റിയാദ്: 2012-ൽ സൗദി അറേബ്യയിലെ അൽഹസ ഒദലിയയിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ അഴീക്കോട് സ്വദേശി നവീൻ കുന്നിരിക്കന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദ് വില്ല കോൺട്രാക്ടിംഗ് കമ്പനിക്കും ചെയർമാനുമെതിരെ കേരളത്തിലെ ഒരു യൂട്യൂബ് ചാനൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ റിയാദിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും അന്വേഷണ വിവരങ്ങളും മാധ്യമ പ്രവർത്തകർക്ക് നൽകി.
2012 നവംബർ 15നായിരുന്നു വാഹനാപകടത്തിൽ നവീൻ മരിച്ചത്. 2011 ഡിസംബർ 4ന് സൗദിയിലെത്തിയ നവീൻ കമ്പനിയുമായുള്ള ധാരണപ്രകാരം അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷമാണ് അപകടത്തിൽപ്പെട്ടത്. ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ അപകടത്തെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും കമ്പനി ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു. വാഹനത്തിന്റെ ഫുൾ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ലഭിച്ച ഒരു ലക്ഷം സൗദി റിയാലിന്റെ ചെക്ക് നിയമപരമായ തുടർനടപടികൾക്കായി ഇന്ത്യൻ എംബസിക്ക് കൈമാറിയതായും അധികൃതർ പറഞ്ഞു. ചെക്കിൽ പേരുമായി ബന്ധപ്പെട്ട സാങ്കേതിക പിശക് ഉണ്ടായതിനാൽ തുക കൈമാറുന്നതിൽ കാലതാമസമുണ്ടായി. പിന്നീട് പേര് തിരുത്തി ഇന്ത്യൻ അംബാസഡറുടെ പേരിൽ ചെക്ക് അനുവദിക്കുന്നതിനായി ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയതിന്റെ രേഖകളും വാർത്താസമ്മേളനത്തിൽ ഹാജരാക്കി.
നവീന്റെ അനന്തരാവകാശികളെ സംബന്ധിച്ചുണ്ടായ തർക്കങ്ങളും വിവിധ സർക്കാർ-നയതന്ത്ര സംവിധാനങ്ങൾ നടത്തിയ അന്വേഷണങ്ങളും ഇൻഷുറൻസ് തുക കൈമാറുന്നതിലെ കാലതാമസത്തിന് കാരണമായിട്ടുണ്ടാകാമെന്നും കമ്പനി വിശദീകരിച്ചു. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ എംബസിയും നോർക്കയും ഇടപെടലുകൾ നടത്തിയിരുന്നുവെന്നും കമ്പനി അറിയിച്ചു.
അതേസമയം, 13 വർഷത്തിന് ശേഷം കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് സംസാരിച്ചവർ പറഞ്ഞു.സ്വർണക്കടത്ത്, അവയവക്കടത്ത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കമ്പനി ആരോപിച്ചു.
നാനൂറിലധികം സ്ഥിരം തൊഴിലാളികളും ആയിരത്തിലധികം കരാർ ജീവനക്കാരുമുള്ള സ്ഥാപനത്തെയും അതിന്റെ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും റിയാദ് വില്ല കോൺട്രാക്ടിംഗ് കമ്പനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ഹുസൈൻ എം. അലത്താസ്, നിയമവിഭാഗം ഡയറക്ടർ സഈദ് അൽ ഖഹ്താനി,എച്ച്.ആർ മാനേജർ മുതവ്വിഫ് അൽഅതാവി,പ്രോജക്ട് മാനേജർമാരായ അഡ്വ. എൽ.കെ. അജിത്,സുജിത് കുമാർ, പി.ആർ പ്രതിനിധി നാസർ വലിയകത്ത് എന്നിവർ പങ്കെടുത്തു.
