റിയാദ്: ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവർക്കിടയിൽ പ്രവർത്തിക്കേണ്ടവരാണ് പ്രബോധകർ എന്ന്
വിസ്ഡം ഇസ്ലാമിക് ഓർഗ്ഗനൈസേഷൻ കേരള പ്രസിഡണ്ട് പി.എൻ അബ്ദുലത്തീഫ് മദനി പറഞ്ഞു. നമുക്ക് ചുറ്റും ജീവിക്കുന്ന പ്രവാസി മലയാളി സഹോദരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അറിയാനും വിശ്വാസ പരവും വൈയക്തികവുമായ പരിഹാരങ്ങളിലേക്ക് വഴിനടത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്, വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം വിവേകം നയിക്കുന്ന നയവും നിലപാടുകളുമാണ് നമുക്കുണ്ടാവേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൽമിഫ്താഹ് -2 ദഅവ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ഇസ്ലാഹി പ്രസ്ഥാനം നിര്വ്വഹിച്ചു പോകുന്ന മതപരവും സാമൂഹികാവുമായ ഇടപെടലുകൾ ശക്തവും സുച്ചിന്തിതവുമായി നടപ്പിലാക്കേണ്ടത് ഇന്ന് കാലം ആവശ്യപെടുന്ന ദൗത്യമെന്ന് നാം തിരിച്ചറിയണമെന്ന് പ്രമുഖ ക്വുർആൻ പരിഭാഷകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉണർത്തി. വെല്ലുവികളെ സധൈര്യം ഏറ്റെടുത്ത് സമൂഹത്തെ നേരിൻറെ വഴിയിൽ നയിക്കാൻ സാധ്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക അധ്യാപനങ്ങളും പ്രവാചക ചര്യയും ശരിയായി മനസ്സിലാക്കാനും നമ്മുക്ക് സാധിക്കേണ്ടതുണ്ട്, പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ച കക്ഷികൾക്കെതിരെ ജാഗ്രതപാലിക്കാനും നേരിൻറെ വഴിയിൽ പ്രവർത്തിക്കാനും പ്രബോധനം ചെയ്യാനും പരിശ്രമിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗ്ഗനൈസേഷൻ കേരള വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി അഭിപ്രായപ്പെട്ടു. ലക്ഷ്യം മറന്നുള്ള പ്രബോധകൻറെ ഇടപെടലുകൾ വൃഥാവിലാവും, അല്ലാഹുവിൻറെ പ്രീതി മാത്രം കാംക്ഷിച്ച് പ്രബോധന പ്രവർത്തനങ്ങളിൽ മുന്നേറാൻ സാധിക്കണം. നൈമിഷാ ജീവിതത്തെ സാർത്ഥകമാക്കാൻ പരിശ്രമിക്കണമെന്നും ജാമിഅഃ അൽഹിന്ദ് അൽ ഇസ്ലാമിഅ ഡയറക്ടർ ഫൈസൽ മൗലവി അഭിപ്രായപ്പെട്ടു.
എട്ടാം വർഷത്തിലേക്ക് കടക്കുന്ന നേർപഥം വാരിക പ്രചാരണത്തിൻറെ സഊദി തല ഉദ്ഘാടനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവ്വഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗ്ഗനൈസേഷൻ കേരള വൈസ് പ്രസിഡന്റ് ശരീഫ് എലാങ്കോട്, ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, കൺവീനർ ജഅഫർ പൊന്നാനി, ഫയാസ് കുറ്റിച്ചിറ പ്രസീഡിയം നിയന്ത്രിച്ചു. അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷുക്കൂർ ചക്കരക്കല്ല് മോഡറേറ്ററായിരുന്നു. നിച്ച് ഓഫ് ട്രൂത്ത് റിയാദ് ചെയർമാൻ യൂസുഫ് ശരീഫ് സ്വാഗതവും കൺവീനർ മുഹമ്മദ് കൊല്ലം നന്ദിയും പറഞ്ഞു.
![]()
