അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷമായ ‘പൊന്നോണം 2026’ വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഓണസദ്യയും 2026–27 വർഷത്തെ സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഏകദേശം 4000-ഓളം പേർ പങ്കെടുത്ത ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്. ഓണത്തിന്റെ തനിമയും കേരളീയ പാരമ്പര്യവും വിളിച്ചോതുന്ന രീതിയിൽ ഒരുക്കിയ സദ്യയിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട പ്രവാസി മലയാളികൾ പങ്കെടുത്തു. സദ്യയുടെ ഒരുക്കങ്ങൾക്കും വിളമ്പലിനുമായി 200-ലധികം വളണ്ടിയർമാർ, വനിതകൾ ഉൾപ്പെടെ, സജീവമായി രംഗത്തുണ്ടായിരുന്നു. കൂട്ടായ്മയുടെയും സഹകരണത്തിന്റെയും മികച്ച മാതൃകയായി വളണ്ടിയർമാരുടെ പ്രവർത്തനം ശ്രദ്ധേയമായി.
കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ 2026–27 വർഷത്തെ അബുദാബി മലയാളി സമാജത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വിദേശത്ത് ഇത്രയധികം മലയാളികൾ ഒരുമിച്ച് പങ്കെടുക്കുന്ന ഓണാഘോഷത്തിലും ഓണസദ്യയിലും താൻ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ വഹിക്കുന്ന നിർണായക പങ്കും മന്ത്രി ചൂണ്ടിക്കാട്ടി.



സമാജം പേട്രനും ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിങ് ഡയറക്ടറുമായ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി. റഫീഖ് സ്വാഗതവും ട്രഷറർ അനീഷ് മോൻ നന്ദിയും പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപാ എന്നിവർ ഉൽഘടനചടങ്ങിനു നേതൃത്വം നൽകി
അബുദാബിയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്,ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ്, സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ്,വൈസ് പ്രസിഡന്റ് ഷിബൻ, ജാനറൽ സെക്രട്ടറി ലിംസൺ,കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു
കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യങ്ങൾ കോർത്തിണക്കിയ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. കുട്ടികളും യുവാക്കളും വനിതകളും ഉൾപ്പെടെ നിരവധി പേർ കലാപരിപാടികളിൽ പങ്കെടുത്തു. സമാജം ആർട്സ് സെക്രട്ടറി സലിം നൗഷാദ് കലാപരിപാടികൾക്കു പരിപാടികൾക്ക് നേതൃത്വം നൽകി.
സമാജം കമ്മിറ്റി അംഗങ്ങളായ ഇസാഹക്കു ഹാറൂൻ,സിറാജുദ്ദീൻ,ഷിബു. കെ. സി. അനീഷ് ഭാസി, അഭിലാഷ്, അമീർ കല്ലമ്പലം, ബിബിൻ ചന്ദ്രൻ എന്നിവരും ആഘോഷ പരിപാടികളുടെ ഏകോപനത്തിൽ സജീവമായി പ്രവർത്തിച്ചു.
അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിപുലമായ കൂട്ടായ്മയ്ക്കും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള പ്രവാസികളുടെ ആത്മബന്ധത്തിനും അടയാളമായി ‘പൊന്നോണം 2026’ മാറി. ഓണസദ്യ ഒരുക്കുന്നതു മുതൽ വിളമ്പുന്നതുവരെ നൂറുകണക്കിന് വളണ്ടിയർമാരുടെ കൂട്ടായ പ്രവർത്തനവും ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ആഘോഷത്തെ ശ്രദ്ധേയമാക്കി.
കേരളത്തിന്റെ ഓർമ്മകളും നാട്ടിന്റെ രുചിയും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ച് പ്രവാസലോകത്ത് ഓണത്തിന്റെ സന്ദേശം പകർന്നാണ് അബുദാബി മലയാളി സമാജത്തിന്റെ ‘പൊന്നോണം 2026’ സമാപിച്ചത്
![]()
