ജിദ്ദ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ അധ്യായങ്ങൾ എഴുതിച്ചേർത്ത മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ചരിത്രസ്മരണകളും പങ്കുവെച്ച് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമ്മയിലെ ഇന്ദിര’ എന്ന പ്രത്യേക സംവാദ പരിപാടി ശ്രദ്ധേയമായി.
ഇന്ദിരാഗാന്ധിയുടെ വ്യക്തിജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, രാഷ്ട്രീയ രംഗത്തെ നിർണായക ഇടപെടലുകൾ, രാജ്യത്തിന്റെ ചരിത്രത്തിൽ അവർ അടയാളപ്പെടുത്തിയ സംഭവങ്ങൾ, വെല്ലുവിളികൾ നിറഞ്ഞ രാഷ്ട്രീയ യാത്ര എന്നിവ സംവാദത്തിൽ വിഷയമായി. ഒരു ചരിത്രവ്യക്തിത്വത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനപ്പുറം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന വേദിയായും പരിപാടി മാറി.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി നാണി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സംവാദത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗ് ട്രഷറർ ഷഫീദ്ദ ടീച്ചർ, ജിദ്ദ കലാരത്ന ചെയർപേഴ്സൺ ശ്രീത അനിൽകുമാർ, കെ.എം.സി.സി വനിതാ വിംഗ് സെക്രട്ടറി സുഹൈല ജനീഷ് എന്നിവർ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും രാഷ്ട്രീയ ജീവിതത്തിലെ നിർണായക സംഭവങ്ങളും വിവിധ കാഴ്ചപ്പാടുകളിലൂടെ അവർ പങ്കുവെച്ചു. IISJ വിദ്യാർത്ഥിനി ആയിഷ സിയ അവതാരകയായും നാസർ സൈൻ തൃശൂർ മോഡറേറ്ററായും സംവാദത്തിന് നേതൃത്വം നൽകി.
ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാസിമുദ്ദീൻ തിരുവനന്തപുരം, റീജിയണൽ സെക്രട്ടറി പ്രിൻസാദ് കോഴിക്കോട്, ഒ.ഐ.സി.സി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ശരഫുദ്ദീൻ തിരുമ്മിറ്റക്കോട്, ഷാജി ചെമ്മല, നസീർ ചെമ്മന്നൂർ, മുജീബ് മൂത്തേടം എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പൊതുചർച്ചയിൽ കമാൽ കളപ്പാടൻ, ഷംസുദ്ധീൻ മേലാറ്റൂർ, ഫസലുള്ള വെള്ളുവമ്പലി, ഇബ്നു ശരീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ വിവിധ ചരിത്ര മുഹൂർത്തങ്ങളും രാഷ്ട്രീയ അനുഭവങ്ങളും ചർച്ചയ്ക്ക് പുതിയ തലങ്ങൾ നൽകി.
പ്രവാസ മണ്ണിൽ ചരിത്രസ്മരണകൾക്കും ആശയസംവാദങ്ങൾക്കും ഇടം നൽകിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധേയമായ സാംസ്കാരിക-സാമൂഹിക ഇടപെടലായി മാറി. ഇന്ദിരാഗാന്ധിയുടെ ഓർമ്മകളിലൂടെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളിലേക്ക് വീണ്ടും സഞ്ചരിക്കാനും വ്യത്യസ്ത തലമുറകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനും പരിപാടി അവസരമൊരുക്കി.
ഉസ്മാൻ കുണ്ടുകാവിൽ, റിയാസ് വി.പി, സിദ്ദിഖ് പുല്ലങ്കോട്, നവാബ് മേലാറ്റൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, ജുനൈദ് മഞ്ചേരി, സി.എം. മൂത്തേടം, സമീർ പാണ്ടിക്കാട്, നൗഷാദ് പെരുവള്ളൂർ, സാജു റിയാസ് തിരുവാലി, പറമ്പിൽ ബാബു, ഉസ്മാൻ മേലാറ്റൂർ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.
യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു
