ഖുബ്ബൂസ് …….ഇതൊരു വേൾഡ് മെനുവിൽ പെടുന്നുണ്ടെങ്കിലും ആദ്യമായി എത്തുന്ന പ്രവാസി മല്ലൂസ് ഒരുമ്മിണി അവജ്ഞയോടെ നോക്കുമായിരുന്നു . പിന്നെ പിന്നെ ഇതിന്റെ വാസനയോളം ഹൃദ്യമായൊരു പലഹാര മണം വേറെയില്ലാത്ത തരത്തിൽ അഡിക്ടാവുകയാണ് പതിവ്.
ഖുബ്ബൂസിന്റെ വിലക്കുറവും ഏത് ഷോപ്പുകളിലും അവൈലബിൾ ആണെന്നതും മാത്രമല്ല അമിതമായ സിന്തറ്റിക് ചേരുവകൾ ഇല്ലെന്നതും പണക്കുറവിനാൽ ‘എത്ര മാത്രം നമുക്ക് വിശക്കുന്നുവോ അത്രയും രുചികരമാവുന്നു എന്നതും കാരണമാണ് . വിശപ്പിന്റെ നീരാളി പിടിത്തത്തിൽ അര ഖുബ്ബൂസും അര ഗ്ലാസ് വെള്ളവും മാത്രം കഴിച്ചുകൊണ്ട് ബാക്കി നാളത്തേയ്ക്ക് മാറ്റി വെച്ചിരുന്ന മരു ഭൂമിയിൽ ജോലി ചെയ്തിരുന്ന ഒരാളുടെ കഥ പറച്ചിൽ ഞാനെത്ര ഭാഗ്യവാൻ എന്നെന്നെ ഓർമിപ്പിച്ചിട്ടുണ്ട്.

ഖുബൂസുകൾ പലതരത്തിലും പല രാജ്യങ്ങളുടെ പേരുകളിലും അറിയപ്പെടുന്നുണ്ട്മരുഭൂമിയിലെ താമസക്കാർ മാവ് പരുവപ്പെടുത്തി തീ ഉപയോഗിക്കാതെ തുണി കൊണ്ട് പൊതിഞ് തിളച്ച മണ്ണിൽ കുഴിച്ചു വെച്ച് ഉണ്ടാക്കുന്ന താണ് ഒറിജിനൽ എന്ന് കേട്ടിട്ടുണ്ട് .
എന്റെ പ്രവാസ കേന്ദ്രമായ നജ്റാനിലെ ഹുസയിനിയയിൽ നാല് തരം കുബ്ബൂസ് കിട്ടുന്നുണ്ട് . ബക്കാലകളിൽ രാവിലെ തന്നെ എത്തുന്ന ഒരു പാക്കറ്റിൽ അഞ്ചെണ്ണമുള്ള ഫാക്ടറി ഖുബ്ബൂസ് .
അഫ്ഘാനിസ്ഥാനികൾ ചൂളയിൽ ചുട്ടെടുക്കുന്ന വലിയകുബ്ബൂസ് (തമീസ് )പാക്കിസ്ഥാനികളുടെ ഹോട്ടലിൽ കിട്ടുന്ന അവരുടെ സ്വന്തം ഖൂബുസ് . തണുത്ത് കഴിഞ്ഞാൽ വടം വലിക്ക് ഉപയോഗിക്കാവുന്ന യമനിയുടെ ഹോട്ടലിലെ ഖുബ്ബൂസ് …..
നിതാഖാത്തൊക്കെ വരും മുന്നേ ബാംഗ്ളൂരി ഇസ്മായിലും യുപി ക്കാരൻ കമലും ഡീസൽ ചൂളയിൽ ഉണ്ടാക്കിയിരുന്ന തന്തൂരി മോഡൽ ഖുബ്ബൂസ് കിട്ടാതായപ്പോളാണ് അതിന്റെ മണവും രുചിയുമോർത്തു നാവിൽ വെള്ളംവരുന്നത്….
ബഹ്റൈനിൽ ഉണ്ടായിരുന്ന കാലത്ത് ഇബ്നുൽ വലീദ് മാർക്കറ്റിൽ ഉള്ള ബക്കാല യിലെ തന്നെ ചുളയിൽ എട്ടോളം പേർ യന്ത്രം പോലെ പണിയെടുക്കുന്ന ഇറാനിയുടെ കുബ്ബൂസിനായി എപ്പോളും നീണ്ട ക്യു ആയിരുന്നു റമളാനിൽ വൈകിട്ട് മൂന്ന് മുതൽ തന്നെ ആളുകൾ എത്തുമായിരുന്നു .
കാത്ത് നിൽക്കാനുള്ള മടി കാരണം കടകളിൽ പാക്കറ്റിൽ വരുന്ന ചെറിയ മധുരമുള്ള ലെബനോൻ കുബ്ബൂസ് ആയിരുന്നു നമ്മക്ക് കിട്ടിയിരുന്നത് .
