റിയാദ്:നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വർധിപ്പിച്ച പ്രീമിയം തുക പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളപിറവിദിനത്തിൽ രൂപം കൊണ്ട
“എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ” (EPPA) നിവേദനം നൽകി.സംഘടനയുടെ രൂപീകരണത്തിന് പിന്നാലെയുള്ള ആദ്യ പ്രധാന ഇടപെടലായി നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വർധിപ്പിച്ച പ്രീമിയം തുക പുനഃപരിശോധിച്ച് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് നിവേദനം ഇമെയിൽ വഴി നൽകിയത്.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വർധിച്ച ഇൻഷുറൻസ് പ്രീമിയം അധിക സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിൽ, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ക്ഷേമവും പരിഗണിച്ച് പ്രീമിയം തുക താങ്ങാനാകുന്ന രീതിയിൽ കുറയ്ക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ അവ എത്തിക്കുകയും പരിഹാരത്തിനായി ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്നതാണ് “എപ്പ” യുടെ പ്രവർത്തനലക്ഷ്യം. പ്രവാസികളുടെ ക്ഷേമം, സുരക്ഷ, അവകാശങ്ങൾ എന്നിവയ്ക്കായി ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും സംഘടന ലക്ഷ്യമിടുന്നു.
ഒരു സംഘടന എന്നത് പേരിലും രൂപീകരണത്തിലും മാത്രം ഒതുങ്ങേണ്ടതല്ല; അത് പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ ആവശ്യങ്ങളിൽ സമയോചിതമായി ഇടപെടുകയും അവരുടെ ശബ്ദമായി മാറുകയും വേണം എന്ന സന്ദേശമാണ് EPPAയുടെ ആദ്യ ചുവടുവെപ്പ് മുന്നോട്ടുവയ്ക്കുന്നത്.
