കണ്ണാ… നിനക്കായ്
കവിത
ശ്രീകുമാരി അശോകൻ
കണ്ണാ ഞാൻ രാധ നിൻ പ്രിയ സഖി വൃന്ദാവനത്തിലെ നിന്നാത്മസഖി
കിനാവുകളൊത്തിരി കണ്ടിവൾ
നാം ഒന്നായിത്തീരുന്ന നിമിഷങ്ങളെ
കാർവർണ്ണാ എത്ര കോർത്തിരുന്നു
വനമാല നിൻ മാറിലണിയിക്കുവാൻ
വൃന്ദാവനകുളിർ ചാരുതയിൽ നിൻ
മുരളീരവത്തിലലിഞ്ഞവൾ ഞാൻ
സായന്തനങ്ങളിൽ തരുഛായകളിൽ
നിന്നോരത്തു ഞാനെന്നും ചേർന്നിരുന്നു
നീയെനിക്കേകിയ ദിവ്യാനുരാഗത്തിൻ
നീലിമയിൽ ഞാനലിഞ്ഞുപോയി
നിൻ മിഴികളിൽ വിരിയുന്ന
പ്രണയസൂനങ്ങളാൽ കണ്ണാ
എൻ മനമാകും മലർവാടി നിറഞ്ഞുപോയി
പരിഭവം പറയാതെ സ്നേഹിച്ചു ഞാനെന്നും
ഉള്ളിന്റെയുള്ളിലെൻ പ്രിയ തോഴനെ വസന്തങ്ങളെത്ര വിരിയിച്ചു നീയെന്റെ
മാനസസരസിൻ തീരങ്ങളിൽ
ഇന്നു ഞാൻ ഏകയായ് പ്രിയനേ
ഈ വൃന്ദാവനലതാ നികുഞ്ചത്തിൽ
നിന്നോർമ്മകൾ തളിരിടും മനവുമായി
പ്രണയാക്ഷരങ്ങൾ വിരിഞ്ഞൊരാ
നീലക്കടമ്പിന്റെ തളിർ ശാഖയിൽ
വെറുതേ മിഴിനട്ടിരിപ്പു നിരാശയോടെ
വിരഹാഗ്നിയാൽ നീറുമെൻ പ്രാണനിൽ
വർഷമായ്, വസന്തമായ്, വനമാലിയായ് വന്നിടുമോ കണ്ണാ വന്നിടുമോ
ഹൃതു ചക്രവർത്തിനി ചാമരം വീശുന്ന
വൃന്ദാവനത്തിലൊന്നണയുമോ നീ
കാത്തിരിപ്പൂ കണ്ണാ കാത്തിരിപ്പൂ
നിൻ കാലടിയൊച്ചയ്ക്കായ് കാത്തിരിപ്പൂ.
![]()