നോമ്പ് കാലങ്ങളിൽ നാല് മണി മുതൽക്കേ ഇറാനിയുടെ കുബ്ബൂസിനായി ക്യു നിൽക്കുന്ന ബഹ്റൈനികൾ ആക്കാലത്തെന്നെ അത്ഭുതപെടുത്തിയിട്ടുണ്ട് ഇത്തവണത്തെ റമളാനിൽ മക്കയിലെ താമസത്തിനിടയിൽ വീണ്ടും ആക്കാഴ്ച കാണാനിടയായി ഫ്രഷ് ആയി ചുട്ടെടുക്കുന്ന കുബ്ബൂസിനായി സൗദികൾ ക്യു നില്കുന്നു

ഇപ്പോൾ നാട്ടിൽ കുബ്ബൂസ് ഇല്ലാത്ത കടകൾ ഇല്ലാതായിരിക്കുന്നു. കുബ്ബൂസും ചിക്കൻ കറിയും ഹോട്ടലുകളിലെ മെനു ആയപ്പോൾ പൊറോട്ടയ്ക്ക് പരിഭവം ആയി തുടങ്ങി എങ്കിലും പൊറോട്ടയും ബീഫ് ഫ്രയ്യും വാശിയോടെ കഴിക്കുന്ന കാര്യത്തിൽ മലയാളി മുന്നിൽ തന്നെ നാവിൽ വെള്ളമൂറുന്ന ആ രുചി കീഴടക്കാൻ ഒരു കുഴി മന്തിക്കും കുബ്ബൂസിനും കഴിയില്ല
80-90കളിലെ പ്രവാസികളോട് അവിടെ ഭക്ഷണം എങ്ങിനെ എന്ന് ചോദിച്ചാൽ അവജ്ഞയോടെ പറഞ്ഞിരുന്ന ഒറ്റ വാക്ക്
ഹോ.. കോഴിയും അരിയും കൂടി ഇട്ട് പുഴുങ്ങി എടുക്കുന്നൊരു ചോറ് പിന്നെ കുബ്ബൂസ് നമ്മക്കതെന്നും പറ്റില്ലപ്പാ എന്നായിരുന്നു…..
നിരന്തരം നാട്ടിൽ തന്നെ നിൽകുമ്പോൾ പ്രവാസത്തിലെ സ്വന്തം പാചക ഭക്ഷണങ്ങൾ ഓർത്ത് നാവിൽ വെള്ളമൂറാത്ത ആരുണ്ട് അങ്ങിനെയാണോ പല പ്രവാസികളും തിരിയെ പ്രവാസം പ്രണയിക്കുന്നത് എന്ന് തോന്നാറുണ്ട്
ഗൾഫ് രാജ്യങ്ങളിൽ സർക്കാർ വൻ സബ്സിഡി നൽകുന്ന ഒരു പലഹാരമായത് കൊണ്ട് ലാഭത്തിൽ വാങ്ങാൻ പറ്റുന്നത് കൊണ്ട് എന്തായാലും സ്വന്തം കിച്ചണിൽ കുബ്ബൂസ് ഉണ്ടാക്കുവാൻ ആരും മിനക്കെടുമെന്ന് തോന്നുന്നില്ല തന്നെയുമല്ല വലിയ ചൂളയും മറ്റ് സംവിധാനങ്ങളും ഒരുക്കുക എന്നത് അസാധ്യവും
കുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് പോലും ഇടക്കൊന്ന് പേര് മാറ്റി എഫ് ബി വായനക്കാരെ കൊണ്ട് കുബ്ബൂസിനെ മറപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവാസിയും കുബ്ബൂസും അവനവന്റെ ഓരോ കാലുകൾ പോലെയാണ്
നടക്കാൻ ഇഷ്ടമില്ലാത്തവൻ ഷുഗർ കൂടുമ്പോൾ നടക്കാൻ നിർബന്ധിതനാവുന്ന പോലെ പ്രവാസവും കുബ്ബൂസും ഇഴ പിരിയാ ബന്ധമാണ്
നോർത്ത് ഇന്ത്യക്കാർ കുബ്ബൂസും പരിപ്പുകറിയും പച്ച സവാളയും കഴിക്കുമ്പോൾ കേരളക്കാർക്ക് കോഴിക്കറി ആണിഷ്ടം
മസ്രികൾ (ഈജിപ്റ്റ്കാർ ) ടിന്നിൽ വരുന്ന ട്യുണ മത്സ്യവും അതിന്റെ വെള്ളവും കുബ്ബൂസും ആർത്തിയോടെ കഴിക്കുന്നത് കാണാം
അറബികൾക്ക് കുബ്ബൂസും കട്ട തൈരും ഒരുതരം പൊടിയും പെപ്സിയും ആണിഷ്ടം
ബംഗാളികൾ പൊതുവെ കുബ്ബൂസ് പ്രിയർ ആയി കാണുന്നില്ല
യമനികൾ കുബ്ബൂസിന്റെ ആരാധകരാണ് അവർ എന്തും കൂട്ടി കുബ്ബൂസ് കഴിക്കും
വർഷങ്ങൾക്ക് മുന്നേ തന്നെ നജ്റാനിൽ നിന്ന് വരുന്ന ബാവാക്കയുടെ കുബ്ബൂസ് വണ്ടി വരുന്നതും കാത്ത് പുത്തൂർ (പ്രഭാത ഭക്ഷണം )കഴിക്കാൻ കറിയുണ്ടാക്കിക്കാത്തിരിക്കല് ഇപ്പൊളും തുടരുന്നു
അറബ് വംശജരുടെ ആരോഗ്യ ഭക്ഷണമായ കുബ്ബൂസിനെ കുറിച്ച് ഇനിയുമേറെ വാചാലത പുറപ്പെടുവിക്കാൻ ഉണ്ടെങ്കിലും തല്ക്കാലം ചുരുക്കുന്നു
![]()
