റിയാദ്: പ്രവാസികൾക്ക് കൂടുതൽ പ്രായപരിധി ഉൾപ്പെടുത്തി നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ 80 വയസ്സ് വരെ വ്യാപിപ്പിച്ച സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെങ്കിലും, അതിനോടൊപ്പം നടപ്പിലാക്കിയിരിക്കുന്ന പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്.
പ്രത്യേകിച്ച് മധ്യവരുമാനക്കാരും കുറഞ്ഞ വരുമാനമുള്ള പ്രവാസികളും കുടുംബാംഗങ്ങൾക്കായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ആശ്രയിക്കുന്ന പദ്ധതിയിൽ പ്രീമിയം വർധിപ്പിക്കുന്നത് നിരവധി പേരെ പദ്ധതിയിൽ നിന്ന് അകറ്റിനിർത്താൻ സാധ്യതയുണ്ട്.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതികൾ കൂടുതൽ ജനകീയവും എല്ലാവർക്കും പ്രാപ്യമാവുന്നതുമാകേണ്ടതാണ്. അതിനാൽ, പ്രായപരിധി വർധിപ്പിച്ചതിന്റെ മറവിൽ പ്രീമിയം തുക ഗണ്യമായി വർധിപ്പിക്കുന്ന തീരുമാനം പുനഃപരിശോധിക്കുകയും പ്രീമിയം വർധന പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും പത്തനംതിട്ട പ്രവാസി അസോസിയേഷൻ മിത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക വികസനത്തിനും വൻ സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തിന്റെ യഥാർത്ഥ സാഹചര്യം സർക്കാർ പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു. കൂടുതൽ പ്രവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന തരത്തിൽ പ്രായോഗികവും ജനപക്ഷവുമായ തീരുമാനം കൈക്കൊള്ളണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു.
