റിയാദ്: റിയാദിലെ സാമൂഹിക-പ്രസ്ഥാനിക രംഗങ്ങളിൽ സജീവമായിപ്രവർത്തിച്ചിരുന്നവരിൽ, ഗുരുതര രോഗങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടിൽ ദുരിതമനുഭവിക്കുന്ന മുൻകാല പ്രവാസികൾക്കും,മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കും കൈത്താങ്ങായി റിയാദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടഷന്റെ (ഐ.സി.എഫ് )‘സ്നേഹസ്പർശം’ മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി.
2026 സെപ്റ്റംബർ മുതൽ 2027 ഓഗസ്റ്റ് വരെയുള്ള ഒരു വർഷക്കാലയളവിലാണ് പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത്.
നിത്യരോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും ദൈനംദിന മരുന്നുകൾ വാങ്ങാൻ പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ തെരഞ്ഞെടുത്ത മുൻകാല പ്രവാസികൾക്ക്
പദ്ധതിയിലൂടെ കൃത്യമായ പ്രതിമാസ ധനസഹായം നേരിട്ട് ലഭ്യമാക്കും. കൂടാതെ,മരണപ്പെട്ട ആറ് മുൻ പ്രസികളുടെ കുടുംബങ്ങൾക്കും പദ്ധതിയുടെ ഭാഗമായി പൂർണ്ണ പിന്തുണ നൽകും.
പദ്ധതിയുടെ നടത്തിപ്പിനായി പ്രതിമാസം ആവശ്യമായി വരുന്ന ഏകദേശം ഒരു ലക്ഷം രൂപയുടെ ധനസഹായം അൽ ഖുദ്സ് ഉംറ സർവീസ് വഴിയാണ് കണ്ടെത്തുന്നത്. പ്രവാസ ലോകത്ത് നിരവധി നിർധനർക്ക് ആശ്വാസവും അഭയവുമായി മാറിയ അൽ ഖുദ്സ് ഉംറ സർവീസിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും അശരണരായ കുടുംബങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെക്കുകയാണ്.
പ്രവാസ ഭൂമിയിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻകാല പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുന്ന ഈ മാതൃകാപരമായ പദ്ധതി, സംഘടനയുടെ കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
