പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ,മൂഴിയാർ ഡാമുകൾ തുറന്നു.വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായതായാണ് സൂചന.അധികജലം ഒഴുകി എത്തിയതിനെ തുടർന്നാണ് ഡാം തുറന്നത് അധികൃതർ അറിയിച്ചു.
മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയർത്തി.ഇതിൽ രണ്ടെണ്ണം പിന്നീട് അടക്കുകയും ചെയ്തു.നിലവിൽ രണ്ടാം നമ്പർ ഷട്ടർ മാത്രം 50 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്.രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.മൂഴിയാർ സായിപ്പിൻകുഴി ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് സംശയം.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഗവിയിലേയ്ക്കു പോകുന്ന വഴിയിൽ കക്കിത്തും ആനത്തോടിനും സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽഗവിയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിയതായി റേഞ്ച് ഓഫിസ് അധികൃതർ അറിയിച്ചു.
![]()
