റിയാദ്: കടൽ കടന്ന കരുണ,ഒട്ടേറെപ്പേർക്ക് ജീവൻ പകുത്തു നൽകി ആൻസ് ജോർജ്ജ് യാത്രയായി.സൗദിയിൽ ജോലിക്കിടയിൽ അപകടത്തിൽ മരണപ്പെട്ട മലയാളിയുടെ അവയവങ്ങൾ ദാനം ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) ന്റെ അവയവങ്ങളാണ് ഒട്ടേറെപ്പേർക്കു ഇനി ജീവനേകുക. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർക്ക്ഷോപ് നടത്തി വരികയായിരുന്നു ആൻസ് ജോർജ്.
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ആൻസ് ജോർജിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. റിയാദിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ 14നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് സഹോദരൻ ആൽബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവിനെ ബന്ധപ്പെടുകയായിരുന്നു. അവയവ ദാനത്തിനു സിന്ധുവിന്റെയും ആൻസിന്റെ മാതാപിതാക്കളുടേയും സമ്മതപത്രം ലഭിച്ചു. ഇതോടെ ആശുപത്രി അധികൃതർ ആൻസിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാനായി നീക്കം ചെയ്തു. റിയാദിലുള്ള മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സഹോദരൻ ജോയിസ് പറഞ്ഞു. കാപ്പുന്തല പഴുക്കാത്തറയിൽ ടി. എ. ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ് ജോർജ്. ഭാര്യ: സിന്ധു. മക്കൾ: സിനു, ആൻസു.( ഇരുവരും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്). കേരള കോൺഗ്രസ് (എം ) സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹിയുമായ ബോണി ജോയ്, രജിത് മാത്യു എന്നിവർ നടപടിക്രമങ്ങൾക്ക് രംഗത്തുണ്ട്.
![]()
