കരുതലിന്റെ കരങ്ങളുമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി,ചാരിറ്റി ആൻഡ് വെൽഫെയർ വിങ് നിലവിൽ വന്നു
റിയാദ്: പ്രവാസജീവിതത്തിലെ പ്രയാസങ്ങളിൽ ആശ്വാസമായും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായും പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ആൻഡ് വെൽഫെയർ വിങ് രൂപീകരിച്ചു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ആശുപത്രി അടിയന്തര സഹായം, ചികിത്സയുമായി ബന്ധപ്പെട്ട പിന്തുണ, യാത്രാ–ഗതാഗത സഹായം എന്നിവയ്ക്കൊപ്പം പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ആവശ്യമായ മാർഗനിർദേശവും സഹായവും ലഭ്യമാക്കുകയാണ് വിങ്ങിന്റെ ലക്ഷ്യം. രോഗവും തൊഴിൽപ്രതിസന്ധിയും മൂലം ബുദ്ധിമുട്ടുന്നവർക്കും അടിയന്തര സാഹചര്യങ്ങളിൽ ആശ്രയമില്ലാതെ കഴിയുന്നവർക്കും തുണയാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
സഹായം ആവശ്യമുള്ളവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അർഹരായവരിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നതിനാണ് മുൻഗണന നൽകുക. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ച് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാനും പ്രവർത്തിക്കും. സഹായം തേടിയെത്തുന്നവരുടെ അന്തസ്സും സ്വകാര്യതയും മാനിച്ച്, അവരുടെ പ്രയാസങ്ങൾക്കൊപ്പം നിൽക്കുന്ന സമീപനമായിരിക്കണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭാരവാഹികളായി ഷിഹാബ് കൊട്ടുകാട് (ചെയർമാൻ),മുഹ്യിദ്ധീൻ ഹാജിമാള (വൈസ് ചെയർമാൻ), സൈഫ് കായംകുളം (ജനറൽ കൺവീനർ), സുരേഷ് ശങ്കർ (ട്രഷറർ), ഷംനാദ് കരുനാഗപ്പള്ളി (ചീഫ് കോർഡിനേറ്റർ), അബ്ദുൽ ഖാദർ മോച്ചേരി , അൻസാർ നെയ്തല്ലൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ജോസഫ് പുത്തൻതറ , മൃദുല വിനേഷ് എന്നിവരെ ഹോസ്പിറ്റൽ എമർജൻസി കോർഡിനേറ്റർമാരായും അഖിനാസ് കരുനാഗപ്പള്ളിയെ ട്രാൻസ്പോർട്ടേഷൻ കോർഡിനേറ്ററായും ഷിബു ഉസ്മാനെ മീഡിയ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി കൺവീനർമാരായി ജിബിൻ സമദ് കൊച്ചി, സൈനുദ്ദീൻ പാലക്കാട്, നിഷാദ് കാലിക്കറ്റ്, ഷാജഹാൻ പാണ്ട, നേവൽ ഗുരുവായൂർ എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലകളിൽ നിന്നുള്ള ഓരോ പ്രതിനിധികളും സെൻട്രൽ കമ്മിറ്റി പ്രതിനിധികളും അടങ്ങുന്നതാണ് പുതിയ ജീവകാരുണ്യ വിഭാഗം.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
