ഒമാൻ : 2018 ഏപ്രിൽ 23-ന് ഒമാനിലെ മസ്കറ്റിൽ നടന്ന ദാരുണമായ റോഡപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരനായ മൻജിത് സിംഗിന്റെ കുടുംബത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം മരണാനന്തര നഷ്ടപരിഹാരം ലഭിച്ചതായി പ്രവാസി ലീഗൽ സെൽ ഒമാൻ ഘടകം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
മൻജിത് സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മാതാവായ ഗുര്‍മീത് കൗർ വർഷങ്ങളോളം വിവിധ അധികാരികളെ സമീപിച്ചെങ്കിലും നഷ്ടപരിഹാരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരമോ സഹായമോ ലഭിച്ചിരുന്നില്ല. തുടർന്ന് അവർ പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ച് നിയമപരവും മാനുഷികവുമായ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡും പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാമിന്റെ നേതൃത്വത്തിലും ഗ്ലോബൽ PRO സുധീർ തിരുനിലത്തിന്റെ ഏകോപനത്തിലും ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സിയുടെയും മുഴുവൻ പി.എൽ.സി. ഒമാൻ ടീമിന്റെയും നിരന്തര ഇടപെടലുകളിലൂടെ ഇന്ത്യയിലെയും ഒമാനിലെയും ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടു കേസ് പിന്തുടർന്നു.
ഇതിന്റെ ഫലമായി ഇന്ത്യൻ എംബസി, മസ്കറ്റിൽ നിന്ന് കുടുംബത്തിന് ഔദ്യോഗിക ഇ-മെയിൽ ലഭിക്കുകയും, OMR 14,550 (ഏകദേശം ₹36,13,111.50) തുക 2026 ജൂലൈ 29-ന് എംബസിയുടെ അക്കൗണ്ടിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മസ്കറ്റ് വഴി കൈമാറിയതായി അറിയിക്കുകയും ചെയ്തു.
നിയമാവകാശ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ രേഖകളും പരിശോധിച്ച ശേഷം ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് നിയമപരമായ അവകാശികൾക്ക് ഈ തുക വിതരണം ചെയ്യുമെന്ന് എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
![]()
