റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദിൽ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ‘ജീവൻ്റെ സമ്മാനം പങ്കുവെക്കൂ’എന്ന പ്രമേയത്തിൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് റിയാദ് റീജിയൻ്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നത്. സെപ്റ്റംബർ 25 വെള്ളിയാഴ്ച റിയാദ് ബത്ഹ ഗുരാബി പാർക്കിൻ്റെ പരിസരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി 7:30-നാണ് സമാപിച്ചത്.
മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് പ്രവാസികൾ ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു. തൊഴിലെടുക്കുന്ന നാടിനോടുള്ള നന്ദിയും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയും സന്നദ്ധ രക്തദാനത്തിൻ്റെ മാഹാത്മ്യം പ്രവാസി സമൂഹത്തിനിടയിൽ സജീവമാക്കുന്നതിനുമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ ഇരുപത് റീജിയനുകളിൽ ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
റിയാദ് മേഖലാ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഇബ്രാഹിം സുബഇ ക്യാമ്പ് സന്ദർശിച്ച് അത്യാവശ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഐ.സി.എഫ് നടത്തുന്ന ഇത്തരം മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. മൊബൈൽ ബ്ലഡ് ബാങ്ക് കളക്ഷൻ യൂണിറ്റിന് പുറമെ റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിലെത്തിയും നിരവധി ഐ.സി.എഫ് പ്രവർത്തകർ രക്തദാനം നിർവ്വഹിച്ചു.
റിയാദിൽ നടന്ന രക്തദാന ക്യാമ്പിന് ഐ.സി.എഫ് നാഷണൽ നേതാക്കളായ ലുഖ്മാൻ പാഴൂർ, ഹുസൈനലി കടലുണ്ടി, അഷ്റഫലി എം കെ, ഉമർ പന്നിയൂർ, റീജിയൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി മജീദ് താനാളൂർ, വെൽഫെയർ സെക്രട്ടറി ജബ്ബാർ കുനിയിൽ, ഇ.ആർ.ടി കോഓർഡിനേറ്റർ റസാക്ക് വയൽക്കര, മൻസൂർ പാലത്ത്, ജാബിർ അലി പത്തനാപുരം, ലത്തീഫ് മാനിപുരം, ജമാൽ ചേകന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
