തിരുവനന്തപുരം :പ്രവാസി പെൻഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി.
പ്രവാസി പെൻഷൻ വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പി എൽ സി നൽകിയ കേസ് നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
എന്നാൽ, കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പോലും പെൻഷൻ വിതരണം തുടർച്ചയായി വൈകിക്കൊണ്ടിരിക്കുകയാണ്. 2026 മെയ് മാസത്തെ പെൻഷൻ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. 2026 ജൂൺ 17-നുള്ള കണക്കുപ്രകാരം കാലതാമസം 47 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത് സർക്കാർ കോടതിയിൽ കൊടുത്തിട്ടുള്ള ഉറപ്പുകൾക്ക് വിരുദ്ധമാണെന്ന് പി എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുരളീധരൻ ആരോപിച്ചു.
അതോടൊപ്പം തന്നെ ഇപ്പോൾ ഹൈ കോടതിയിൽ ഉള്ള കേസിന് അനുബന്ധമായി ഉടനെ ഒരു interlocutory application (IA) ഈ വിഷയവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യാൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
നിവേദനത്തിലെ പ്രസക്തഭാഗങ്ങൾ :
1. 2026 മെയ് മാസത്തെ കുടിശ്ശിക പ്രവാസി പെൻഷനും മറ്റ് കുടിശ്ശിക തുകയും അടിയന്തിരമായി വിതരണം ചെയ്യുക.
2. പ്രവാസി പെൻഷൻ വിതരണം പ്രതിമാസ അംശാദായ വരുമാനത്തെ മാത്രം ആശ്രയിക്കാതെ പ്രവാസി പെൻഷൻ പദ്ധതിക്ക് മതിയായ വാർഷിക ബജറ്റ് വിഹിതം അനുവദിക്കുക.
3. ക്ഷേമനിധിയിലേക്കുള്ള സർക്കാർ വിഹിതം ഗണ്യമായി വർധിപ്പിക്കുക. കേരള നോൺ-റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ആക്ട്, 2008-ലെ വകുപ്പ് 4(3) പ്രകാരം നിലവിൽ അംഗങ്ങളുടെ അംശദായത്തിന്റെ 2 ശതമാനം മാത്രമാണ് സർക്കാർ സംഭാവനയായി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് തികച്ചും അപര്യാപ്തമായതിനാൽ അടിയന്തരമായി പുനഃപരിശോധിച്ച് വർധിപ്പിക്കേണ്ടതാണ്.
4. 24.07.2024-ലെ ആക്ച്വേറിയൽ (Actuarial) മൂല്യനിർണയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുകയും, ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സുസ്ഥിരമായ ഒരു ആക്ച്വേറിയൽ ധനസമാഹരണ മാതൃക സ്വീകരിക്കുകയും ചെയ്യുക.
5. വിവിധ സർക്കാരുകൾ, സ്ഥാപനങ്ങൾ, CSR ഫണ്ടുകൾ, മറ്റ് നിയമാനുസൃത സ്രോതസ്സുകൾ എന്നിവയിൽ നിന്ന് ധനസമാഹരണം നടത്തുന്നതിനായി നിയമത്തിലെ വകുപ്പ് 8 പ്രകാരം വിഭാവനം ചെയ്തിട്ടുള്ള പ്രത്യേക സഹായനിധി രൂപീകരിച്ച് പ്രവർത്തനസജ്ജമാക്കുക.
6. ഓരോ മാസവും നിശ്ചിത തീയതിയിൽ പെൻഷൻ വിതരണം ഉറപ്പാക്കുന്ന ഒരു സ്ഥിരം പെൻഷൻ വിതരണ കലണ്ടർ പ്രസിദ്ധീകരിക്കുകയും, ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ നിശ്ചിത ഇടവേളകളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക.
![]()
