റിയാദ്: 96-ആമത് ദേശീയ ദിനാഘോഷ വേളയിൽ “സൗദി മെയ്ഡ് ” എന്ന ആശയത്തിൽ തദ്ദേശീയമായി നിർമ്മിച്ചതും ഉൽപ്പാദിപ്പിച്ചതുമായ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റ് അവതരിപ്പിച്ച സൗദി ഷോപ്പിംഗ് ഫിയസ്റ്റയ്ക്ക് ഔദ്യോഗിക തുടക്കമായി. യാർമുഖിലെ അത്യാഫ് മാളിൽ നടന്ന ചടങ്ങിൽ സൗദി എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ സൗദി മേഡ് ആന്റ് പ്രൊമോഷൻ സെക്ടറിലെ ഉദ്യോഗസ്ഥർ സൗദി ഷോപ്പിംഗ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
പലവ്യഞ്ജനങ്ങൾ, ഫ്രെഷ് ഫുഡ്, മത്സ്യ-മാംസ വിഭവങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ അടക്കം വിവിധ കാറ്റഗറികളിലായി 3500-ലധികം തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനും എത്തിച്ചാണ് സൗദി ഷോപ്പിംഗ് ഫിയസ്റ്റയ്ക്ക് തുടക്കമായിരിക്കുന്നത്.
ആകർഷകമായ ഓഫറുകളും വ്യത്യസ്ത ക്യാംപെയിനുകളുമായാണ് സൗദി ഷോപ്പിംഗ് ഫിയസ്റ്റ ലുലു അവതരിപ്പിച്ചിരിക്കുന്നത്. 1096 സൗജന്യ ട്രോളി ഓഫറുകൾ, ഫിഷ് ഫിയസ്റ്റ, സ്പിൻ & വിൻ, മിഡ്നൈറ്റ് മെഗാ ഓഫർ, ദേശീയ ദിന പ്രത്യേക ഓഫറുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 70% വരെ വിലക്കുറവ്, ഡിജി ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, സൗദി ഫ്രൂട്ട് ഫിയസ്റ്റ, പ്രൊഡക്റ്റ് ഓഫ് ദി ഡേ, ബ്രാൻഡ് വീക്ക് എന്നിവ ഓഫർ ക്യാംപെയിനുകളിൽ ഉൾപ്പെടുന്നു.
സൂപ്പർമാർക്കറ്റിലെ “സൗദി മേഡ്” ലോഗോ പതിപ്പിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രത്യേക പ്രദർശനം, തത്സമയ സാംപ്ളിംഗ്, സൗദി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന മത്സ്യ-മാംസ വിഭാഗം, ബേക്കറി – റോസ്റ്ററി, ഹോട്ട് ഫുഡ് അടക്കം വിപുലമായ കാഴ്ചകളൊരുക്കിയാണ് ഷോപ്പിംഗ് ഫിയസ്റ്റ. ഹോട്ട് ഫുഡ്, ബേക്കറി വിഭാഗങ്ങളിൽ പരമ്പരാഗത സൗദി വിഭവങ്ങളും പലഹാരങ്ങളും അവതരിപ്പിച്ചു. ഇതിന് പുറമെ പ്രാദേശികമായി വിളവെടുത്ത സൗദി പഴങ്ങളും പച്ചക്കറികളും പ്രദർശനത്തിനും, വിൽപനയ്ക്കും, സാംപ്ളിംഗിനുമായി ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 2034 ഫുട്ബോൾ ലോകകപ്പിനായി കിഴക്കൻ പ്രവിശ്യയിൽ നിർമ്മാണത്തിലിരിക്കുന്ന അരാംകോ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത കേക്ക് മുറിച്ചത് ചടങ്ങിൽ ശ്രദ്ധേയമായി. തദ്ദേശീയ ചേരുവകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേക്ക്, സൗദി ഷോപ്പിംഗ് ഫിയസ്റ്റയുടെ ലക്ഷ്യങ്ങളെ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ചടങ്ങിൽ സംസാരിച്ച മുഖ്യാതിഥി സൗദി എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ ‘സൗദി മേഡ് ആന്റ് പ്രൊമോഷൻ സെക്ടർ’ ജനറൽ സൂപ്പർവൈസർ ഫൈസൽ അൽ-മുഗ്ലൗത്ത്, സൗദി മേഡ് സംരംഭത്തോടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ നിരന്തരമായ പ്രതിബദ്ധതയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സൗദി ഉൽപ്പന്നങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്കിടയിൽ അവയുടെ ഗുണനിലവാരവും വൈവിധ്യവും സംബന്ധിച്ച് അവബോധം വളർത്തുന്നതിനും റീട്ടെയിൽ മേഖല വഹിക്കുന്ന പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ലുലു സൗദി ഷോപ്പിംഗ് ഫിയസ്റ്റ പോലുള്ള ഇത്തരം ചുവടുവെയ്പുകൾ ദേശീയ ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര വിപണിയിൽ അവയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ലുലുവിൻ്റെ പ്രതിബദ്ധതയാണ് സൗദി ഷോപ്പിംഗ് ഫിയസ്റ്റയിലൂടെ പ്രതിഫലിക്കുന്നതെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. പ്രാദേശിക കർഷകർ, ഉൽപ്പാദകർ, നിർമ്മാതാക്കൾ എന്നിവരുമായുള്ള പങ്കാളിത്തത്തിൽ ലുലു അഭിമാനിക്കുന്നു. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചുനൽകുന്നതിനുമുള്ള വേദിയാണ് സൗദി ഷോപ്പിംഗ് ഫിയസ്റ്റ ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ലുലു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയും വികസനവും ശ്രദ്ധ നേടുന്ന ഈ ദേശീയ ദിനാഘോഷ വേളയിൽ, റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ദേശീയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക, അവയുടെ വൈവിധ്യവും ഗുണനിലവാരവും പ്രദർശിപ്പിക്കുക, സൗദി ഉൽപ്പന്നങ്ങളെ ഉപഭോക്താക്കളുടെ ഇടയിൽ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൗദി ഷോപ്പിംഗ് ഫിയസ്റ്റ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
