വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്.
രാജ്യസേവനത്തിനിടെ ജീവൻ വെടിഞ്ഞ ധീരൻമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 21ധീരസ്മൃതി ദിനമായി ആചരിച്ചുവരുന്നു. 1959 ഒക്ടോബർ 21 ന് ലഡാക്കിൽ ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ 10 CRPF ഉദ്യോഗസ്ഥരുടെ സ്മരണയിലാണ് രാജ്യം ധീരസ്മൃതിദിനം ആചരിക്കാൻ ആരംഭിച്ചത്.
ക്രമസമാധാനപാലനത്തിനും ജനങ്ങളുടെ രക്ഷയ്ക്കുമായി പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ത്യാഗപൂർണ്ണമായ സേവനത്തെ സ്മരിക്കാൻ രാജ്യമെങ്ങും ഈ ദിവസം ധീരസ്മൃതിദിനമായി ആചരിച്ചുവരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു പോലീസുദ്യോഗസ്ഥരാണ് കേരളത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ചത്. കോട്ടയം ജില്ലയിൽ ജോബി ജോർജ് എന്ന പോലീസ് സബ് ഇൻസ്പെക്ടർ ചീട്ടുകളിസംഘത്തെ പിടികൂടുന്നതിനിടയിൽ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണു മരിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ താനൂരിൽ ഉണ്ടായ ബോട്ട് അപകടത്തിലാണ് കലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം പി സബറുദ്ധീൻ വീരചരമം പ്രാപിച്ചത്. ഔദ്യോഗിക കൃത്യനിർണത്തിന്റെ ഭാഗമായി ബോട്ടിൽ സഞ്ചരിക്കുമ്പോളായിരുന്നു അപകടമുണ്ടായത്.
ധീരസ്മൃതിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ഇക്കൊല്ലം വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും പുഷ്പചക്രങ്ങൾ അർപ്പിക്കുകയും ചെയ്യും. ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുകയെന്ന കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള കണ്ണീർ പൂക്കളാണ് ഈ ചടങ്ങ്.
![]()
