കൊളമ്പോ: മുഹമ്മദ് സിറാജ് കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നല്കി ആരാധകരുടെ കൈയടി നേടുകയാണ്.
ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ ഇടിത്തീയായിരിക്കുകയാണ് സിറാജ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ ഏഷ്യാ കപ്പ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജ് സ്വന്തം പേരിലാക്കിയത്. ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്ക്ക് പാഡ് കെട്ടാനുള്ള സമയം പോലും കൊടുക്കാതെയാണ് സിറാജ് ഗ്യാലറിയിലേക്ക് മടക്കി അയച്ചത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡിലും സിറാജ് രാജാവായിരിക്കുകയാണ്.
ഫൈനലിലെ താരമായതിന് 5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്. ഏഷ്യാ കപ്പിലെ പല മത്സരങ്ങളും കടുത്ത മഴ ഭീഷണിയിലാണ് നടന്നത്. പല തവണ മൈതാനം മൂടിയിട്ടും പിന്നീട് കവര്‍ മാറ്റിയുമെല്ലാം ഗ്രൗണ്ട് സ്റ്റാഫ് നന്നായി കഷ്ടപ്പെട്ടാണ് മത്സരം നടത്തിയത്. പ്രതികൂല കാലാവസ്ഥക്കിടയിലും ഏഷ്യാ കപ്പ് നടന്നതിന് കാരണം ഗ്രൗണ്ട് സ്റ്റാഫുകളുടെ കഷ്ടപ്പാടാണ്.
തനിക്ക് ലഭിച്ച സമ്മാനത്തുക നല്കി അവരെ ചേര്‍ത്തുനിര്‍ത്താന്‍ സിറാജ് കാട്ടിയത് വലിയ കാര്യമാണെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്നാണ് സിറാജിന്റെ വളര്‍ച്ച. ഹൈദരാബാദിലെ ഓട്ടോറിക്ഷാക്കാരന്റെ മകനാണ് സിറാജ്. അതുകൊണ്ടുതന്നെ സിറാജിന് സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാകുമെന്നും അതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.
സിറാജ് കാട്ടിയത് വലിയ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. ഫൈനലിന് തൊട്ടുമുമ്പുവരെ മഴ പെയ്തിരുന്നു. മത്സരം ആരംഭിക്കാന്‍ വൈകി. എന്നാല്‍ വേഗത്തില്‍ മത്സരത്തിനായി മൈതാനം തയ്യാറാക്കാന്‍ സ്റ്റാഫുകള്‍ക്കായി.
ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നില്‍ ഗ്രൗണ്ട് സ്റ്റാഫുകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാലും തെറ്റാകില്ല.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനായ ജയ് ഷാ ഫൈനല്‍ കാണാന്‍ കൊളംബോയിലുണ്ടായിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനായി പ്രയത്നിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 42 ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
![]()
