തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതി കേരളത്തില്‍ ചൂടുള്ള ചര്‍ച്ചയായി മാറവേ സിപിഎം ആശയക്കുഴപ്പത്തില്‍. അതിവേഗ റെയിലിൽ ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. ശ്രീധരന്റെ നീക്കത്തില്‍ ബിജെപി വളരെപ്പെട്ടെന്നു ഇടപെടുകയും ശ്രീധരന്റെ വീട്ടില്‍പ്പോയി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തന്നെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിപിഎം ആശയക്കുഴപ്പത്തില്പ്പെട്ടത്. അതിവേഗ റെയിലില്‍ ബിജെപി പിന്തുണ തിരിച്ചടിയ്ക്കുമോ എന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന സന്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനാണ് സിപിഎം നീക്കം. അതിവേഗ റെയിൽ പദ്ധതി എതിരാളികൾക്ക് രാഷ്ട്രീയ ആയുധമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. എല്ലാവിഭാഗങ്ങളുടെയും പിന്തുണയോടുകൂടി ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധ്യപ്പെടുത്തിയശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.
മുന്നണിയിലെ ഘടകക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടക്കും. സിൽവർലൈനില്‍ വന്നതുപോലെയുള്ള തിരിച്ചടികള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ബലപ്രയോഗത്തിലൂടെയുള്ള സർവേയ്ക്കെതിരെ സിപിഐയിൽ വിമർശനം ഉണ്ടായി. ഇ.ശ്രീധരനെ മുന്നിൽനിർത്തിയാൽ എതിർപ്പ് പരമാവധി കുറയുമെന്ന പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങളിലുണ്ട്. ഇതിന്റെ ഭാഗമായാണ് കെ.വി.തോമസിനെ ചർച്ചകൾക്കായി നിയോഗിച്ചത്. ശ്രീധരൻ മുന്നോട്ടുവച്ച റെയിൽപദ്ധതിയെപ്പറ്റി പാർട്ടി ചർച്ച ചെയ്യും. സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്
![]()
