കൊച്ചി : മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയുടെ വാഹനത്തിനു വട്ടം വച്ച ലോറി ഡ്രെെവറെ അറസ്റ്റു ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്നാട് സ്വദേശിയാണ് പൊലീസ് പിടിയിലായത്. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കളമശ്ശേരി പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കിലോമീറ്ററുകളോളം സുരേഷ് ഗോപിയുടെ കാറിന് സെെഡ് കൊടുക്കാതെ ലോറി ഡ്രെെവർ സഞ്ചരിക്കുകയായിരുന്നു എന്നാണ് വിവരം. മാത്രമല്ല കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ ലോറി ഡ്രെെവർ മനഃപൂർവ്വം കാറിനെ തടസ്സപ്പെടുത്തുകയായിരുന്നു എന്നും സുരേഷ് ഗോപിയുടെ ഡ്രെെവർ വ്യക്തമാക്കി. സഹികെട്ടപ്പോഴാണ് പൊലീസിനെ വിളിക്കേണ്ടി വന്നതെന്നും ഡ്രെെവർ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ.
വാഹനാപകടത്തിൽ മരിച്ച നടൻ സുധിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി. തുടർന്ന് അദ്ദേഹം തൃശ്ശൂർക്ക് പോകുകയായിരുന്നു. കാർ എറണാകുളം കളമശ്ശേരി തോഷിബ ജങ്ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാർഗ തടസ്സമുണ്ടാക്കിയത്. സന്നായി മുന്നോട്ടു പൊയ്ക്കോണ്ടിരുന്ന ലോറി പെട്ടെന്ന് വേഗത കുറയ്ക്കുകയായിരുന്നു. പലതവണ സുരേഷ് ഗോപിയുടെ ഡ്രൈവർ കാർ ഓവർടേക്ക് ചെയ്യാനുള്ള ശ്രമം നടത്തി. എന്നാൽ മുന്നിൽ നിന്ന് മാറാൻ ലോറി കൂട്ടാക്കിയില്ല. ഡ്രെെവർ ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്തെങ്കിലും ടാങ്കർലോറി ഡ്രൈവർ അത് ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു വാഹനമോടിച്ചത്. മാത്രമല്ല അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിച്ച് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു.
കാർ ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ഇടത്തേക്ക് തിരിക്കുമ്പോൾ ലോറിയും ഇടത്തേക്കു വരും. കാർ വലത്തേക്ക് പോകുമ്പോൾ ലോറി വലത്തുമാറി തടസ്സമുണ്ടാക്കും. സഹികെട്ട സാഹചര്യത്തിലാണ് സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് കളമശ്ശേരി പൊലീസ് രംഗത്തെത്തുകയായിരുന്നു. പൊലീസ് അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി ഡ്രെെവറെയും ലോറിയെയും കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പോലീസ് അറിയിച്ചു. വാഹനം പിന്നീട് കോടതിക്ക് കൈമാറി.കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഐ സുബൈർ വിഎ, സിപിഒ ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
![]()
