റിയാദ്- സൗദി അറേബ്യയില്‍ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) നിരോധിച്ചുവെന്നും ഉപയോഗിക്കുന്നവര്‍ക്ക് വന്‍തുക പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും വ്യാജപ്രചാരണം നടക്കുന്നുണ്ട്. വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴയോ ഒരു വര്‍ഷം തടവോ രണ്ടുമൊന്നിച്ചോ ലഭിക്കുമെന്നും പ്രചരിക്കുന്നു. അടുത്തിടെ എക്സ് പ്ലാറ്റ്ഫോമില്‍ ഏതാനും സൈബര്‍ നിയമവിദഗ്ധര്‍ വിപിഎന്നുമായി ബന്ധപ്പെട്ടു നടത്തിയ ചര്‍ച്ചകളാണ് അഭ്യുഹങ്ങള്‍ക്കാധാരം.
നിലവില്‍ സൗദി അറേബ്യയില്‍ വിപിഎന്‍ ഉപയോഗം കുറ്റകരമാക്കുന്ന ഒരു നിയമവും ഇല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും നിരോധന നിയമനിര്‍മാണം ഉണ്ടായാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സോഫ്റ്റ്വെയര് എന്‍ജിനീയറിംഗ് സ്പെഷ്യലിസ്റ്റ് ഡോ. ഹസ്സാം അല്‍സബീഇ പറഞ്ഞു. ആര്‍ട്ടിക്കിള്‍ മൂന്നിലെ മൂന്നാം ഖണ്ഡിക പ്രകാരം ചാരപ്രവര്‍ത്തനം, നുഴഞ്ഞുകയറ്റം, ഹാക്ക് ചെയ്യല്‍ എന്നിവക്ക് വേണ്ടി സിസ്റ്റങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. ഈ നിയമപരിധിയിലാണ് വിപിഎന്നിനെ ചിലര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിയമം അനാവശ്യമായി വ്യാഖ്യാനിക്കുകയാണ്. ചില വിപിഎന്‍ ആപ്ലിക്കേഷനുകള്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന് ഉപയോക്താക്കള്‍ മനസ്സിലാക്കണം.
സൈറ്റുകളിലേക്കുള്ള പ്രവേശന നിരോധനം മറികടക്കാന്‍ ഒരേയൊരു സാങ്കേതിക വിദ്യ വിപിഎന്‍ അല്ലെന്ന് തിരിച്ചറിയുകയും വേണം. സൗദിയില്‍ വന്‍കിട കമ്പനികളെല്ലാം അവയുടെ ഡാറ്റകള്‍ ഹാക്കര്‍മാരില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിന് വിപിഎന്‍ ഉപയോഗിക്കുന്നുണ്ട്.
![]()
