ഇന്ത്യൻ കമ്പനികളെ ആകർഷിക്കാൻ ഈജിപ്ത് നിക്ഷേപ മേഖലയൊരുക്കുന്നു കയ്റോ. ഇന്ത്യൻ കമ്പനികൾക്കായി ഇൻവെസ്റ്റ്മെന്റ് സോൺ നിർദ്ദേശിച്ച് ഈജിപ്ത്.
സൂയസ്, ഗോൾഡൻ ട്രയാംഗിൾ മേഖലകളിലാണ് സ്ഥലം അനുവദിക്കുക.
ഉഭയകക്ഷി വ്യാപാര ലക്ഷ്യം 12 ബില്യൺ ഡോളറാണെന്ന് ഈജിപ്തിലെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
പുനരുപയോഗ ഊർജ്ജത്തിന് മുൻഗണന നൽകാനും ഏഷ്യയിലെ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയിൽ നിന്ന് കൂടുതൽ നിർമ്മാണ-സാങ്കേതിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി, ഇന്ത്യൻ കമ്പനികൾക്കായി പ്രത്യേക നിക്ഷേപ മേഖല ഒരുക്കാമെന്നാണ് ഈജിപ്ഷ്യൻ സർക്കാരിന്റെ വാഗ്ദാനം. ഇക്കഴിഞ്ഞ
ഞായറാഴ്ച കയ്റോയിൽ നടന്ന ഈജിപ്ഷ്യൻ-ഇന്ത്യൻ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ, സൂയസ് കനാൽ ഇക്കണോമിക് സോൺ, ഗോൾഡൻ ട്രയാംഗിൾ ഇക്കണോമിക് സോൺ തുടങ്ങിയ മേഖലകളിൽ ഇതിനായി ഭൂമി ലഭ്യമാക്കാൻ കഴിയുമെന്ന് ഈജിപ്തിന്റെ നിക്ഷേപ-വിദേശ വ്യാപാര മന്ത്രി മുഹമ്മദ് ഫരീദ് സാലെ പറഞ്ഞു.
ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയും നിർദ്ദിഷ്ട സ്ഥലങ്ങൾ പരിശോധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു.
“പുനരുപയോഗ ഊർജ്ജത്തിന് പുറമെ ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ്, ഫാർമസ്യൂട്ടിക്കൽസ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ ഇന്ത്യൻ വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ആകർഷിക്കാൻ ഈ സോൺ സഹായിക്കും. ഇത് സാങ്കേതികവിദ്യാ കൈമാറ്റത്തിനും പ്രാദേശിക വ്യവസായവൽക്കരണത്തിനും മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്നും ഫരീദ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കനുസരിച്ച്, മാർച്ച് 31-ന് അവസാനിച്ച 2025-26 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം മുൻവർഷത്തേക്കാൾ മൂന്നിലൊന്ന് വർദ്ധിച്ച് 6.5 ബില്യൺ ഡോളറിലെത്തിയിരുന്നു.
കയ്റോയിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, 700-ലധികം ഇന്ത്യൻ കമ്പനികൾ ഈജിപ്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 10 ശതമാനത്തോളം കമ്പനികൾ വിവിധ മേഖലകളിലായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ആകെ നിക്ഷേപം ഏകദേശം 5.5 ബില്യൺ ഡോളറാണ്. ഈ കമ്പനികൾ ഏകദേശം 40,000 ഈജിപ്ഷ്യൻ പൗരന്മാർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നുണ്ട്.
അടുത്ത 18 മാസത്തിനുള്ളിൽ 2 ബില്യൺ ഡോളറിലധികം ഇന്ത്യൻ നിക്ഷേപം ആകർഷിക്കാൻ കെയ്റോ ശ്രമിക്കുന്നതായി ഈജിപ്ഷ്യൻ-ഇന്ത്യൻ ബിസിനസ് കൗൺസിൽ തലവൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
“പ്രമുഖ ഇന്ത്യൻ കമ്പനികളിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്, ചില കമ്പനികൾ ഇതിനോടകം തന്നെ ഈജിപ്ഷ്യൻ വിപണിയിൽ പ്രാരംഭ സന്ദർശനങ്ങൾ നടത്തിക്കഴിഞ്ഞു,” ഖാലിദ് അബു എൽ-മകാരെം പറഞ്ഞു.
രാസവസ്തുക്കളും വളങ്ങളും, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), ടെക്സ്റ്റൈൽസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന മേഖലകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
