റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) വിപുലമായ പരിപാടികളോടെ ഓണാഘോഷം -ഓണം പോന്നോണം എന്ന പേരിൽ റിയാദിലെ അൽമാസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. രാവിലെ കുട്ടികൾക്കായുള്ള കളറിങ് മത്സരത്തോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കായുള്ള വിവിധ കലാ-കായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. മുന്നൂറിലേറെ പേർ ആഘോഷത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി എസ്സാക്കി, ആർട്ട് ആൻഡ് കൾച്ചറൽ കൺവീനർ അരുൾ നടരാജൻ, ട്രഷറർ മഹേഷ് മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മുൻ സെക്രട്ടറി ടി.എൻ.ആർ. നായരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റിയാദ് തമിഴ് സംഘം പ്രസിഡന്റ് അഹമ്മദ് ഇംതിയാസ്, ഒ.ഐ.സി.സി ഭാരവാഹി സലിം കളക്കര, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ, വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹി നൗഷാദ് ആലുവ, ഷിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി, നവോദയ പ്രതിനിധി സുധീർ കുമ്മിൾ , റിയ സെക്രട്ടറി എസ്സാക്കി, ട്രഷറർ മഹേഷ് മുരളീധരൻ, എക്സിക്യൂട്ടീവ് അംഗം ജോൺ ക്ലീറ്റസ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 25-ന് വെള്ളിയാഴ്ച പ്രിൻസ് സുൽത്താൻ മിലിറ്ററി ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനെക്കുറിച്ച് ഹ്യൂമാനിറ്റേറിയൻ കൺവീനർ ഷാജി കലമർ കണ്ടിയിൽ വിശദീകരിച്ചു. ക്യാമ്പിന്റെ പോസ്റ്റർ പ്രിൻസ് സുൽത്താൻ മിലിറ്ററി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. മജീദ് പ്രകാശനം ചെയ്തു.
മലേഷ്യയിലെ പിനാങ്ങിൽ നടന്ന സിലമ്പം(മാർഷ്യൽ ആർട്ട്) ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ റിയ അംഗങ്ങളുടെ മക്കളായ ആരാധന ശ്രീ വി, അദ്വിക് വൈഭവം വി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിയയും മെഡിക്കൽ വേൾഡ് പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച വാസ്കുലാർ സ്ക്രീനിങ് ക്യാമ്പ് വിജയകരമായി നടത്തിയതിന് മെഡിക്കൽ വേൾഡ് പോളിക്ലിനിക്കിനെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് ഇബ്രാഹിം അബ്ദുൽ മജീദും ഡോ. സന്തോഷും ചേർന്ന് മൊമന്റോ ഏറ്റുവാങ്ങി.


റിയയും അൽ അസാഫ് ഫുട്ബോൾ അക്കാദമിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും നടന്നു. അക്കാദമിയുടെ പ്രധാന ഭാരവാഹിയും പരിശീലകനും ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയുമായ ഷഫീഖ് ഇസ്മായിലും റിയ ഭാരവാഹികളും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
കമ്മിറ്റി അംഗങ്ങളായ മുത്തുകണ്ണൻ, ഡോ. പൊന്മുരുകൻ, സന്ദീപ്, വിവേക് രാജ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ അരുൺ കുമാരൻ, ക്ലീറ്റസ്, ഉമ്മർകുട്ടി, ഡെന്നി ഇമ്മട്ടി, മാധവൻ, ബിനു ധർമരാജൻ, അബ്ദുൽ സലാം എന്നിവരും പീറ്റർ രാജ്, മഗേഷ് പി, മണികണ്ഠൻ എൻ, രതീഷ് അമ്പാഴത്തിൽ, നിഖിൽ മോഹൻ, രാഹുൽ, കിഷോർ കുമാർ, കാർത്തികേയൻ, ശരത് കുമാർ, കമലകണ്ണൻ, രഞ്ജിത്ത്, മണികണ്ഠൻ ആർ, രാജേന്ദ്രൻ എന്നിവരും പരിപാടികൾക്ക് എല്ലാ വിധ പിന്തുണയും നൽകി.
ആർട്ട് ആൻഡ് കൾച്ചറൽ കൺവീനർ അരുൾ നടരാജൻ സ്വാഗതവും .ജോയിന്റ് സെക്രട്ടറി സൂരജ് വത്സല നന്ദിയും പറഞ്ഞു.
![]()
