റിപ്പോർട് : എം സിറാജ്
ജിദ്ദ: ജിദ്ദ തമിഴ് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച രണ്ടാമത് ജെ ടി സി സി വോളിബോൾ പ്രീമിയർ ലീഗ് – 2026 ഒക്ടോബർ 30ന് ജിദ്ദയിലെ എത്തിസലാത്ത് ക്ലബ്ബിൽ ആവേശകരമായി നടന്നു. കായികമികവും സൗഹൃദവും കൂട്ടായ്മയും സംഗമിച്ച ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു.
ജിദ്ദ ഇന്ത്യൻ കമലേഷ് കുമാർ മീന ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ ഷെരീഫ് പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് ജമീലുദ്ദീൻ ഷാൾ അണിയിച്ച് ആദരിച്ചു. തുടർന്ന് റിബൺ മുറിക്കലും പ്രതീകാത്മക ആദ്യ സർവീസും നടന്ന് മത്സരങ്ങൾക്ക് തുടക്കമായി.
വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതാക്കൾ, പ്രാദേശിക സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കായിക പ്രേമികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.നസീർ വാവ കുഞ്ഞ്(കെ എം സി സി ),കീലായ് ഇർഫാൻ(ഐ ഡബ്ലിയു എഫ് ), ആദം അബുൽ ഹസൻ(ജെ ടി എം ),ഹാജാ മൈദീൻ(എൻ ആർ ടി ഐ എ ), നൂർ അമീൻ(മെപ്കോ) ,മുഹമ്മദ് ഷരീഫ്(എസ എൻ എം ),ബാസൽ മുഹമ്മദ്(ഐ സി എം ), പ്രശസ്ത തമിഴ് യൂട്യൂബർ ഹബീബ് റഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജിദ്ദ സ്ട്രൈക്കേഴ്സ്, കേരള ബ്ലാസ്റ്റേഴ്സ്, കാരൈ റോക്കേഴ്സ്, റൈസിങ് ബ്ലൂ സ്റ്റാർ, ഡെൽറ്റ കിംഗ്സ്, കെ ഐ വി സി സ്പൈക്കേഴ്സ്, അദിരൈ ജിദ്ദ ഫ്രണ്ട്സ്, അൽഫനേയ ഫാൽക്കൺസ്, കെ ഐ വി സി ബ്ലോക്കേഴ്സ്, തമിഴ് റോയൽ റൈഡേഴ്സ്, തമിഴ് വീരാസ്, എം ഐ വി എഫ് എന്നീ 12 ടീമുകൾ ആവേശകരമായ മത്സരങ്ങളിൽ മാറ്റുരച്ചു. മികച്ച സ്മാഷുകളും കൃത്യമായ സർവീസുകളും ആവേശകരമായ റാലികളും ടീമുകളുടെ ഒത്തൊരുമയും കാണികൾക്ക് മികച്ച കായികവിരുന്നായി.
കടുത്ത മത്സരങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യൻപട്ടം കരസ്ഥമാക്കി. തമിഴ് റോയൽ റൈഡേഴ്സ് രണ്ടാം സ്ഥാനവും അൽഫനേയ ഫാൽക്കൺസ് മൂന്നാം സ്ഥാനവും ഡെൽറ്റ കിംഗ്സ് നാലാം സ്ഥാനവും നേടി. എല്ലാ ടീമുകളുടെയും കായിക മികവിനെയും അർപ്പണബോധത്തെയും സ്പോർട്സ്മാൻ സ്പിരിറ്റിനെയും സംഘാടകർ അഭിനന്ദിച്ചു.
ജെ ടി സി സി യൂത്ത് വെൽഫെയർ ആൻഡ് സ്പോർട്സ് സെക്രട്ടറി സിദ്ദീഖ് അഹമ്മദ് ലബ്ബായി, കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി മുഹമ്മദ് അബ്ബാസ്, ജോയിന്റ് സെക്രട്ടറി അഹമ്മദ് ഇബ്രാഹിം എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ഓണററി അഡ്വൈസർ റഫീഖ് ഹുസൈൻ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകി. സംഘാടകരുടെയും വളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമം പരിപാടിയുടെ വിജയത്തിൽ നിർണായകമായി.
കായിക മത്സരത്തിനപ്പുറം ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ഐക്യവും വളർത്തുന്ന വേദിയായി ടൂർണമെന്റ് മാറി. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും യുവജന പങ്കാളിത്തം വർധിപ്പിക്കാനും വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള ജെ ടി സി സി യുടെ പ്രതിബദ്ധതയുടെ തെളിവായി രണ്ടാം പതിപ്പിന്റെ വിജയം മാറി.
