റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐ ടി സാങ്കേതിക സംഗമം ‘ടെക്ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു. റേഡിസൺ എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു . ചടങ്ങിൽ അമീർ ഖാൻ സ്വാഗതം പറയുകയും പരിപാടിയുടെ രൂപരേഖ വിശദീകരിക്കുകയും ചെയ്തു. കെ.ഇ.എഫ്.ആറിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അബ്ദുൽ നിസാർ സംസാരിച്ചു. ഐ ടി വിങ് പ്രതിനിധി മുഹമ്മദ് ഷഹീർ പരിപാടിയുടെ അവലോകനം അവതരിപ്പിച്ചു.
അബുദാബി കൊമേഷ്യൽ ബാങ്കിലെ സീനിയർ സൊല്യൂഷൻ ആർക്കിടെക്റ്റ് ഗോകുൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്നുള്ള സെഷനുകളിൽ മാഗ്ന എഐയിലെ റാപ്പിഡ് ഇന്നൊവേഷൻ മാനേജർ മുഹമ്മദ് തയ്യാർ, അൽ റൗവാദ് ഇന്റർനാഷണൽ സ്കൂളിലെ ക്രോസ്-കരിക്കുലർ പ്രോഗ്രാം കോച്ച് ഡോ. മുഹമ്മദ് അബ്ദുൽ മതീൻ, റെഡ് സീ ഗ്ലോബലിലെ ഫിനാൻസ് ലീഡ് മുഹമ്മദ് ഷാഹിദ്, പ്രോജക്ട് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം അസോസിയേറ്റ് ഡയറക്ടർ പാന്റലിമോൻ ഒയ്കൊണോമോ (ഡി ജി ഡി എ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. എ ഐ സാങ്കേതിക വിദ്യയുടെ ആവശ്യകതയും സമകാലീന സാഹചര്യത്തിൽ എ ഐ അറിവുകൾ നേടിയെടുക്കണമെന്ന് മുഹമ്മദ് ത്വയ്യാർ ഉദ്ഭോദിപ്പിച്ചു.
എഞ്ചിനീയറിംഗ് മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സ്വാധീനം, ഇതിലൂടെ ഉയർന്നുവരുന്ന അവസരങ്ങളും വെല്ലുവിളികളും, ഭാവിയിലെ മാറ്റങ്ങളെ നേരിടാൻ എഞ്ചിനീയർമാർ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിഷയങ്ങൾ ടെക്ബ്രിഡ്ജ് 2026-ന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ വിശദമായി ചർച്ച ചെയ്തു.
ഇ എൽ എം എ ഐ സീനിയർ മാനേജർ താരിഖ് ഖാലിദ്, എൻ ടി ടി ഡേറ്റ ഹെഡ് ഓഫ് എ ഐ കൺസൾട്ടിംഗ് മനോജ് ഉണ്ണികൃഷ്ണൻ, സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്ക് അഡ്വൈസർ സജീവ് മേനോൻ, ടെക് പ്രോക്സിമ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ് സലീം, അന്താരാഷ്ട്ര പ്രഭാഷക ഷൈല കോയ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. കെ ഇ എഫ് ഐ ടി വിങ്ങ് അംഗം സുബിൻ വിജയൻ പാനൽ ചർച്ച മോഡറേറ്റ് ചെയ്തു.
എ ഐ യുടെ അതിവേഗ വളർച്ച എഞ്ചിനീയറിംഗ് മേഖലയിലും തൊഴിൽരംഗത്തും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഈ മാറ്റങ്ങൾക്കനുസരിച്ച് എഞ്ചിനീയർമാർ സ്വയം നവീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാനലിസ്റ്റുകൾ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ അറിവും പ്രൊഫഷണൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ നേടിയ കെ ഇ എഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സാങ്കേതിക മേഖലയിലെ തുടർച്ചയായ പഠനത്തിനും നൈപുണ്യ വികസനത്തിനും അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അംഗീകാരം നൽകിയത്.
കൂടാതെ, കെ ഇ എഫ് അംഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ നൂതന ആശയങ്ങളിൽ നിന്ന് ടെക്ബ്രിഡ്ജ് 2026-ലേക്ക് അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ച റഫ്ഷാദിനെയും സിബിലിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നവീന ചിന്തകൾക്കും സാങ്കേതിക ആശയങ്ങൾക്കും വേദിയൊരുക്കുന്നതിനും അംഗങ്ങളുടെ ആശയങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കെ ഇ എഫ്-ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ അംഗീകാരം.
പരിപാടികൾക്ക് കെ ഇ എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. റമീസ് നൂർ മഹൽ നന്ദിയർപ്പിച്ചു സംസാരിച്ചു.
![]()
