ദമ്മാം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗ്യാരന്റിയിലൂടെ യു ഡി എഫ് നല്കിയ ഏറ്റവും പ്രധാന വാഗ്ദാനമായ കെ എസ് ആർ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കിയ ചരിത്രപരമായ തീരുമാനത്തിൽ സൗദി ഒ ഐ സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് വനിതാവേദി മധുര വിതരണം നടത്തിയും ആഹ്ലാദം പങ്കുവച്ചും പ്രവാസ ലോകത്തും ആഘോഷമാക്കി.
യു ഡി എഫ് മന്ത്രിസഭ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ, സ്ത്രീ ശാക്തീകരണ രംഗത്ത് വലിയൊരു നാഴികക്കല്ലാകുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി വി.ഡി സതീശനെയും, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിനെയും യു ഡി എഫ് മന്ത്രിസഭയെയും ഒ ഐ സി സി വനിതാവേദി സൗദി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ് ലിബി പാപ്പച്ചൻ ജയിംസും, ജനറൽ സെക്രട്ടറി ഹുസ്നാ ആസിഫും അഭിനന്ദിച്ചു
ഇന്ദിരാ ഗ്യാരന്റിയിലൂടെ നൽകിയ സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്ക് നല്കുന്ന ഔദാര്യമല്ലെന്നും, അത് ഈ സർക്കാർ കേരളത്തിലെ സത്രീകൾക്ക് നൽകുന്ന ആദരവാണെന്നും ‘പ്രിയദർശിനി’ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് സ്ത്രീ സമൂഹത്തോടുള്ള യു ഡി എഫ് സർക്കാരിന്റെ കരുതലാണ് വ്യക്തമാക്കുന്നതെന്ന് ഒ ഐ സി സി ദമ്മാം ഈസ്റ്റേൺ പ്രോവിൻസ് വനിതാവേദി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകൾക്കും സമൂഹത്തിലെ പിന്നാക്ക-ദുർബല വിഭാഗങ്ങൾക്കും വലിയ രീതിയിൽ താങ്ങാകുന്നതാണ് സർക്കാരിന്റെ ഈ സുപ്രധാന ചുവടുവെപ്പ്. ദൈനംദിന യാത്രാച്ചെലവുകളിൽ ഉണ്ടാകുന്ന ഈ ഇളവ് സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയ്ക്കും സ്വയംപര്യാപ്തതയ്ക്കും ഏറെ സഹായകരമാകുമെന്ന് ഒ ഐ സി സി വനിതാവേദി വിലയിരുത്തി.
കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ട ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രയുടെ ആദ്യഘട്ടമാണ് ഏഴ് വിദാഗങ്ങളിൽപെട്ട ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.’പ്രിയദർശിനി’ പദ്ധതിയ്ക്കെതിരെ സി പി എമ്മും, ബി ജെ പി യു ഉന്നയിക്കുന്ന അനാവശ്യ ആരോപണങ്ങൾ തീർത്തും ബാലിശമാണ്. വി.ഡി സതീശൻ സർക്കാർ നടപ്പിലാക്കുന്ന ജനകീയ പദ്ധതികളിൽ അസൂലായുക്കളായവർ ഉന്നയിക്കുന്ന മുടന്തൻ ആരോപണങ്ങളെ കേരളത്തിലെ സ്ത്രീ സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഒ ഐ സി സി വനിതാവേദി നേതാക്കൾ പറഞ്ഞു.
ഡോ.സിന്ധു ബിനു, രാധികാ ശ്യാം പ്രകാശ്, അർച്ചന അഭിഷേക്, അഞ്ജു നിറാസ്, വിന്ദുജ, സൗമി നവാസ്, നിമ്മി സുരേഷ്, സിമി സഗീർ, ഷീജ സതീഷ് എന്നിവർ നേതൃത്വം നൽകി.
![]()
