മക്ക : ഉംറ നിർവ്വഹിക്കുന്നതിനായി ഹ്രസ്വ സന്ദർശനാർത്ഥം മക്കയിൽ എത്തിച്ചേർന്ന കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധീഖിന് മക്കാ ഓ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണവും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ മക്കാ ഓ.ഐ.സി.സി ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ 2026 വർഷത്തെ വിദ്യാർത്ഥികൾക്കുള്ള “ഉമ്മൻചാണ്ടി എക്സലൻസ്” അവാർഡ് വിതരണ ചടങ്ങും സംഘടിപ്പിച്ചു.
മക്കാ അസീസിയയിലുള്ള പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു.സീനിയർ കോൺഗ്രസ് നേതാവ് സെയ്ദ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു.ഹബീബ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ മക്കാ ഓ.ഐ.സി.സിയുടെ മറ്റ് ഭാരവാഹികളും ചേർന്ന് വിശിഷ്ഠാഥിതിയും കൃഷി വകുപ്പ് മന്ത്രിയുമായ അഡ്വ.ടി.സിദ്ധീഖിന് മക്കാ കമ്മറ്റിയുടെ ഉപഹാരമായി മൊമെന്റോ നൽകി ആദരിച്ചു. 2026 വർഷത്തിലെ മക്കയിൽ നിന്നും ജിദ്ദ ഇന്ത്യൻ സ്കൂളിൽ പഠിച്ച് പത്താം ക്ലാസിലും, പ്ലസ്ടുവിലും ഉന്നത വിജയം കരസ്ഥമാക്കി തുടർ പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ നാമധേയത്തിൽ വർഷം തോറും മക്കാ ഓ.ഐ.സി.സി നൽകി വരുന്ന എക്സലൻസ് അവാർഡ് വഴി ഉമ്മൻ ചാണ്ടി സാർ സമൂഹത്തിന് നൽകിയ സ്നേഹവും കരുണയും കരുതലും പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുവാനും അദ്ദേഹത്തിന്റെ ജീവിത സന്ദേശം വരും തലമുറയ്ക്ക് മാർഗ്ഗ ദർശനം നൽകുന്നതിന് പ്രചോദനമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മക്കയിലെ പ്രവാസി സമൂഹത്തിനിടയിൽ കാര്യക്ഷമമായ മികച്ച ഇടപെടലുകൾ നടത്തി വരുന്ന മക്കാ ഓ.ഐ.സി.സിയുടെ സന്നദ്ധ,സേവന പ്രവർത്തനങ്ങൾ ഏറെ മികച്ചതും അഭിനന്ദനാർഹവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.എം.സി.സി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ,കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മക്കാ നഴ്സസ് ഫോറം പ്രതിനിധി മുസ്തഫാ മലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓ.ഐ.സി.സി നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, ഷാജി ചുനക്കര, മുഹമ്മദ് ഷാ പോരുവഴി, അബ്ദുൽ മനാഫ് വയ്യാനം,നൗഷാദ് തൊടുപുഴ, ഫൈസൽ അഹമ്മദ് മദീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളായ മുഹമ്മദ് മിറാഷ്, ഇയാസുദ്ദീൻ, അംറീൻ നൗഷാദ്, വർദ്ദ, കെൻസ ഫാത്തിമ, റിഷ്ന, അനീർ നിസാം, എന്നിവർ കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.
പരിപാടികൾക്ക് മക്കാ ഓ.ഐ.സി.സി നേതാക്കളായ മുബഷിർ അരീക്കോട്, നൗഷാദ് എടക്കര, ഷംസുദ്ദീൻ വടക്കഞ്ചേരി , അബു അയ്മനംകുടി, ഫൈസൽ മാറമ്പിള്ളി, സിറാജ് , അബ്ദുൽ റഷീദ്, ബദരിയ നൗഷാദ്, ജുമൈല ഹുസൈൻ, സീനത്ത് ഹബീബ്, ഷംല ഷംനാസ്, ഷീബാ സെയ്ദ് തുടങ്ങിയവർ നേതൃത്വം നൽകി. ഷംനാസ് മീരാൻ മൈലൂർ നന്ദിയും പറഞ്ഞു.
![]()
