാദ് ഹെൽപ് ഡെസക് ചെയ്തു കൊടുത്തു. ഇല്യാസിന്റെ ഇക്കാമ കാലാവധി കഴിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയുടെ സഹായത്തോട് കൂടി ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് ഇൻഡിഗോ എയർലൈൻസിൽ ഇല്യാസ് നാട്ടിലേക്കു യാത്രയാവുകയായിരുന്നു. തന്നെ സഹായിച്ച ശിഹാബ് കൊട്ടുകാടിനും റിയാദ് ഹെൽപ് ഡെസ്കിനും ഇന്ത്യൻ എമ്പസിക്കും നന്ദി പറഞ്ഞ്. നടപടികൾക്ക് ഹെല്പ് ഡസ്ക് പ്രവർത്തകരായ ഷൈജു നിലമ്പൂർ, ഷൈജു പച്ച, സലാം പെരുമ്പാവൂർ, ഡോമിനിക് സാവിയോ, ഷാൻ ബത്ത, നവാസ് കണ്ണൂർ, ഹാരിസ് ചോല, കബീർ പട്ടാമ്പി, ജവാദ് എന്നിവർ രംഗത്തുണ്ടായിരുന്നു.
![]()
